24/8/08

ഇടപെടുന്നവർക്ക്

ഇടപെടുന്നവളേ
എനിക്ക് എന്നെക്കുറിച്ച് നൽകാൻ
ഉറപ്പൊന്നുമില്ല
ബില്ലും ഗാരന്റി കാർഡുമില്ലാതെ
തെരുവുകച്ചവടക്കാരനിൽ നിന്നും വാങ്ങിയ
ചൈനീസ് യന്ത്രമാണെന്ന് എന്നെ കണ്ടാൽ മതി
നിന്റെ ഹൃദയം എന്നിലോടിക്കുമ്പോൾ
ഒരുപക്ഷേ നിന്റെ സ്ക്രീനിൽ തെളിയുക
എന്റെ വിചിത്ര ഭാവനകളാവും

നീയത് കണ്ട് തളർന്ന് പോകരുത്
എന്നെ വലിച്ചെറിയരുത്
ഞാനങ്ങനെയാണ്
ഒന്നിനും ഒരുറപ്പുമില്ലാത്തവൻ
വിരലുകളുള്ളതിനാൽ സ്പർശം കൈവിട്ട് പോകുന്നവൻ
ചുണ്ടുകളാൽ ചിലപ്പോഴെങ്കിലും ഭരിക്കപ്പെടുന്നവൻ
ലിംഗം മിക്കപ്പോഴും തെറ്റായ വഴിയിലേക്ക്
ചൂണ്ടിത്തരുന്നവൻ
സ്നേഹം നിറഞ്ഞാൽ പിന്നെ
സ്വാതന്ത്ര്യത്തിന്റെ അതിർത്തികളെ
കാണാൻ കഴിയാത്തവൻ

ഇടപെടുന്നവളേ
എന്നെക്കുറിച്ച് എനിക്ക് നൽകാനുള്ളത്
ഒരു മുന്നറിയിപ്പ് മാത്രമാണ്
ലിംഗമുണ്ട് സൂക്ഷിക്കുക
സ്നേഹം അതിന്റെ കാവലിലാണ്

9 അഭിപ്രായങ്ങൾ:

 1. ഒടുവില്‍ എന്നെ, ഞാന്‍ തിരിച്ചറിഞ്ഞെന്ന് ഒരു കവിതയെ തെറ്റി വായിക്കും.
  എന്നെ ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞെന്ന് വ്യാഖ്യാനിക്കും.
  അപ്പൊഴേയ്ക്കും വാക്കുകള്‍ പുതിയ അര്‍ത്ഥവ്യാപ്തിയോടെ വായിക്കപ്പെടും.
  അതുവരെയും ശേഷവും ഈ കവിതയില്‍ എനിക്ക് തലകുനിച്ചിരിക്കണം.
  നന്ദി.

  ലിംഗമെന്നതുപോലെ ശക്തമായൊരുപമ ഇനി വരാനില്ലായിരിക്കും.
  എന്നാലും;
  പുലിംഗമോ പുല്ലിംഗമോ പിരിച്ചെഴുതുമ്പോള്‍ ശരി?

  മറുപടിഇല്ലാതാക്കൂ
 2. "ഇടപെടുന്നവളേ
  എന്നെക്കുറിച്ച് എനിക്ക് നൽകാനുള്ളത്
  ഒരു മുന്നറിയിപ്പ് മാത്രമാണ്
  ലിംഗമുണ്ട് സൂക്ഷിക്കുക
  സ്നേഹം അതിന്റെ കാവലിലാണ് "

  ഗംഭീരം..

  മറുപടിഇല്ലാതാക്കൂ
 3. കവിത വെളിപ്പെടുത്തുന്നത് കവിയെ ആണോ ?

  മറുപടിഇല്ലാതാക്കൂ
 4. പട്ടിയുടെ സാനിദ്ധ്യമറിയിക്കാന്‍ പട്ടി പോരാതെ വരുമ്പോളാണ് ചിലര്‍ ഗേറ്റില്‍ ബോഡു തൂക്കുന്നത്, പട്ടിയുണ്ട് സൂക്ഷിക്കുക...

  എന്റെ പിന്നാലെ വരേണ്ട...ഞാന്‍ ലീവിലാണ്.

  മറുപടിഇല്ലാതാക്കൂ
 5. ആര്‍ക്കും ആരെക്കുറിച്ചും ഉറപ്പില്ലാത്ത ഈ കാലത്തോട് കവി ഉറക്കെ പ്രഖ്യാപിക്കലാണോ ഈ കവിതാ?

  മറുപടിഇല്ലാതാക്കൂ
 6. “ബില്ലും ഗാരന്റി കാർഡുമില്ലാതെ
  തെരുവുകച്ചവടക്കാരനിൽ നിന്നും വാങ്ങിയ
  ചൈനീസ് യന്ത്രമാണെന്ന് എന്നെ കണ്ടാൽ മതി“

  എങ്കിലും എനിക്ക്‌ ലിംഗമുണ്ട്‌... അത്‌ സൂക്ഷിക്കുക.

  മറുപടിഇല്ലാതാക്കൂ
 7. കിനാവേ :))

  സനല്‍ നന്നായി :)

  മറുപടിഇല്ലാതാക്കൂ
 8. നിന്റെ നല്ല കവിതകളില്‍ ഒന്ന്.

  ഇത്ര സ്വതന്ത്രമായി എഴുതാന്‍ കഴിയുന്നതാണ്‍ ഇതിലെ കവിത

  മറുപടിഇല്ലാതാക്കൂ