6/2/08

വിട്ടിലുകളുടെ വൃഷണം

ഓന്തിന്റെ ഹൃദയം
ഒരു പ്രയോഗവിഷയമായിരുന്നു
ബിരുദ പഠനത്തിന്.
സുവോളജി ലാബിലെ
ഫോര്‍മാലിന്‍ സുഷുപ്തിയില്‍ മുഴുകിയ
ഓന്തിന്‍ നെഞ്ചുകള്‍
കൃത്യതയോടെ വെട്ടി
വെളിച്ചത്ത് കൊണ്ടുവരണം
അറകളുള്ള ചോരക്കുമിളയെ.
ഹൃദയം ഓന്തിന്റേതായാലും
മുറിച്ചാല്‍ ജീവനുണ്ടാകില്ല
നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ !

തവളകളുടെ തലച്ചോറായിരുന്നു
മറ്റൊരു വിഷയം
കരയിലും വെള്ളത്തിലും
ഒരുപോലെ പെരുമാറുന്ന
അത്ഭുത പ്രതിഭാസം
ഫോര്‍മാലിനില്‍ മുക്കി
കുരിശില്‍ തറച്ചിട്ടാണ്
തലവെട്ടി പിളര്‍ത്തുന്നതെങ്കിലും
ഇടയ്ക്കെപ്പൊഴെങ്കിലും
ഒന്നുണര്‍ന്ന് കരഞ്ഞേക്കും
മരണത്തിലും ജീവിതത്തിലും
ഒരുപോലെ പെരുമാറാന്‍
അവയ്ക്കും കഴിയാറില്ല
നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ!

വിട്ടിലുകളുടെ വൃഷണമായിരുന്നു
മുറിച്ചുപഠിക്കാനുള്ളതില്‍
ഏറ്റവും ലളിതമായിരുന്നത്.
ഫോര്‍മാലിന്‍ മണപ്പിക്കണ്ട,
കുരിശില്‍ തറയ്ക്കണ്ട,
ഒരു കത്രികയെടുത്ത്
വെറുതേ മുറിച്ചെടുക്കാം,
ഉദരത്തിനു താഴെ.
വൃഷണം മുറിച്ചാലും
ജീവനുണ്ടാകും അവയ്ക്ക്.
ചിറകുകളും കാലുകളും
കണ്ണുകളും കൊമ്പുകളും
വായയും നെഞ്ചും
മാത്രമേയുള്ളെങ്കിലും
ഒരു പൂര്‍ണ്ണനായ വിട്ടിലെന്ന്
തോന്നിക്കുമാറ്, തുള്ളിക്കളിച്ച്,
സുവോളജി ലാബിന്റെ
ജനാലകടന്ന്, പൂത്തുനില്‍ക്കുന്ന
വാകമരത്തിന്റെ ചില്ലയിലേക്ക്
പറന്നുപോയിരുന്നു അവ.
നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ !


*വിട്ടില്‍

45 അഭിപ്രായങ്ങൾ:

 1. പുകഴ്‌ത്തലല്ല.ഓരോ കവിതയും പുതുമനിറഞ്ഞതാണ്‌. മാസികകളില്‍ കൊടുക്കരുതൊ? പരസ്യം പതിച്ചതിന്‌ ക്ഷമിക്കുക

  മറുപടിഇല്ലാതാക്കൂ
 2. ഒരു തരിപ്പ്...കാലുമുതല്‍ തലച്ചോറു വരെ.

  മറുപടിഇല്ലാതാക്കൂ
 3. ഹ് ! കവിത കൊള്ളാം.

  ഈ വിട്ടിലിനെ വിക്കിയിലൊന്നു കാണിക്കാമോ?

  മറുപടിഇല്ലാതാക്കൂ
 4. നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ !
  അനുഭവിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 5. ജീവന്‍
  ശരീരം
  ജീവിതം...

  മുറിച്ചു നോക്ക്
  വായിച്ചു നോക്ക്

  ഞാനും,മനുഷ്യനെപ്പോലെത്തന്നെ!!

  മറുപടിഇല്ലാതാക്കൂ
 6. ഓന്തിന്റെ നിറം മാറ്റവും തവളകളുടെ കര മാറ്റവും വൃഷ്‌ണം മുറിച്ചാലും ജീവനുള്ള വിട്ടിലിന്റെ സ്വഭാവവും സാംശീകരിച്ചില്ലെങ്കില്‍ മനുഷ്യനെങ്ങിനെയാ പൂര്‍ണ്ണനാവുക.......മരമായി പോവില്ലെ അവന്‍. നല്ല വരികള്‍ തന്നെ.

  മറുപടിഇല്ലാതാക്കൂ
 7. ഒരുപാട് എഴുതുന്നതിനിടയിലും പലപ്പോഴും നിങ്ങള്‍ക്ക് വായനക്കാരനെ ഞെട്ടിക്കാന്‍ കഴിയുന്നുണ്ട് സനാതനന്‍.

  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 8. സനാ....
  തലവെട്ടി പിളര്‍ത്തുന്നതെങ്കിലും
  ഇടയ്ക്കെപ്പൊഴെങ്കിലും
  ഒന്നുണര്‍ന്ന് കരഞ്ഞേക്കും
  മരണത്തിലും ജീവിതത്തിലും
  ഒരുപോലെ പെരുമാറാന്‍
  അവയ്ക്കും കഴിയാറില്ല

  മതി...

  മറുപടിഇല്ലാതാക്കൂ
 9. ഈയിടെ വായിച്ചതില്‍ മനസ്സിലായതും മനസ്സില്‍ തട്ടിയതുമായ കവിതകളില്‍ ഒന്ന്. മനോഹരം എന്നേ പറയാനുള്ളൂ. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 10. നല്ല കവിത എന്നു പറയാന്‍ മാത്രമേ കഴിയുന്നുള്ളൂ...
  ഞാന്‍ ഇങ്ങനെ ആലോചിച്ചിരുന്നോട്ടെ
  നന്ദി

  മറുപടിഇല്ലാതാക്കൂ
 11. വളരെ നന്നായിരിക്കുന്നു..........

  ദില്‍ബന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 12. ഇടിവാളേ വിട്ടിലിനെ ചൂണ്ടിയിട്ടുണ്ട്.
  എല്ലാവരോടും എന്റെ സന്തോഷം അറിയിക്കുന്നു.
  ഞാന്‍ എഴുതുന്നത് നിങ്ങളുടെയൊക്കെ(കമെന്റിട്ടവരും അല്ലാത്തവരുമായവര്‍) വായനകിട്ടും എന്ന കൊതികൊണ്ടാണ്.അതുപറയാന്‍ എനിക്കു നാണമില്ല

  മറുപടിഇല്ലാതാക്കൂ
 13. ഇത്രയൊക്കെ സഹിച്ചാലും ഓന്തിനും, തവളക്കും, വിട്ടിലിനും ഈ പ്രയോഗങ്ങള്‍ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ!

  മറുപടിഇല്ലാതാക്കൂ
 14. സനാതനന്‍,

  കവിതയുടെ ശക്തി മനസ്സിലാക്കുന്നു......അപാരമായ ഒരു മെസ്സേജ് ആണ് വൃഷണം മുറിച്ച (എന്നിട്ടും ഒന്നും സംഭവിക്കാത്തത് പോലെ നടക്കുന്ന) മനുഷ്യന്‍ എന്നതിലൂടെ താങ്കള്‍ പറഞ്ഞിരിക്കുന്നതെന്ന് എന്‍റെ വായന....ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 15. വളരെ നന്നായിട്ടുണ്ട് സനാതനന്‍.

  മറുപടിഇല്ലാതാക്കൂ
 16. വാക്കുകളൊരുപാടുണ്ടെങ്കിലു-
  മെല്ലാമൊരു വാക്കിലൊതു-
  ക്കാമോ അതതിശ്രേഷ്ഠമെങ്കില്‍...


  ചടുലമായ വരികള്‍, തീക്ഷ്ണമായ ആശയം!!!

  മറുപടിഇല്ലാതാക്കൂ
 17. സനാതനന്‍, ഞെട്ടികളഞല്ലോ നീ

  അതിമനോഹരം

  മറുപടിഇല്ലാതാക്കൂ
 18. ഈ കവിത മുഴുവനായി മനസ്സിലാക്കാന്‍ ഞാനാളല്ല. എങ്കിലും ഞാന്‍ വായിച്ചതിങ്ങനെയാണ്.

  ഈ കവിത രാഷ്ട്രീയം, ബ്യൂറോക്രസി, ജനാധിപത്യം എന്നീ മൂന്നു കോണ്‍ജുഗേറ്റഡ് ആയ വിഭാഗങ്ങളുടെ സ്വഭാവത്തെ പ്രതിപാദിക്കുന്നെന്നാണ് ഞാന്‍ വായിച്ചത്. നിറം മാറുന്ന ഓന്ത് കീഴ്മേല്‍ മറിയുന്ന രാഷ്ട്രീയനയങ്ങളുടെ/രാഷ്ട്രീയക്കാരന്റെ സിംബല്‍ ആണല്ലോ. സുഖലോലുപതയുടെ സുഷുപ്തിയില്‍ മയങ്ങിയ ആ ഓന്തുകളുടെ ഹൃദയം വെട്ടിപ്പൊളിച്ച് തനിനിറം പുറത്ത് കൊണ്ട് വരണമെന്ന കവിയുടെ ആഗ്രഹമായിട്ടാണ് ഞാനീ വരികളെ വായിച്ചത്,
  ഓന്തിന്‍ നെഞ്ചുകള്‍
  കൃത്യതയോടെ വെട്ടി
  വെളിച്ചത്ത് കൊണ്ടുവരണം
  അറകളുള്ള ചോരക്കുമിളയെ.
  പക്ഷേ മുറിച്ച് ചെന്നാലും ജീവനില്ലാത്ത വെറുമൊരു അവയവമേ കാണാനാകൂ എന്നതാണ് കാര്യം (എല്ലാവര്‍ക്കുമറിയുന്നത്).
  കരയിലും വെള്ളത്തിലും ഒരു പോലെ പെരുമാറുന്ന തലച്ചോറുള്ള തവളകള്‍ ബ്യൂറൊക്രാറ്റുകള്‍ ആണ്. അധികാരത്തിന്റെ മന്ദതയില്‍ മയങ്ങിക്കിടക്കുന്ന ഈ ഉഭയവര്‍ഗ്ഗ ജീവികളുടെ തല പിളര്‍ന്നാലും ആര്‍ജ്ജവത്തോടെ ഒന്നിടയ്ക്കെങ്കിലും ഉണര്‍ന്ന് കരഞ്ഞെങ്കില്‍.
  ഓന്തുകളുടെയും, തവളകളുടേയും ഇഷ്ടപ്പെട്ട ഭക്ഷണമാണ് പാവം വിട്ടിലുകള്‍. വൃഷണം മുറിക്കപ്പെട്ട് വന്ധ്യരാക്കപ്പെട്ട ജനങ്ങളാണ് ഈ വിട്ടിലുകള്‍. ചിന്തയ്ക്ക് വന്ധ്യംകരണം ചെയ്യപ്പെട്ടിട്ടും തുള്ളിക്കളിച്ച് അടുത്ത പൂച്ചില്ല തേടിപ്പറക്കാന്‍ കൊതിക്കുന്ന പ്രതികരണശേഷി നഷ്ടപ്പെട്ട പാവം ജനത...
  ഇതെന്റെ മാത്രം വായനയാണ്. എന്തിലും രാഷ്ട്രീയം കാണാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടായിരിക്കാം ഞാനിങ്ങനെ വായിച്ചത്.

  മറുപടിഇല്ലാതാക്കൂ
 19. നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ!
  ഇത് ആവര്‍ത്തിക്കുന്നത് കവിതയുടെ രസം കളയുന്നുണ്ടെന്നാണ് തോന്നുന്നത്.

  മറുപടിഇല്ലാതാക്കൂ
 20. സനാതനാ 'ചൂണ്ടുക, വിക്കി...' എന്തെങ്കിലും കോഡു ഭാഷയാണോ. തട്ടാനുള്ള മട്ടു വല്ലതുമുണ്ടോ ? തട്ടുന്നുണ്ടെങ്കില്‍ ബാക്കി വെച്ചേക്കരുതേ, തട്ട്യാല്‍ പാപം നണ്ണ്യാല്‍ തീരുമേ.... ഇവനേ കൂടേ തട്ടിക്കോ.....

  മറുപടിഇല്ലാതാക്കൂ
 21. നിറം മാറുന്ന ഒന്നില്‍ നിലനിന്നിരുന്ന മുറിച്ചാല്‍ ജീവനില്ലാതായിപ്പോകുന്ന അറകളുള്ള ചോരക്കുമിള , മരണത്തിലും ജീവിതത്തിലും ഒരുപോലെ പെരുമാറാനാവാത്ത ഉഭയാസ്തിത്വം, ഇല്ലായ്മയിലും പൂര്‍ണ്ണതയെ തോന്നിപ്പിക്കുന്ന സഞ്ചാരങ്ങള്‍....ഗംഭീര കവിത
  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 22. "ഒരു പൂര്‍ണ്ണനായ വിട്ടിലെന്ന്
  തോന്നിക്കുമാറ്, തുള്ളിക്കളിച്ച്,
  സുവോളജി ലാബിന്റെ
  ജനാലകടന്ന്, പൂത്തുനില്‍ക്കുന്ന
  വാകമരത്തിന്റെ ചില്ലയിലേക്ക്
  പറന്നുപോയിരുന്നു അവ.
  നമ്മള്‍ മനുഷ്യരെപ്പോലെ തന്നെ !"
  Castrate ചെയ്യപ്പെട്ട വിട്ടിലുകലെപ്പോലെ തന്നെയാണ് നമ്മള്‍, മനുഷ്യരും എന്ന കയ്പുള്ള സത്യം... പറയേണ്ടായിരുന്നു.
  Nice one.

  മറുപടിഇല്ലാതാക്കൂ
 23. അടിവയറ്റിലും പിന്നെ നെഞ്ചിലും ഒടുക്കം തലച്ചോറിലും ഒരു ചലനമുണ്ടാക്കി ഈ കവിത!

  മറുപടിഇല്ലാതാക്കൂ
 24. ഓരോ പാരയുടെയും അവസാനവരികള്‍‍ ആദ്യത്തേതിനെ കോരിക്കുടിക്കുന്ന കയ്പിന്റെ ഞെട്ടിപ്പിക്കുന്ന കണക്റ്റിവിറ്റി മൂല്യമുണ്ടല്ലോ; കവിത, വല്ലാത്തൊരവസ്ഥയില്‍ ഇത്തിരിനേരം ജീവിക്കാന്‍ ആവശ്യപ്പെടുന്നു.
  മാഷ്.....നല്ല കവിതയെന്ന് അത്രവട്ടം പറയണം!
  :)

  മറുപടിഇല്ലാതാക്കൂ
 25. ക്രൂരമായിപ്പോയല്ലോ ഈപരിഹാസം!
  ദിവസങ്ങള്‍ക്കുശേഷം,‘സനാതനന്‍’ തിരിച്ചെത്തിയിരിയ്ക്കുന്നു..
  അസ്സല്‍!

  മറുപടിഇല്ലാതാക്കൂ
 26. സുനീഷിന്റെ വായനയാണ് എനിക്ക് കവിത കാട്ടിത്തന്നത്.

  മറുപടിഇല്ലാതാക്കൂ
 27. അതേ വിഷ്ണുപ്രസാദ് കവിത കാട്ടിത്തരാന്‍ പാകത്തിലുള്ള വായന സുനീഷില്‍ നിന്നും സജിയില്‍ നിന്നുമൊക്കെ ഉണ്ടാകുന്നത് കാണുമ്പോള്‍ ശരിക്കും ഞാന്‍ അത്ഭുതപ്പെട്ടുപോകാറുണ്ട്.എന്റെ എഴുതിനെ ഇവരൊക്കെ നല്ലൊരളവില്‍ സ്വാധീനിക്കുന്നുമുണ്ട്.

  മറുപടിഇല്ലാതാക്കൂ
 28. കവിതയുടെ അവസാനമെത്തുമ്പോഴേക്കും നടുങ്ങിപ്പോയി,ശരിക്കും.ഉഗ്രന്‍

  മറുപടിഇല്ലാതാക്കൂ
 29. congrats ...
  award deserving...
  i also sent one of my poems to the award...
  but no doubt,yours is far far better...

  മറുപടിഇല്ലാതാക്കൂ
 30. അഭിനന്ദനങ്ങള്‍......ഈ കവിത അത് അര്‍ഹിക്കുന്നു..... അവാര്‍ഡ് ആണ് ഇപ്പോള്‍ അനുഗൃഹീതം ആയത്‌...

  മറുപടിഇല്ലാതാക്കൂ
 31. വളരെ സന്തോഷം തോന്നിച്ച വാർത്ത.
  അഭിനന്ദനങ്ങൾ സനാതനൻ

  മറുപടിഇല്ലാതാക്കൂ
 32. എനിക്കുതോന്നുന്നത്, സുനീഷിന്റെ ആസ്വാദനമാണ് താങ്കളെ സമ്മാനിതനാക്കിയതെന്നാണ്...സത്യത്തില്‍ അത്രക്കു ചിന്തപോയിരുന്നോ എഴുതുമ്പോള്‍? എന്തായാലും കവിത സുന്ദരം.തര്‍ക്കമില്ല.

  മറുപടിഇല്ലാതാക്കൂ
 33. വൈകിയാണ് എത്തിയത്, സുനീഷിന്റെയും മറ്റു കമന്റുകളുടെയും
  സഹായത്താല്‍ വായിച്ചു അയവിറക്കി....
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 34. വിട്ടിലുകളുടെ.... ഞെട്ടിച്ചു..തപ്പി നോക്കിപ്പോവുന്ന കവിത..

  മറുപടിഇല്ലാതാക്കൂ
 35. ആരേ ഉദ്ദേശിച്ചാണോ അവർക്ക്!!! നിങ്ങൾ ഒരു ബിസിനസുകാരൻ / സ്ത്രീ ആണോ?
  നിങ്ങൾ ഏതെങ്കിലും സാമ്പത്തിക മെസ് ലെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ ഫണ്ട് ആവശ്യം?
  നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യമുണ്ടോ?
  നിങ്ങൾ ഒരു കൺസോളിഡേഷൻ വായ്പ ആവശ്യമുണ്ടോ?
  നിങ്ങൾ ഒരു കോമ്പിനേഷൻ വായ്പ ആവശ്യമുണ്ടോ?
  നിങ്ങൾ ഒരു ഹോം ഇംപ്രൂവ്മെന്റ് ആവശ്യമുണ്ടോ?
  ഇമെയിൽ: hanusiinfo1@gmail.com
  നമ്പര്: 447035991103

  മറുപടിഇല്ലാതാക്കൂ