രണ്ടാംക്ലാസില്‍
ഒരുകൊല്ലം കഴിഞ്ഞ്
ഒരവധിക്കാലവും കഴിഞ്ഞാല്‍
മൂന്നാംക്ലാസിലെന്ന അവന്റെ
തുഷാരഹൃദയത്തെ
“തോറ്റുപോയി നീ” എന്ന
സത്യത്തിന്റെ ചൂരല്‍കൊണ്ട്
ക്ലാസ് ടീച്ചര്‍ തല്ലിയുടച്ചു.
നിരാശയുടെ സ്ലേറ്റുകല്ലും ചുമന്ന്
അവന്‍ രണ്ടാം ക്ലാസിലെ
പിന്‍ബെഞ്ചിലേക്കൊരശ്രുബിന്ദുവായി.
എല്ലാജീവികളും വിശക്കുന്നവരും
വേദനിക്കുന്നവരുമാണെന്ന
അവന്റെ ആര്‍ദ്രതയെ തകര്‍ത്തത്
അച്ഛനായിരുന്നു.
“എല്ലാപട്ടികള്‍ക്കും പേയുണ്ടാകാം”
എന്ന സത്യത്തിന്റെ ചരല്‍വര്‍ഷിച്ച്,
നിലവിളിക്കുന്നൊരിടവഴിയില്‍നിന്ന്
അവന്‍ നെഞ്ചടക്കി കൊണ്ടുവന്ന
പട്ടിക്കുട്ടിയെ അയാള്‍
പെരുവഴിയിറക്കി.
ഓരോ പ്രണയവും
പൂവുപോലെ വിശുദ്ധമെന്ന താരള്യത്തില്‍
അവന്‍ വിരല്‍ പിന്‍വലിച്ചപ്പോള്‍
“എല്ലാപൂക്കളും കായാകുകയില്ല”
എന്നസത്യത്തിന്റെ വാതില്‍ തുറന്ന്
കാമുകി ഇറങ്ങിപ്പോയി.
ഒരു യുഗം വെയില്‍ കാഞ്ഞു കിടന്ന
ജീവബീജത്തിനുമേല്‍
പതിച്ചൊരമൃതവൃഷ്ടിയാണു
ജീവിതമെന്നവന്‍ കുളിര്‍ന്നപ്പോള്‍
“ആറിയകഞ്ഞി പഴങ്കഞ്ഞി”
എന്നചിരിയുടെ ഓപ്പണര്‍ കൊണ്ട്
ലഹരിയുടെ ചൂടുള്ള സത്യങ്ങള്‍
പൊട്ടിച്ചു, സൌഹൃദം.
ദൈവം അരൂപിയായ
ഒരു സ്നേഹമാപിനിയാണെന്ന
അവന്റെ ആദ്ധ്യാത്മികതക്കുമേല്‍
ഇപ്പോള്‍ ധനികരായ
ആള്‍ ദൈവങ്ങളുടെ സത്യം
ചെരുപ്പിട്ടു നടക്കുന്നു...