ഓര്‍മ്മക്കുളിര്‍

കിണറുകള്‍,
മണ്ണുകൊണ്ട് ഉള്ളിലോട്ട്
കൊത്തിയെടുത്ത
കുത്തബ്മീനാറുകള്‍.
തൊടിതൊടിയായി
കണ്ണിനെ പടികയറ്റുന്ന
നിമ്നശില്‍പ്പം.
കുത്തബ്മീനാറിനില്ലാത്ത
ഒരു കുളിരുണ്ടതിനു്.
ഇടിഞ്ഞുപോയ
കൈവരിയില്‍ത്താങ്ങി
താഴോട്ടുനോക്കിയാല്‍
വാത്സല്യത്തിന്റെ
ഓളങ്ങള്‍ ഇളകും.

മുറ്റങ്ങള്‍,
വെയിലിലുണങ്ങാന്‍
വിരിച്ചിട്ട ഛായാചിത്രങ്ങള്‍.
മരങ്ങള്‍, പക്ഷികള്‍,
വീടിന്റെ മേല്‍ക്കൂര,
കുട്ടികള്‍ കോറിയ
വട്ടുകോളങ്ങള്‍,
കാറ്റ്, കരിയില,
പൂമ്പാറ്റച്ചിറക്,
കുഴിയാനക്കെണി
ഒക്കെയുള്ള
ഒരുവമ്പന്‍ കാന്‍‌വാസ്

വയലുകള്‍
ഉത്സവപ്പറമ്പുകള്‍...
കൊയ്ത്തുകഴിഞ്ഞാല്‍
കുട്ടികള്‍ മുളച്ച് പൂക്കുന്ന
പട്ടങ്ങളുടെ വേനല്‍കൃഷി.
അറുത്തുവിട്ട
ഞാറിന്‍ തണ്ടുകൊണ്ട്
നാഗസ്വരക്കച്ചേരി.
പോക്കാച്ചിക്ക്
പലിശക്ക് വെള്ളം
കൊടുക്കുന്ന
ഞണ്ടമ്മാവന്റെ
കച്ചവടം‍.

ഓര്‍മ്മകളില്‍
ആകെ
ഒരു കുളിര്‍കാലമാണ്.
ഓര്‍ത്തോര്‍ത്തിരുന്നാല്‍
വൃശ്ചികത്തില്‍
പുലര്‍ച്ചെയുണര്‍ന്ന്,
“കാക്കുടുക്കയില്‍
കയ്യും ചൊരുവി”
കൂമ്പിക്കിടക്കുന്ന സുഖം..
എണീക്കാനേ തോന്നില്ല.
എണീല്‍ക്കരുത്
ഇനിയീ ഓര്‍മകളും
വെയില്‍ തിന്നു പോകും വരെ.

[അരിക്ക് വിലകൂടുന്നു.വെള്ളത്തിന് വിലകൂടുന്നു.എന്റെ നാട്ടില്‍ നിറയെ വയലുകളുണ്ടായിരുന്നു പത്തിരുപതുവര്‍ഷത്തെ അശ്രാന്തപരിശ്രമം കൊണ്ട് എന്റെ നാട്ടുകാര്‍ അതിനെയൊക്കെ കൊന്ന് തെങ്ങുംതോപ്പുകളില്‍ കുഴിച്ചിട്ടു.കിണറുകളെ കൊന്ന് കുഴല്‍ക്കിണറുകളോ പുഴവെള്ളത്തില്‍ ബ്ലീച്ചിം‌ഗ് പൊടികലക്കിയ കുഴല്‍‌വെള്ളമോ ആക്കി.മരങ്ങളെ വെട്ടിമാറ്റി സിമന്റിട്ടുമിനുക്കി മുറ്റങ്ങളെക്കൊന്നു.ഒരുപക്ഷേ അവര്‍ ഇപ്പോള്‍ കരുതുന്നുണ്ടാവാം ഒരു തിരിച്ചുപോക്ക് അസാധ്യമെന്ന്.അല്ലെന്ന് .. അല്ലായിരുന്നെങ്കിലെന്ന് ഒരു കൊതി...എന്തുചെയ്യാന്‍ കഴിയും? ]