ഇരുട്ടേ,
നീയാണ് കാഴ്ചയുടെ
അഖണ്ഡസംഖ്യ.
വെളിച്ചം കൊണ്ട്
ഹരിക്കപ്പെടാത്തവന്‍;
ഗുണിക്കാന്‍ തുനിയുന്നവനെ
നിര്‍ഗ്ഗുണനാക്കുന്നവന്‍.
എത്ര യുഗങ്ങള്‍ കഴിഞ്ഞു!
എത്ര സൂര്യന്മാര്‍ കൊഴിഞ്ഞു!
നീതന്നെ നിത്യന്‍,
നിരാമയന്‍, നിര്‍മ്മമന്‍.
നീതന്നെ,
എല്ലാ ചിരികള്‍ക്കുമുള്ളിലെ
കരച്ചില്‍.
എല്ലാ ഉന്മാദത്തിനും ഉള്ളിലെ
പ്രശാന്തി.
എല്ലാ നെറികള്‍ക്കുമുള്ളിലെ
ചതിവ്.
എല്ലാ കളവുകള്‍ക്കുമുള്ളിലെ
സത്യം.
ഇരുട്ടേ,
നിന്നില്‍നിന്നല്ലേ ആര്യഭടന്‍
ശൂന്യത്തെ ഗ്രഹിച്ചത് !
“സ്ഥാനം സ്ഥാനം ദശഗുണം”
എന്നളന്നത് !
നീയില്ലായിരുന്നെങ്കില്‍
ഒന്നുകള്‍ വെറും ഒന്നുകള്‍
മാത്രമാകുമ്പോലെ
വെളിച്ചം വ്യര്‍ത്ഥമായേനെ.