കഴുതകളും കുതിരകളും

കഴുതകളും
കുതിരകളും തമ്മിൽ
തർക്കത്തോടുതർക്കം

കഴുതകളോടുള്ള
ആദ‌മ്യമായ ഈർഷ്യകൊണ്ട്
കുതിരകൾ കഴുതകളെ
മുഖത്തുനോക്കി
കഴുതകളേ..കഴുതകളേ
എന്ന് വിളിച്ചു

അഗാധമായ
വംശസ്നേഹം കൊണ്ട്
കഴുതകൾ നെഞ്ചുവിരിച്ച്
ഞങ്ങൾ കഴുതകളാണ്
കഴുതകളാണ്
എന്ന് ഘോഷിച്ചു

എന്നാൽ പിന്നെ എന്താണ്
പ്രശ്നമെന്ന് ചില കോവർകഴുതകൾ
മൂക്കത്ത് വിരൽ‌വച്ച് നിന്നു...

ഒരേ സമയം കഴുതകളുടേയും
കുതിരകളുടേയും ഭാഷ
അവർക്ക് മാത്രമല്ലേ പക്ഷേ
അറിയുമായിരുന്നുള്ളു!