16/7/07

ഒരുമരത്തിന്റെ കഥ

ദൈവം ഉവാച:
ആ വഴി നടക്കരുത്.
ആ പൂ മണക്കരുത്.
ആ പഴം തിന്നരുത്.
അങ്ങോട്ടു നോക്കരുത്.
എങ്കിലുണ്ടാമമരത്വം!

ഞാന്‍ ഉവാച:
നടന്നുണ്ടായ വഴികളൊക്കെ
നടക്കും ഞാന്‍.
മണക്കുന്ന പൂക്കളെല്ലാം
മണക്കും ഞാന്‍.
പഴങ്ങള്‍ നീ സൃഷ്ടിച്ചതെങ്കില്‍
‍രുചിക്കും ഞാന്‍.
കണ്ണുകാണും കാഴ്ചയെല്ലാം
കാണും ഞാന്‍.
എനിക്കു വേണ്ടമരത്തം.

മരത്വം ഭവന്തു!!
ദൈവം ശപിച്ചു.....
ഞാനൊരു മരമായി!
കണ്ണില്ല,മൂക്കില്ല,നാക്കില്ല,നടക്കില്ല....

ദൈവം ഒരു കാണിക്കയായ്
എന്റെ ചുവട്ടില്‍ കുടിയിരുന്നു.
പകല്‍,നേര്‍വഴി നടക്കുന്നവര്‍
ചില്ലറകള്‍ ഭിക്ഷ കൊടുത്തു.
സന്ധ്യകളില്‍,പരേതാത്മാക്കള്‍
‍ദൈവശിരസില്‍ കാഷ്ടിച്ചു.
രാത്രി,ഏതോ കള്ളന്‍ ദൈവത്തിന്റെ
പള്ളകുത്തിത്തുറന്ന്ചില്ലറയെല്ലാം മോഷ്ടിച്ചു.

ദൈവത്തിന്റെ നിസ്സഹായത കണ്ട്
ഞാനും നിസ്സഹായനായി....

3 അഭിപ്രായങ്ങൾ:

 1. അമരത്വം വേണ്ട,
  മരത്വം ഭവന്തു!

  :)
  കല്പനകള്‍ സൃഷ്ടിച്ച ദൈവത്തിനും നിസഹായത!

  കൊള്ളാം മനോഹരം.

  മറുപടിഇല്ലാതാക്കൂ
 2. ദൈവത്തിന്റെ നിസ്സഹായത ഇഷ്ടപ്പെട്ടു. വളരെ നല്ല ആശയം.

  ചെറിയൊരു പ്രശ്നം...
  ദൈവം ഉവാച:
  ആ വഴി നടക്കരുത്.
  ആ പൂ മണക്കരുത്.
  ആ പഴം തിന്നരുത്.
  അങ്ങോട്ടു നോക്കരുത്.
  എങ്കിലുണ്ടാമമരത്വം!

  ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇതിലേതെങ്കിലും ചെയ്താല്‍ അമരത്വം ഉണ്ടാകും എന്നാണ്. (എങ്കിലുണ്ടാമമരത്വം, എന്‍കില്‍‍ ഉണ്ടാം അമരത്വം)

  ഇതൊക്കെ ചെയ്യാന്‍ തീരുമാന്നമെടുത്തപ്പോള്‍ പ്രഖ്യാപിച്ചു...
  എനിക്കു വേണ്ടമരത്തം - വേണ്ട+അമരത്വം ആണോ വേണ്ട മരത്തം ആണോ ഉദ്ദേശിച്ചത്?

  ഒടുവില്‍ ഇങ്ങിനെയൊക്കെ ചെയ്തപ്പോഴേക്കും ദൈവം ശപിച്ചു..
  മരത്വം ഭവന്തു!!
  അപ്പോള്‍ ആദ്യം പറഞ്ഞിരുന്ന ശിക്ഷ അമരത്വം, അമരത്തം, മരത്വം, മരത്തം ഇതിലേതാ?

  ആകെയൊരു കണ്‍ഫ്യൂഷന്‍, എന്റെ വായനയുടെ പ്രശ്നമാകാം, ഞാന്‍ മനസിലാക്കിയതിന്റെ കുഴപ്പമാണെങ്കില്‍ ഒന്നു വിശദീകരിക്കുമോ?

  മറുപടിഇല്ലാതാക്കൂ
 3. മരമായിരിക്കാന്‍ വയ്യ എന്നുതന്നെയാണുദ്ദേശിച്ചത്
  അമരത്വം മരത്തം തന്നെ.ആഴത്തിലുള്ള വായനക്ക് വളരെ നന്ദി

  മറുപടിഇല്ലാതാക്കൂ