ചുവരുകൾ

ഉപേക്ഷിക്കപ്പെട്ടവരുടെ
ചുവരുകൾക്ക് പോലും
ജീവനുണ്ടായ് വരും
അതുകൊണ്ടാണവർ
ചുവരിൽ തലചേർത്ത്
വിതുമ്പുന്നത്

ഒന്നണച്ചുപിടിച്ചെങ്കിൽ
പുറത്തുതട്ടി മുകർന്നെങ്കിൽ
എന്നവർ ചുവരിനെക്കുറിച്ചുപോലും
കൊതിക്കുന്നുണ്ടാകും
കൈകളും കാലുകളും ഉണ്ടായിരുന്നെങ്കിൽ
ചുവരുതന്നെ അവർക്ക് ധാരാളം

കൈകളും കാലുകളും കൊണ്ട്
പുണരാറില്ലെങ്കിൽ മനുഷ്യൻ
വെറും ചുവരുപോലെ എന്നവർ
തിരിച്ചറിയും

കൈകളും കാലുകളുമില്ലാത്തതിന്റെ കുറവ്‌
ഞാനേറ്റവും കാണുന്നത്
എന്റെ പാവം തലയണയിലാണ്
മരിച്ചപെണ്ണിനെപ്പോലെ
ഞാൻ പുണർന്നാലും ഉണരാതെ
ഞാൻ കരഞ്ഞാലും കുതിരാതെ....