ചോല - പുസ്തകം തുറക്കാതെ വായനപൂർത്തിയാക്കുമ്പോൾ സംഭവിക്കുന്നത്


ചോലയെക്കുറിച്ചുള്ള ഒന്നു രണ്ട് ചോദ്യങ്ങൾക്കും വായനകൾക്കും മറുപടി പറയണമെന്ന് തോന്നുന്നുണ്ട്. അബ്സൊല്യൂട്ട് ആയിട്ടുള്ള ഒരുതരം വായനകൾക്കും വഴങ്ങാത്ത സിനിമകളാണ് ഞാൻ തുടക്കം മുതൽ ചെയ്തുകൊണ്ടിരിക്കുന്നത്. ആ നിലയ്ക്ക് അവയ്ക്കെല്ലാമുള്ള വൈവിധ്യമുള്ള വായനാ സാധ്യതകൾ ചോലക്കുമുണ്ട്. പക്ഷേ രേഖീയമല്ലാത്ത ഒരു സിനിമയെ വായിക്കുമ്പോൾ കവിതയെ വായിക്കുമ്പോഴെന്നപോലെ വരികളെന്നല്ല, വാക്കുകളും കുത്തും കോമയും വരെ വിട്ടുപോകാതെ കാണേണ്ടതുണ്ട് എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിർഭാഗ്യവശാൽ പുറംചട്ടകണ്ട് വായനപൂർത്തിയാക്കുന്നവർ നിരൂപകവേഷം കെട്ടുന്ന കാലമാണിത്. 

കോഴിക്കോട്  റീഗൽ തിയേറ്ററിൽ ഞാനും തിരക്കഥാകൃത്ത് മണികണ്ഠനും സിനിമ കാണുമ്പോൾ എന്നെ അസ്വസ്ഥതപ്പെടുത്തിയ ഒരേ ഒരു കാര്യം സിനിമ തുടങ്ങി നാലഞ്ചുമിനിട്ട് കഴിഞ്ഞ് സിനിമ കാണാനെത്തുന്ന പ്രേക്ഷകരാണ്. ചോലയിൽ ആദ്യത്തെ അഞ്ചു സെക്കൻഡ് നഷ്ടപ്പെട്ടാൽ പോലും പ്രേക്ഷകർക്ക് സിനിമ നഷ്ടപ്പെടും എന്നതാണ് സത്യം. താങ്ക് ഗോഡ് എന്ന് തുടങ്ങി നന്ദിപ്രകാശനത്തിനുള്ള നാലഞ്ചുമിനിട്ടല്ല പ്രേക്ഷകർക്ക് നഷ്ടപ്പെടുക. എന്താണ് സിനിമ പറയാനുദ്ദേശിക്കുന്നത് എന്നുള്ള ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ തന്നെയാണത്.  സിനിമ തുടങ്ങിയിട്ടും ഇന്റർവെല്ലിനു ശേഷവും വൈകിയെത്തുന്നവരെക്കണ്ടു ഞാൻ മണിയോട് പറഞ്ഞത്. ഇവരൊക്കെ സിനിമയെക്കുറിച്ച് ആധികാരിക റിവ്യൂകൾ എഴുതുമോ എന്നാണെന്റെ പേടി എന്നായിരുന്നു. അങ്ങനെ റിവ്യൂ എഴുതിയവരുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഒന്നുരണ്ടു കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. സിനിമാ ബാഹ്യമായ കാര്യങ്ങൾകൊണ്ട് അവ എങ്ങനെ പറയാൻ കഴിയുമെന്ന് നോക്കുകയാണ്. 

ജാനകി കുളിച്ച് ഈറനോടെ കണ്ണാടിയുടെ മുന്നിൽ വന്നു നിൽക്കുന്നത്. പ്രതിഷേധങ്ങളില്ലാത്ത കീഴടങ്ങലല്ലേ? അവൾ എന്തുകൊണ്ട് വാതിലടച്ച് അകത്തുതന്നെ ഇരുന്നില്ല? എന്തുകൊണ്ട് അവൾ റേപ്പിസ്റ്റിനെ പിന്തുടരുന്നു? 

ഇവയാണ് സിനിമയിൽ പലർക്കും മനസിലാകാതെ കിടക്കുന്ന കാര്യങ്ങൾ. സിനിമയെക്കുറിച്ചോ ആ രംഗങ്ങളെ കുറിച്ചോ വിശദീകരണം നൽകാൻ ഞാനൊരുങ്ങുന്നില്ല. പക്ഷേ നിത്യജീവിതത്തെ മുന്നോട്ടുവെച്ചുകൊണ്ട് കുറച്ച് മറുചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. ആ ചോദ്യങ്ങൾ ക്രിട്ടിക്കുകളാണ് ഉയർത്തേണ്ടിയിരുന്നത്. പക്ഷേ നിർഭാഗ്യവശാൽ വളരെ കുറച്ചുപേർ മാത്രം അത് മനസിലാക്കുകയും സിനിമയെ വായിക്കാനായി അത്തരം വായനകൾ പ്രയോജനപ്പെടുമോ എന്ന് നോക്കുന്നതിനു പകരം സിനിമയുടെതായി വന്ന ഒരു ഓൺലൈൻ പോസ്റ്ററിലും മറ്റും തൂങ്ങി ചർച്ചകളെ തന്നെ ഹൈജാക്ക് ചെയ്യുകയുമാണ് പലപ്പോഴും സംഭവിക്കുന്നത്. അതുകൊണ്ടുമാത്രം ഇതെഴുതുന്നു.

ദിലീപ് ദാസ് ഡിസൈൻ ചെയ്ത ചോലയുടെ പോസ്റ്റർ:  ഭാരതാംബ എന്ന വിശേഷണം കൊണ്ട് ഭാരതത്തിന് ഒരു സ്ത്രീരൂപവും  മനസുമാണ് കൽപിച്ചിട്ടുള്ളത്. പക്ഷേ യഥാർത്ഥത്തിൽ അതിന് കല്ലുപോലുള്ള മുഖമുള്ള ഒരു പുരുഷസ്വരൂപവും മനസുമല്ലേ ഉള്ളത് എന്ന ചോദ്യം ഈ പോസ്റ്റർ മുന്നോട്ട് വെയ്ക്കുന്നു. ഗൗരവമുള്ള ചർച്ചകളിലാണ് താൽപര്യമെങ്കിൽ ഇതല്ലേ ചർച്ച ചെയ്യേണ്ടത്?


നമ്മുടെ 80% വീടുകളിലെയും സാധാരണ പെൺകുട്ടികളുടെ ജീവിതം എടുത്തു നോക്കാം. അവൾക്ക് പതിനാറോ പതിനേഴോ വയസു കഴിയുന്നതോടെ മാതാപിതാക്കൾ അവൾക്ക് ചുറ്റും ഒരു സുരക്ഷിത വലയം തീർക്കുന്നു. സമപ്രായക്കാരായ ആൺകുട്ടികളോടുപോലും ഇടപെടാനുള്ള അവസരം നൽകാതെ അവൾ തൊട്ടാൽ കത്തിപ്പോകുന്ന എന്തോ ആണെന്ന മട്ടിൽ അവളുടെ നിമിഷം തോറുമുള്ള ജീവിതത്തിൽ ഇടപെടുന്നു. അവളുടെ പാഠപുസ്തകങ്ങൾ മുതൽ, അവളുടെ മൊബൈൽ ഫോൺ മുതൽ, അവളുടെ സ്വപ്നങ്ങളിൽ വരെ ഒരു കുറ്റാന്വേഷകന്റെ മനസോടെയാണ് അവരുടെ ഇടപെടൽ. അവരുടെ ഇടപെടൽ മാത്രമല്ല സമൂഹം മുഴുവൻ അവളെ സംരക്ഷിക്കാനായി ഒരുങ്ങിയിറങ്ങുകയായി. അവൾക്ക് സ്വന്തം പ്രായത്തിലുള്ള ഒരു എതിർലിംഗമനുഷ്യജീവിയെ പരിചയപ്പെടണമെങ്കിൽ അവൾക്ക് മാതാപിതാക്കളുടെ ഈ സംരക്ഷിതവലയത്തിൽ നിന്ന് എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയാലേ മതിയാവൂ എന്ന അവസ്ഥ അതോടെ സംജാതമാവുകയായി. ശാരീരികവും മാനസികവുമായ ജിജ്ഞാസകൾ അണകെട്ടി നിർത്തുന്ന ഈ സംഘർഷാത്മകതയിൽ നിന്നാണ് ചുരുക്കം പെൺകുട്ടികളെങ്കിലും ആരും തന്നെ തിരിച്ചറിയാത്ത എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ മുതിരുന്നത്. ഈ മുതിരലാണ് പലപ്പോഴും അവളെ ചൂഷണം ചെയ്യാനുള്ള ഒരു ചൂണ്ടലായി പുരുഷന്മാർ ഉപയോഗിക്കുന്നത്. ഏതൊരു പെൺവാണിഭക്കേസ് എടുത്തു നോക്കിയാലും ഈ മാനസികാവസ്ഥയും അതിന്റെ മുതലെടുപ്പും കാണാൻ കഴിയും. 
ചോല തിയേറ്ററിൽ നിൽക്കുമ്പോൾ തന്നെ മാതൃഭൂമി ദിനപത്രത്തിലെ ഹെഡ്ലൈൻ ഉൾച്ചേർത്ത് ദിലീപ് ദാസ് ഡിസൈൻ ചെയ്ത പോസ്റ്റർ. രാജ്യം സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാത്തവിധം അടിക്കടിയുണ്ടാകുന്ന ലൈംഗീക അതിക്രമങ്ങളുടെ പിടിയിലാണെന്ന് വിളിച്ചുപറയുന്ന ഹെഡ് ലൈൻ ചോല ചർച്ചചെയ്യുന്ന അതേ വിഷയം ചർച്ച ചെയ്യൂന്നു എന്ന് സൂചിപ്പിക്കുന്നു.


ഇനി ഒരു പെൺകുട്ടി അങ്ങനെ ഓടിപ്പോകുന്നില്ല, സ്വയം തെരെഞ്ഞെടുപ്പു നടത്താൻ മുതിരുന്നില്ല എന്നു കരുതുക. തൊണ്ണൂറുശതമാനം പെൺകുട്ടികളുടേയും ഇണകളെ തെരെഞ്ഞെടുക്കുന്നത് മാതാപിതാക്കളും ബന്ധുക്കളുമാണ്. പതിനെട്ടു വയസു തികയുന്നതോടെ (അതോടെ അവൾ സ്ത്രീയായി മാറിയെന്നുപോലും കണക്കാക്കുന്നില്ല. സ്ത്രീകൾ എക്കാലത്തും പെൺകുട്ടികളാണല്ലോ നമുക്ക്) സമ്പത്തുകൊണ്ടും കാഴ്ചയിലുള്ള യോഗ്യതകൊണ്ടും കുടുംബമഹിമകൊണ്ടുമൊക്കെ അവൾക്ക് ചേരുന്നതെന്ന് തങ്ങൾ വിശ്വസിക്കുന്ന ഒരു പുരുഷനെ അവൾക്കായി അവർ തെരെഞ്ഞെടുക്കുകയായി. വിവാഹത്തിനു മുന്നേ അവൾ അയാളെ കാണുന്നതു തന്നെ ഒന്നോ രണ്ടോ പ്രാവശ്യമായിരിക്കും. അവൾക്ക് മറ്റേതെങ്കിലും പ്രണയമോ ഇഷ്ടാനിഷ്ടങ്ങളോ ഉണ്ടെങ്കിൽ പോലും തങ്ങളുടെ ഇഷ്ടം നടപ്പാക്കാനായി അതെല്ലാം തന്ത്രപൂർവം അടിച്ചമർത്തി അവളെ വിവാഹത്തിനു സമ്മതിപ്പിക്കുകയാണ് അവർ ചെയ്യുക. അവിടെ എന്താണ് നടക്കുന്നതെന്ന് ഒന്നു ചിന്തിച്ചു നോക്കുക. പലവിധ സമ്മർദ്ധങ്ങൾക്ക് വഴങ്ങി അവൾ തനിക്ക് ഇനി തന്റെ ഇഷ്ടങ്ങളിലേക്ക് രക്ഷപ്പെടാനുള്ള ഒരു വഴിയുമില്ല എന്ന ഉറച്ച തിരിച്ചറിവിലേക്ക് എത്തിച്ചേരുകയാണ് പിന്നെ. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, നാട്ടിൻ പുറങ്ങളിലുള്ള എല്ലാ വിവാഹങ്ങളിലും അണിഞ്ഞൊരുങ്ങി കണ്ണാടിയുടെ മുന്നിൽ നിൽകുന്ന എല്ലാ പെൺകുട്ടികളും കരയാറുണ്ട്. മരിച്ചപോലെ കരയാറുണ്ട്. തന്റെ ജീവിതം തെരെഞ്ഞെടുക്കാൻ തനിക്ക് കഴിയാത്തതിന്റെ, അന്തിമമായ കീഴടങ്ങലിന്റെ കരച്ചിലല്ലേ അതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. 

തനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളെ കല്യാണം കഴിച്ച് അയാളോടൊപ്പം ഇണചേരുന്ന സ്ത്രീയുടെ അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ. അവളുടെ മനസിൽ എന്തൊക്കെ ഇഷ്ടങ്ങളുണ്ടാവാം. അവൾ മറ്റൊരാളെ ഇഷ്ടപ്പെടുന്നുണ്ടാവാം, പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം, പറന്നു നടക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം. എല്ലാ ആഗ്രഹങ്ങളും വിവാഹം എന്ന ഒറ്റസമ്മതപത്രത്തിൽ അടിയറവുവെച്ചുകൊണ്ട് കിടപ്പു മുറിയിലേക്ക് കടക്കുന്ന അവൾ ആദ്യ മൈഥുനത്തിൽ രതിലഹരി ആസ്വദിക്കുകയാണെന്ന് ചിന്തിക്കാൻ നിങ്ങൾക്കാർക്കെങ്കിലും കഴിയുമോ? എനിക്ക് കഴിയില്ല. അവൾ ചെയ്യുന്നത് നിവൃത്തികേടുകൊണ്ടുള്ള വഴങ്ങിക്കൊടുക്കലല്ലേ? 


അങ്ങനെയൊരു വഴങ്ങിക്കൊടുക്കലിനു ശേഷം തനിക്കിഷ്ടമില്ലെങ്കിലും അയാളോടൊപ്പം ആജീവനാന്തം ജീവിതം സഹിക്കുന്ന എത്ര സ്ത്രീകളെ എനിക്കറിയാം. ആരാണുത്തരവാദി? അവൾ വിവാഹ ബന്ധം വേർപെടുത്തണമെന്ന് ഉറക്കെപ്പറഞ്ഞാൽ കുറ്റം അവളുടേതാണെന്ന് പറയുന്ന ഒരു സമൂഹമല്ലേ നമ്മുടേത്? അവൾ എങ്ങോട്ട് പോകും? അയാളെ ചിതയിലേക്ക് വരെ അനുഗമിക്കുന്ന ഒരു സംസ്കാരമുണ്ടായിരുന്ന ഒരു നാട്ടിൽ അവൾ എവിടെ അഭയം പ്രാപിക്കും? അവൾ ആരെ വിശ്വസിക്കും? റേപ്പിസ്റ്റ് വിവാഹം ചെയ്താൽ റേപ് കേസുകൾ ഒത്തുതീർപ്പിനു വിധിക്കുന്ന ആധുനികത ഭരിക്കുന്ന നാട്ടിൽ അവളുടെ മാനസികാവസ്ഥ എന്തായിരിക്കും.

ചോല തിയേറ്ററിലെത്തിയപ്പോൾ അതിന്റെ പ്രൊമോഷനു വേണ്ടി ഡിസ്ട്രിബ്യൂട്ടർ ഏർപ്പെടുത്തിയ പ്രൊമോഷൻ ടീം ചെയ്ത പോസ്റ്റർ. ഇത് സിനിമയുമായി ബന്ധപ്പെട്ട ആളുകൾ ഷെയർ ചെയ്തതോടെ ചർച്ചകൾ സ്ത്രീ വിരുദ്ധതയീലേക്കും പെൺകുട്ടികൾക്കുള്ള ഗുണപാഠകഥ എന്ന അശ്ലീലത്തിലേക്കും  തിരിഞ്ഞു. മുകളിലെ പോസ്റ്റർ ഒരിക്കലും ചർച്ച ചെയ്യപ്പെട്ടില്ല. ഈ പോസ്റ്റർ സിനിമയെക്കാൾ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.


സിനിമ ജീവിതം കൂടിയാണ്. ജീവിതത്തിൽ മുഖവും ഉടുത്തൊരുങ്ങലും  നോക്കി ഒരാളെ ജഡ്ജ് ചെയ്യുന്നപോലെയാണ് സിനിമയുടെ പോസ്റ്ററും അപവാദ പ്രചരണങ്ങളും നോക്കി സിനിമയെ ജഡ്ജ് ചെയ്യുന്നതും.