20/1/08

അടിയന്തിരാവസ്ഥയില്‍ ഒരുറക്കം

കടുത്ത യാഥാര്‍ഥ്യങ്ങളുടെ
അപ്രഖ്യാപിതമായ
അടിയന്തിരാവസ്ഥയില്‍
മര്‍ക്കടമുഷ്ടിക്കാരനായ
ഒരുറക്കം കൃത്യനിഷ്ഠയോടെ
കൂര്‍ക്കം വലിയുടെ
നിശാനിയമം
നടപ്പാക്കിവരുകയായിരുന്നു

അന്നേരമാണ്
താന്തോന്നികളായ
ചില സ്വപ്നങ്ങള്‍
ചട്ടവിരുദ്ധമായി
സംഘം ചേരുന്നതായും
ചിട്ടയുള്ള യാഥാര്‍ഥ്യ
വ്യവസ്ഥക്കെതിരെ
മുദ്രാവാക്യം മുഴക്കി
ധിക്കാരപൂര്‍വ്വം ആക്ഷേപങ്ങള്‍
ചൊരിയുന്നതായും
ടിയാന് അവിശ്വസനീയമായ
രഹസ്യവിവരം ലഭ്യമായിട്ടുള്ളത്.

കണ്ടാലുടന്‍ വെടിവെച്ചിടാനുള്ള
ഉന്നതതല ഉത്തരവിന്റെ
പിന്‍ബലവും
യാഥാര്‍ഥ്യസ്ഥാപനത്തിനുവേണ്ടി
പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുള്ള
അത്യന്താധുനിക ആയുധങ്ങളുടെ
മുന്‍ബലവും
ഉണ്ടാക കൊണ്ടാകണം
കണ്ടാല്‍ മുണ്ടനും
കാര്യക്കാരനുമായ
ഉറക്കം ഒറ്റക്കുതന്നെ
സ്വപ്നവേട്ടക്ക് ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്

അമ്പലക്കമ്മിറ്റി വക
രക്തസാക്ഷിമണ്ഡപത്തിന്റെ കരയിലും
പൊതുമേഖലാസ്ഥാപനമായ
ഷെയര്‍ മാര്‍ക്കറ്റിന്റെ കടവിലും
നടത്തിയ സുദീര്‍ഘമായ
അന്വേഷണത്തിനൊടുവില്‍
തന്റെ സഹ ഉറക്കങ്ങളെ
സ്വപ്നങ്ങളുടെ വേഷഭൂഷാദികളോടെ
കാണാനിടയാക കൊണ്ട്
ടിയാന്‍ തോക്കെടുക്കട്ടോ
ഉണ്ട നിറക്കട്ടോ
കാഞ്ചിവലിക്കട്ടോ
എന്ന ശങ്കയില്‍
തരിച്ചു നിന്നുപോകയും
ശേഷിയും ശേമുഷിയും ഉള്ളവരും
ചട്ടമ്പികളുമായ എതിരാളികള്‍
ടിയാനെ കിട്ടിയ തക്കത്തിന്
കുനിച്ചുനിര്‍ത്തി
കുറുക്കിലിടിക്കുകയും
നൂറ്റൊന്നാവര്‍ത്തി സ്വപ്നത്തിനു
മുദ്രാവാക്യം വിളിപ്പിക്കുകയും
ചെയ്തശേഷം
ആയുധങ്ങളും അണപ്പല്ലും
അടിച്ചു പറിച്ച്
ഇരുട്ടിലേക്ക് ഓടിമറയുകയും
ചെയ്തിട്ടുള്ളതാകുന്നു.

അടിസ്ഥാനപ്രമാണങ്ങളുടെ
നഗ്നമായ ലംഘനത്തില്‍
വെളുക്കുവോളം ലജ്ജിച്ചു-
തലതാഴ്ത്തുകയും
നിശിതമായി അപലപിക്കുകയും
ശക്ക്തമായി പ്രതിഷേധിക്കുകയും
ചെയ്തുവെങ്കിലും
തീവ്രമായ ഒരു
സ്വപ്നാനുഭവമുണ്ടാകുക എന്നതേക്കാള്‍
വലുതായുള്ള മേന്മയൊന്നും
കേവലമായ ഒരു ഉറക്കത്തിന്
വന്നുചേരാനിടയില്ലെന്ന
വെളിപാടുണ്ടായിട്ടോ എന്തോ
സ്വപ്നപക്ഷക്കാരുടെ
ഈ അതിക്രമത്തെക്കുറിച്ച്
ടിയാന്‍ നാളിതുവരെ
ഉന്നതതലത്തില്‍ പരാതിയൊന്നും
കൊടുത്തിട്ടില്ല എന്നാണ്
അറിവാന്‍ കഴിഞ്ഞിട്ടുള്ളത്.

9 അഭിപ്രായങ്ങൾ:

 1. തീവ്രമായ ഒരു
  സ്വപ്നാനുഭവമുണ്ടാകുക എന്നതേക്കാള്‍
  വലുതായുള്ള മേന്മയൊന്നും
  കേവലമായ ഒരു ഉറക്കത്തിന്
  വന്നുചേരാനിടയില്ലെന്ന
  വെളിപാടുണ്ടായിട്ടോ എന്തോ....

  ഹാ‍..ഹാ കൊതിയാവുന്ന എഴുത്ത്.

  മറുപടിഇല്ലാതാക്കൂ
 2. മറ്റൊരിയ്ക്കല്‍
  ഉറക്കത്തിനും സ്വപ്നത്തിനും
  കൈകൊടുത്തു
  സ്നേഹിയ്ക്കേണ്ടി വരുമല്ലൊ..
  അതാവും.
  കവിതയ്ക്കൊരു ‘ലാപുട-ടച്ച്’!

  മറുപടിഇല്ലാതാക്കൂ
 3. ഭൂമിപുത്രിയോട് ഞാന്‍ യോജിക്കുന്നു. ഒരു ലാപുട ശൈലി.

  മറുപടിഇല്ലാതാക്കൂ
 4. അയ്യോ... ഇതെനിക്കെഴുതാന് പറ്റിയില്ലല്ലോ... യാഥാര്ഥ്യവും, അയാഥാര്ഥ്യവും ഒരു സ്വപ്നത്തിലെന്ന വണ്ണം ഇഴ ചേരുന്ന കവിത, വാക്കുകളുടെ കൃത്യമായ തിരഞ്ഞെടുപ്പ്, വരികള്ക്കും വാക്കുകള്ക്കുമിടയ്ക്ക് പറയാതെ പറയുന്ന എന്തൊക്കെയോ കിടക്കുന്നുമുണ്ട്... മനോഹരമായ കവിത.

  മറുപടിഇല്ലാതാക്കൂ
 5. നന്നായി.

  നല്ല കവിത, വീണ്ടും വായിക്കണം.

  മറുപടിഇല്ലാതാക്കൂ
 6. ശരിയാവാന്‍ സാധ്യതയുണ്ട്.ഈ അടുത്ത കാലത്ത് ലാപുടയെ അധികം വായിച്ചിരുന്നു,ഒരു പഠനവിഷയം എന്നപോലെ.ഇനി ശ്രദ്ധിച്ചോളാം.ചൂണ്ടിക്കാട്ടലുകള്‍ക്ക് സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 7. സനാതനന്‍,
  കവിതയ്ക്ക് ഒരു ലാപുടാ ഒര്‍മ്മപ്പെടുതതല്‍ ഉണ്ടെങ്കിലും ലാപുടൈസേഷന്‍ ഒന്നും വന്നിട്ടില്ല. ഈ കവിതയ്ക്ക് (ലാപുടയെ മാറ്റിനിര്‍ത്തിയാല്‍) വേറൊരു പ്രസക്തിയുണ്ട്, സനാതനന്‍ പതിവുരീതിയില്‍നിന്നും മാറി എഴുതി എന്നത് ചെറിയ ഒരു കാര്യമല്ല. ഭായി-ഭായി കവിതയില്‍ നിന്ന് ഇവിടെയെത്തുമ്പോള്‍ നിങ്ങള്‍ സ്വയം പൊളിച്ചെഴുതുന്നു എന്നു കരുതാം.

  ഒരുപക്ഷേ നിങ്ങള്‍ പലരും (ലാ, പ്രമോദ്, സനാതനന്‍, ഉമ്പാച്ചി, വിഷ്ണു, ലെതീഷ്...) കവിതയുടെ സ്ട്രക്ചറില്‍ നടത്തുന്ന, ബോധപൂര്‍വ്വമായതോ കാടടക്കി വെടിവയ്ക്കുന്നതോ ആയ തിരിച്ചിടലുകളാണ് ബ്ലോഗ് വായനയെ കേവലം നൊസ്റ്റാള്‍ജിയ വില്‍ക്കുന്ന കടയിലെ ഊ.... ഔ... ശബ്ദങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്.

  മറുപടിഇല്ലാതാക്കൂ
 8. ടിയാന്‍ തോക്കെടുക്ക-ട്ടോ
  ഉണ്ട നിറക്ക-ട്ടോ
  കാഞ്ചിവലിക്ക-ട്ടോ

  (തമാശയ്ക്ക്കാണേ):)

  അന്നേരമാണ്
  താന്തോന്നികളായ
  ചില സ്വപ്നങ്ങള്‍
  ചട്ടവിരുദ്ധമായി
  സംഘം ചേരുന്നതായും..
  ...........

  സനാതനാ നിന്റെ കവിതയില്‍ ഒളിച്ചുപാര്‍ക്കുന്നത് സ്വപ്നങ്ങളോ അതോ വെടിമരുന്നോ?

  മറുപടിഇല്ലാതാക്കൂ
 9. ഉറക്കവും സ്വപ്നവും നെഗറ്റീവാകക്കൊണ്ടും
  ഉണര്‍വ്വും പകല്‍കിനാവും
  ശീലമാകക്കൊണ്ടും
  “ശക്ക്തമായി പ്രതിഷേധിക്കുകയും”
  നിങ്ങള്‍ക്കെതിരെ ലഘുലേഖ-
  യിറക്കാന്‍ തീരുമാനിക്കുകയും
  വാരിക്കുന്തങ്ങള്‍ രാകിമിനുക്കാന്‍
  ഉത്തരവിറക്കുകയും ചെയ്യുമെന്ന്
  ഇതിനാല്‍ അറിയിക്കുന്നു.

  “അമ്പലക്കമ്മിറ്റി വക
  രക്തസാക്ഷിമണ്ഡപത്തിന്റെ കരയിലും
  പൊതുമേഖലാസ്ഥാപനമായ
  ഷെയര്‍ മാര്‍ക്കറ്റിന്റെ കടവിലും” ഹാ!

  മറുപടിഇല്ലാതാക്കൂ