5/12/07

പൊട്ടന്‍സ്കൂളിന്റെ മതിലില്‍
‘ലൌ‘ ചിഹ്നം കണ്ടാല്‍
ആണ്‍കുട്ടികളും പെണ്‍കുട്ടികളും
ചിരിയോടു ചിരി.

കാര്യമറിയില്ലെങ്കിലും
കൂട്ടത്തില്‍ ചിരിക്കാത്തവനെ
ചിരിക്കുന്നവരുടെ കൂടെയാകയാല്‍
ഞാനും ചിരിച്ചുപോന്നു
അര്‍ത്ഥമില്ലാത്ത ചിരി.

ജിജ്ഞാസയുടെ
കെട്ടുപൊട്ടിയ ഒരുദിവസം
കൂട്ടുകാരനോട് ചോദിച്ചു,
ചിരിയുടെ രഹസ്യം.

“പൊട്ടാ”അവന്‍ പറഞ്ഞു,
“ഒന്ന് പെണ്ണിന്റെ സാതനം
മറ്റത് ആണിന്റെ സാതനം”

പേര് പൊട്ടനെന്നായെങ്കിലും
ഞാനും തുടങ്ങി അര്‍ത്ഥംവച്ച ചിരി.

കാലം കടന്നപ്പോള്‍
മനസ്സിന്റെ ചുവരിലൊക്കെ
ചിലര്‍ ലൌ ചിഹ്നങ്ങള്‍
കുത്തിവരക്കാന്‍ തുടങ്ങി.

അപ്പോഴാണറിയുന്നത്
വരകളില്‍ തെളിയുന്നത്
ഒരു ഹൃദയവും അതില്‍
തറച്ച കൂരമ്പുമാണെന്ന്.

അമ്പുതറച്ച ഹൃദയം
തലയണകൊണ്ടമര്‍ത്തി
ഞരങ്ങി ഞരങ്ങി
ഉറങ്ങാതെയെത്ര രാത്രികള്‍..

പിന്നീടെവിടെയതുകണ്ടാലും
ചിരിവന്നിട്ടില്ല.
പകരം, അറിയാതെ
നെഞ്ചിലേക്കൊരു കൈ പോകും.

പൊട്ടനല്ലാത്തതുകൊണ്ട്
ഇനിയും അമ്പുതറച്ചിട്ടില്ലാത്ത
കൂട്ടുകാരനിപ്പോഴും തുടരുന്നുണ്ടാകും
അര്‍ത്ഥംവച്ച ചിരികള്‍.

18 അഭിപ്രായങ്ങൾ:

 1. ഉം
  അനുഭവസ്ഥനാണല്ലേ.
  അനുഭവിച്ചവനേ അറിയൂ :)
  കൊള്ളാം

  -സുല്‍

  മറുപടിഇല്ലാതാക്കൂ
 2. സ്ഥിരമായി വായിക്കുന്നുണ്ട്. മിക്ക കവിതയും നന്ന്. കമന്റിടാറില്ല എന്നേ ഉള്ളൂ.

  മറുപടിഇല്ലാതാക്കൂ
 3. വാക്കുകളുടെ തിരഞ്ഞെടുപ്പ്, ഒതുക്കം.. നന്നായിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 4. ഇതിലേ പോയ ഒരാള്‍2007, ഡിസംബർ 5 4:13 PM

  തകര്‍പ്പന്‍. രതിയില്‍ നിന്ന് ഹൃദയമഥനത്തിലേക്ക് പ്രണയത്തെ പറിച്ചുനടുന്നവനാണ് പൊട്ടന്‍. എത്ര ശരി!

  മറുപടിഇല്ലാതാക്കൂ
 5. മേല്പ്പറഞ്ഞ കമെന്റ്റിനോട് ഞാന്‍ യോജിക്കുന്നു.
  അങ്ങനെ ബുദ്ധിയുള്ള പോട്ടന്മാര്‍ എത്രയെത്ര ..........

  മറുപടിഇല്ലാതാക്കൂ
 6. നല്ല പൊട്ടത്തരം, കവിത..:)
  നടന്നിട്ടില്ലാത്തവയെക്കുറിച്ചുള്ള ഓര്‍മ്മകളാവുമ്പോഴായിരിക്കും പ്രണയവും ഒരു പക്ഷേ എഴുത്തും തീവ്രമായ അനുഭവമാകുന്നത്.

  മറുപടിഇല്ലാതാക്കൂ
 7. സനാതനാ,
  കവിതയുണ്ടാക്കിയ കമ്പനത്തില്‍
  ഉള്ളില്‍ തറച്ചിരിക്കുന്ന അമ്പ് ഒന്നിളകി.
  കുറേക്കൂടി ചോര വന്നു.


  (പൊട്ടാ... ന്നിന്നെ സനാതനനെന്നു വിളിച്ചതാരാ?)

  മറുപടിഇല്ലാതാക്കൂ
 8. അനിലാ,
  നാട്ടീന്നു പോന്നെന്നറിഞ്ഞു.
  സന്തോഷം.ഞാനൊരു മെയില്‍ അയച്ചിരുന്നു
  റിഫ്ലക്ഷന്‍സ് - ഒരു മറുപടി അയക്കൂ സുഹൃത്തേ

  മറുപടിഇല്ലാതാക്കൂ
 9. ജീമെയില്‍ വൃത്തിയാക്കിയപ്പൊ അതുപോയിക്കാണും, ഒന്നുകൂടി അയക്കാമോ?
  നാട്ടില്‍നിന്ന് ഇന്നലെ വന്നു. കരള്‍ രോഗം, ഗൃഹാതുരത്വം... ഒക്കെ പൊതിഞ്ഞു കൊണ്ടുവന്നിട്ടുണ്ട്.

  കവിത അതിമനോഹരമായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 10. പൊട്ടന്മാരെ നോക്കി കുടുകുടെ ചിരിച്ചിരുന്ന നാളുകളെ രസമില്ലാതാക്കിയല്ലോ സനാതനാ.

  മറുപടിഇല്ലാതാക്കൂ
 11. സനാതനാ..
  നന്നായിട്ടുണ്ട്‌....

  മറുപടിഇല്ലാതാക്കൂ
 12. ചിലസനാതനസത്യങ്ങളിലേക്കെത്താന്‍ കാലം പിടിക്കും അല്ലെ...ദു:ഖമനോഹര സത്യം!

  മറുപടിഇല്ലാതാക്കൂ
 13. ഞാന്‍ ചിരിക്കുന്നവരുടെകൂടെയാണ്.

  മറുപടിഇല്ലാതാക്കൂ
 14. എന്റെ പൊട്ടാ.. ഇനിയും ഇതൊക്കെ മനസ്സിലാവത്തവര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ക്കായി ഇതു സമര്‍പ്പിക്കാം.

  മറുപടിഇല്ലാതാക്കൂ
 15. പൊട്ടായെന്ന് നിന്നെ വിളിക്കാന്‍ തോന്നുന്നത്ര ഇഷ്ട്ടം ഈ വേദനയോട്.

  മറുപടിഇല്ലാതാക്കൂ