8/1/09

തിരിച്ചറിയപ്പെടുന്നതിന്റെ അടയാളങ്ങൾഈ നിമിഷം നിങ്ങളെന്നെ തിരിച്ചറിഞ്ഞത്
പറന്ന മുടികണ്ടാണോ,
മൂക്കിലെ മറുകുകണ്ടാണോ
നടത്തയിലെ മുടന്തുകണ്ടാണോ,
വടിക്കാത്ത താടികണ്ടാണോ
എന്നൊന്നും എനിക്കറിയില്ല...

അറിയാമായിരുന്നെങ്കിൽ,
തിരിച്ചറിയപ്പെടുന്നതിന്റെ
അടയാളങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ
ഞാൻ ബദ്ധശ്രദ്ധനായേനെ..

അതൊന്നും സൂക്ഷിക്കാത്തതിനാലാണോ
അടുത്തനിമിഷം നിങ്ങളെന്നെ
തിരിച്ചറിയാതെ പോകുന്നത്?

നിങ്ങൾ തിരിച്ചറിയാതെ പോകുമ്പോഴും
എനിക്കു നിങ്ങളെ തിരിച്ചറിയാനാകുന്നു
എന്നതാണ് എന്റെ പ്രതിസന്ധി

ആനമുടിപോലെ,അറബിക്കടലുപോലെ
ദിനം പ്രതി രൂപഭാവങ്ങൾമാറിയാലും
എനിക്കറിയാനാകുന്നു നിങ്ങളെ....

ചിലനേരങ്ങളിൽ നിങ്ങൾ പെട്ടെന്ന്
അറബിക്കടലുകളോ ആനമുടികളോ
ആകുന്നതാണോ നിങ്ങളുടെ പ്രതിസന്ധി!

എന്തായാലും ശരി,
ഏറെ നാൾ തിരിച്ചറിയപ്പെടാതെ
മോർച്ചറിയിൽ കിടക്കുന്ന ശവത്തെയെന്നപോലെ
പൊടുന്നനെ ഒരുനാൾ നിങ്ങളെല്ലാം കൂടി
വന്ന് തിരിച്ചറിഞ്ഞുകളയുമോ
എന്നതാണെന്റെ ഇപ്പോഴത്തെ പേടി...

9 അഭിപ്രായങ്ങൾ:

 1. എവിടെയെങ്കിലും വെച്ച് ആരാലെങ്കിലും തിരിച്ചറിയപ്പെടാതെ പോകുന്ന എത്രയോജന്മങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 2. ചിലപ്പോഴെങ്കിലും തിരിച്ചറിയപ്പെടാതിരിക്കുന്നതാ നല്ലത്....

  മറുപടിഇല്ലാതാക്കൂ
 3. തിരിച്ചറിയുന്നു!

  വെല്‍കം ബാക്ക്‌!

  മറുപടിഇല്ലാതാക്കൂ
 4. കവിത സുന്ദരം. മുഖമില്ലാത്ത അല്ലെങ്കില്‍ പലമുഖങ്ങളുള്ള ഈകാലത്ത്‌ സമൂഹത്തില്‍ അന്യനാകാതിരിക്കാന്‍ തിരിച്ചരിയാനുള്ള അടയാളങ്ങളും പേറി ജീവിക്കേണ്ടി വരിക. ആ ദുരന്തം കവിതയില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 5. ഈ നല്ല കവിതയെ തിരിച്ചറിയാതെ വയ്യ. പഴമ്പാട്ടുകാരന്‍.

  മറുപടിഇല്ലാതാക്കൂ
 6. നല്ല വരികളെ തിരിച്ചറിയുന്നു

  മറുപടിഇല്ലാതാക്കൂ