16/8/07

ഉന്നം

ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടി
ഗുരു ചോദിച്ചു.
എന്തു കാണുന്നു?

അമ്പുകൊരുത്തു വലിച്ച ഞാണ്‍ പോലെ
മുറുകിയ മനസ്സുമായിഞാന്‍ പറഞ്ഞു.

ചില്ലകള്‍,ഇലകള്‍,ചിലമ്പിക്കരയുന്ന,
കണ്ണുതുറക്കാത്തകുഞ്ഞുങ്ങള്‍...
സല്ലപിച്ചുകൊണ്ടമ്മയരികില്‍
‍കണ്ണില്‍ വാത്സല്യത്തിന്നരുവി.....

മണ്ടന്‍....!
ഗുരു ചിരിച്ചു
അവനു നേരേ തിരിഞ്ഞു.

ജന്‍‌മം കൊണ്ടും കര്‍മ്മം കൊണ്ടും
സമര്‍ഥനായവന്‍ പാര്‍ഥന്‍....

ചോദ്യമാവര്‍ത്തിച്ചു ഗുരു.
എന്തുകാണുന്നു?

വില്ലുവളച്ചുഗ്രതൃഷണയുടെ
പ്രവേഗം തൊടുത്തുകൊണ്ടവന്‍ പറഞ്ഞു.

ചായം തേച്ചൊരു പലക....
പുറമേ വെളുത്തൊരു വൃത്തം
ഉള്ളില്‍ ചുവപ്പ്
ഉള്ളിന്റെയുള്ളില്‍ ലക്ഷ്യത്തിന്റെ കറുപ്പ്
ഉന്നത്തിന്റെ പലകമാത്രം കാണുന്നു ഞാന്‍.

പാര്‍ഥന്‍ സമര്‍ഥന്‍!
അഭ്യാസപൂര്‍ത്തിയുടെ
അഭിമാന ഗം‌ഗയാല്‍
നിറഞ്ഞു ഗുരു...
കവിഞ്ഞു ഗുരു...

കണ്ണിലമ്പുതറഞ്ഞൊരമ്മക്കിളി
ഗുരുദക്ഷിണ.....

13 അഭിപ്രായങ്ങൾ:

 1. ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടി
  ഗുരു ചോദിച്ചു.
  എന്തു കാണുന്നു?

  അമ്പുകൊരുത്തു വലിച്ച ഞാണ്‍ പോലെ
  മുറുകിയ മനസ്സുമായിഞാന്‍ പറഞ്ഞു.

  ചില്ലകള്‍,ഇലകള്‍,ചിലമ്പിക്കരയുന്ന,
  കണ്ണുതുറക്കാത്തകുഞ്ഞുങ്ങള്‍...
  സല്ലപിച്ചുകൊണ്ടമ്മയരികില്‍
  ‍കണ്ണില്‍ വാത്സല്യത്തിന്നരുവി.....

  ....ഉന്നം...

  മറുപടിഇല്ലാതാക്കൂ
 2. “പാര്‍ഥന്‍ സമര്‍ഥന്‍!
  അഭ്യാസപൂര്‍ത്തിയുടെ
  അഭിമാന ഗം‌ഗയാല്‍
  നിറഞ്ഞു ഗുരു...
  കവിഞ്ഞു ഗുരു...“

  അത്തരക്കാര്‍ക്കേ നിലനില്‍പ്പുള്ളു സനാതനാ.
  നന്നായിരിക്കുന്നു.
  -സുല്‍

  മറുപടിഇല്ലാതാക്കൂ
 3. ആ അമ്മക്കിളിയെപറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ല. നല്ല ആശയം.

  മറുപടിഇല്ലാതാക്കൂ
 4. നന്നായി :) പാര്‍ത്ഥനുള്ളതാണ് പക്ഷേ വിജയം

  മറുപടിഇല്ലാതാക്കൂ
 5. ചാത്തനേറ്: അതു യന്ത്രക്കിളിയായിരുന്നു മാഷേ അതിനെവിടെ അമ്മക്കിളി?

  മറുപടിഇല്ലാതാക്കൂ
 6. ഏതു വിധേനയും ലക്ഷ്യം നേടുക എന്ന ചിന്തയല്ലേ ഇന്നുള്ളൂ, അത് ആരെ വേദനിപ്പിച്ചിട്ടായാലും.
  കണ്ണിലമ്പുതറഞ്ഞൊരമ്മക്കിളി
  ഗുരുദക്ഷിണ.....
  വേദനിപ്പിച്ചു ഈ വരികള്‍.

  മറുപടിഇല്ലാതാക്കൂ
 7. അതേ കുട്ടിച്ചാത്തന്‍ നമ്മളങ്ങനെയാണ്,സത്യത്തിന്റെ മുനയൊളിപ്പിക്കേണ്ടിവരുമ്പോഴൊക്കെ നാമങ്ങനെ ചില ചെറിയകള്ളങ്ങളിലഭയം തേടും ഞാനും കേട്ടിട്ടുള്ളത് യന്ത്രക്കിളിയെന്നുതന്നെയാണ്

  മറുപടിഇല്ലാതാക്കൂ
 8. പിഴക്കാത്ത ഉന്നം:)
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 9. മനുഷ്യത്വത്തിനു സ്ഥാനമില്ലാത്ത മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളുടെ മാനേജുമന്റ്‌ കളരികളെ ഓര്‍ത്തുപോയി.
  ലക്ഷ്യത്തില്‍ അംബെയ്യുന്നവന്‌ ലക്ഷങ്ങളാണ്‌ മാസശംബളം.
  മറ്റോന്നും അയാള്‍ നോക്കേണ്ടതില്ല.
  മനുഷ്യരെ കാണേണ്ടതില്ല ... അവന്റെ കൃഷ്ണമണിക്കകത്തുകൂടി നോക്കി അവന്റെ ബോധത്തിലേക്ക്‌ അംബെയ്യുക. ഠൊടുക്കുംബോള്‍ ഒന്ന് ഒടുങ്ങുംബോള്‍ കോടികള്‍.... ഹോ.... അമ്മേ .. ഭയങ്കരം !!!

  മറുപടിഇല്ലാതാക്കൂ
 10. നന്ദി ചിത്രകാരന്‍.നന്ദി..ഈ വായനക്ക്.എനിക്ക് പറയാനുള്ളത് മറ്റുള്ളവര്‍ക്ക് മനസിലാകുന്നുണ്ടോ എന്ന എന്റെ വലിയ സംശയത്തിന് ഒരല്‍പ്പം ആശ്വാസമായി.നന്ദി

  മറുപടിഇല്ലാതാക്കൂ