കള


ഇല്ല മറ്റൊരാള്‍
എന്നെപ്പോലെങ്ങും
ചുറ്റിലുമുള്ളവര്‍
എല്ലാമൊരുപോലെ.
ഒരേ രൂപം ഒരേ ഭാവം
ഒരേ നിറം ഒരേ സ്വഭാവം
സ്വരം പോലുമൊന്നാണവര്‍ക്ക്

വിതക്കാതെ മുളച്ചവന്‍
നനയ്കാതെ വളര്‍ന്നവന്‍
താങ്ങുകമ്പില്ലാതെ
തനിയേ പടര്‍ന്നവന്‍
ചുറ്റിലുമില്ല എന്നെപ്പോലൊരാള്‍.

എന്റെ മാത്രം രൂപമെനിക്ക്
എന്റെ മാത്രം ഭാവമെനിക്ക്
എന്റെ മാത്രം പൂക്കള്‍
എന്റെ മാത്രം കായ
എന്റെ മാത്രം വിത്തുവിതരണ
സമ്പ്രദായങ്ങള്‍
ഇവിടെയീ കണ്ണെത്തും
ദൂരത്തില്‍ ഞാനേയുള്ളൂ
വ്യത്യസ്തനായൊരാള്‍

ഒരുപോലെയിലയുള്ളവര്‍
ഒരുപോലെ പൂവുള്ളവര്‍
വളവും നനയും കിട്ടി
തഴച്ചു കൊഴുത്തവര്‍
പൂത്തുമലച്ചവര്‍
കായ്ച്ചുമറിഞ്ഞവര്‍.
അവരോടു ചിറികോട്ടി
ഞാന്‍ ചോദിച്ചു.
പുളുന്താന്മാരേ എന്തവകാശം
നിങ്ങള്‍ക്കെന്നെ വിമര്‍ശിക്കാന്‍ ?

നാവിറങ്ങിയപോലെയവര്‍
അനങ്ങാതെ നിന്നപ്പോള്‍
കരുതി ഞാന്‍
മുട്ടിയല്ലോ ഉത്തരം !
ചിരിപൊട്ടിയുന്മത്തനായി
മരുവുമ്പോളഹോ കഷ്ടം
ഞാനറിഞ്ഞില്ലല്ലോ
അവരെപ്പോലെ
അല്ലായ്കയാലെന്നെ
പിഴുതെറിയാനൊരു
കൈ നീണ്ടു നീണ്ടു
വരുന്ന കാര്യം.

Image by Will Simpson