1/12/07

നാട്ടിലെപ്പൊഴും മഴയാണ്

നന നനനന
നനനന നനയെന്ന്
ഓലപ്പുരയില്‍ വന്നു വിളിക്കും.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

മീശക്കൊമ്പിലച്ഛന്‍ കെട്ടിയ
കയറു പൊട്ടിക്കും
അമ്മയുടെ കണ്ണിലെ
കനലു വെട്ടിക്കും
ഒറ്റക്കുതിപ്പില്‍ ഞാനെത്തും
മുറ്റത്തെ പൂക്കളോടൊപ്പം
നന നനനന
നനനന നനയെന്ന്
ബാല്യത്തില്‍ നനയും.

കല കലപില
കലപില കലയെന്ന്
മേച്ചിലോടില്‍ താളംതല്ലി
സ്കൂളിലും വന്നു വിളിക്കും.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

പുസ്തകക്കെട്ട് നനയാതുടുപ്പില്‍ ‍
‘പത്തര‘മായി പൊതിയും
വീടെത്തുവോളം
മാമരം പെയ്യുന്ന
വഴിലെമ്പാടും
കല കലപില
കലപില കലയെന്ന്
കൂട്ടുകാരൊപ്പം നനയും.

കുടകൊട് കുടകൊട്
കുടകൊട് കുടയെന്ന്
തോളിലൂടാകെയൊലിച്ച്
കളിവാക്കു ചൊല്ലിച്ചിരിക്കും
എങ്ങനെ ഞാന്‍ നനയാതിരിക്കും!

രണ്ടുപേര്‍ക്കിടമില്ല
നനയേണ്ട നീയെന്ന്
കുടയവള്‍ക്കേകി, അവളുടെ
ഹോസ്റ്റലിന്‍ പടിവരെ
നട നടനട
നടനട നടയെന്ന്
പ്രണയത്തിലും നനയും.

നന നനനന
നനനന നനയെന്നിതാ
ഇപ്പോഴീ ഫോണിലും
വന്നു വിളിക്കുന്നു.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

നാട്ടിലെപ്പൊഴും മഴയെന്ന്,
ചൊല്ലിയാല്‍ കേള്‍ക്കാതെ
‘സന്തതി‘യെപ്പൊഴും
മുറ്റത്തുതന്നെന്നവള്‍
പരിഭവം ചൊല്ലിവയ്ക്കുന്നു
നന നനനന
നനനന നനയെന്നു ഞാന്‍
വിരഹത്തിലും നനയുന്നു.

15 അഭിപ്രായങ്ങൾ:

 1. നന നന നനയെന്ന്
  കവിതയിലും വന്ന് വിളിച്ച്
  ആസ്വാദകരേയും മഴ കൊള്ളിച്ചു :)

  മറുപടിഇല്ലാതാക്കൂ
 2. എങ്ങനെ നനയാതിരിക്കും?


  നന നന നന്നായി നനയിച്ചു..

  മറുപടിഇല്ലാതാക്കൂ
 3. നനഞ്ഞു കുതിര്‍ന്നു.

  മഴ പെയ്തൊഴിഞ്ഞിട്ടും ഇങ്ങനെ മരം പെയ്തുകൊണ്ടിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. മനോഹരം... മനോഹരം... മനോഹരമായ കവിത.... ഓര്മ്മകളില് നനയിച്ചല്ലോ മാഷേ എന്നെ...

  മറുപടിഇല്ലാതാക്കൂ
 5. വീടെത്തുവോളം
  മാമരം പെയ്യുന്ന
  വഴിലെമ്പാടും
  കല കലപില
  കലപില കലയെന്ന്

  നനഞ്ഞ മുടിയറ്റവും പുസ്തകച്ചട്ടയും, മരവിച്ച ചോറുപാത്രം, കമ്പിയൊടിഞ്ഞ കാര്യമില്ലാത്ത കുട, എറിച്ചിലടിച്ചു മൊത്തം നനഞ്ഞ കുപ്പായം...പായലുപിടിച്ച മണ്‍പാതയരികില്‍ ഓടയിലെ കുത്തൊഴുക്കില്‍ കാലുപൂഴ്ത്തി വീടുവരെ നടക്കാറുണ്ടായിരുന്നു, കൂട്ടുകാരോടൊന്നും മിണ്ടാതെ, മഴമാത്രം ആസ്വദിച്ച്.
  നാട്ടിലെ മഴയെക്കുറിച്ചുള്ള ഓര്‍മ്മ പോലും മനസിനെ നിശബ്ദമാക്കാറുണ്ട്.

  മറുപടിഇല്ലാതാക്കൂ
 6. സനാതനന്‍

  മഴക്കായ്‌ ഒരു വേഴമ്പലിനെ പോലെ
  പ്രാര്‍ത്ഥിച്ചവര്‍....ഒടുവില്‍

  മഴ വന്നപ്പോല്‍ ചൊല്ലി.... ഈ നാശം പിടിച്ച മഴ

  എല്ലാം നശിപ്പിച്ചു....ഒന്ന്‌ നിന്ന്‌ കിട്ടിയിരുന്നെങ്കില്‍


  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 7. എനിക്ക് പനിപിടിച്ചു...

  നല്ല ജലദോഷവും ഉണ്ട്...

  വെറുതെ ഈ വഴിവന്നതാ.. ഒരുപാട് നനഞ്ഞു.

  പക്ഷെ ഈ മഴ നനയല്‍ നല്ല സുഖമുണ്ട് കേട്ടോ.. :-)

  അഭിലാഷ്, ഷാര്‍ജ്ജ

  മറുപടിഇല്ലാതാക്കൂ
 8. മീശക്കൊമ്പിലച്ഛന്‍ കെട്ടിയ
  കയറു പൊട്ടിക്കും
  അമ്മയുടെ കണ്ണിലെ
  കനലു വെട്ടിക്കും
  ഒറ്റക്കുതിപ്പില്‍ ഞാനെത്തും
  മുറ്റത്തെ പൂക്കളോടൊപ്പം
  നന നനനന

  കാണുന്നു കണ്ണിലവനെ :)nalla chithram

  മറുപടിഇല്ലാതാക്കൂ
 9. എന്റെ കണ്ണിലും കനവിലും നിറഞ്ഞു പെയ്തു....ഈ മഴ

  മറുപടിഇല്ലാതാക്കൂ
 10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 11. സനല്‍,
  നന നനനന
  നനനന നനയെന്ന് താളത്തില്‍ പെയ്യുന്ന കവിത. കവിതയില്‍ ചുരുങ്ങിയ വാക്കുകളും ബിംബങ്ങളും കൊണ്ട് വരഞ്ഞുവച്ച കുട്ടിക്കാലം. പ്രവാസത്തിന്റെ വിരഹകാലം.

  വര്‍ത്തമാനകാലത്തിന്റെ നട്ടംതിരിച്ചിലിനിടയില്‍‍, ഭൂതകാലത്തിന്റെ ഓലപ്പുരക്കുമേല്‍ നന നനയെന്ന് പെയ്ത മഴത്തുള്ളികളെ കൈക്കുമ്പിളിലെടുത്ത്; മീശക്കൊമ്പ് പിരിച്ച് അച്ഛനെഴുതിയ അലിഖിതനിയമങ്ങളെയും അമ്മയുടെ കണ്ണിലെ എരിയുന്ന കനലിനേയും മറികടന്ന് കൂട്ടുകാരെ(വായനക്കാരെ)നനക്കുന്ന കുസൃതിക്കാരാ നിന്റെ കവിതപ്പനി വായനക്കാരനിലേക്ക് പടരുന്നു.

  കാലം മാറുമ്പോള്‍ വാക്കുകള്‍ കളം മാറുന്നു. നന നനയെന്ന് സന്തതി മഴനനയുമ്പോള്‍ കൂടെനനയാനോ പനിവരുമെന്ന് മീശപിരിക്കാനോ കഴിയാതെ പ്രവാസത്തിന്റെ വിങ്ങലും വിരഹവും വായനക്കാരനുമായി പങ്കുവെയ്ക്കുന്ന, പരിഭവം പറയുന്ന നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 12. വാക്കുകള്‍ മഴ നനയിച്ചു സനാതനന്‍..
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 13. സനാതനന്റെ വാക്കിലും വരിയിലും നനനനനന

  മറുപടിഇല്ലാതാക്കൂ