15/4/09

എന്റെ വോട്ട്-എന്റെ പ്രതിഷേധം

വോട്ട് ഒരു അവകാശമെന്നായിരുന്നു എന്റെ ധാരണ.
ഇപ്പോളത് ഒരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്നു.
എന്റെ വോട്ട് ആത്മാഭിമാനത്തോടെ വിനിയോഗിക്കാനുള്ള അവസരം ഇന്ന് ഒരു പ്രസ്ഥാനവും നൽകുന്നില്ല.
തന്ത്രപൂർവമല്ലാതെ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനവും ഇന്ന് എനിക്ക് മുന്നിലില്ല.
തന്ത്രപൂർവം എന്ന് പറയുമ്പോൾ ഒരു തരത്തിൽ അല്ലെങ്കിൽ
മറ്റൊരുതരത്തിൽ എന്നെ കബളിപ്പിക്കാനുള്ള ശ്രമം അടങ്ങിയ പ്രവർത്തനം എന്നാണ് അർത്ഥം.
ഞാൻ എന്തിന് എന്നെ കബളിപ്പിക്കുന്നവരുടെകൂടെ നിൽക്കണം.
അതല്ലെങ്കിൽ സ്വയം കബളിപ്പിച്ചുകൊണ്ട് ആരും എന്നെ കബളിപ്പിക്കുന്നില്ല എന്ന് ആശ്വസിക്കണം?
എങ്കിലും ഞാൻ വോട്ട് ചെയ്യും.
എന്റെ വോട്ട് എന്റെ പ്രതിഷേധമാണ്, തെരെഞ്ഞെടുപ്പല്ല...
അത് ശരിയായൊരു സിദ്ധാന്തമല്ല എന്നെനിക്കറിയാമെങ്കിലും മറ്റുവഴിയില്ല...

12/4/09

മഴയിൽ ഈ വിഷുക്കാലം

മഴയിൽ കൊഴിഞ്ഞ പൂക്കളെയോർത്ത്
കരഞ്ഞ് നിൽപ്പാണ് കണിക്കൊന്ന,
ആയിരമശ്രുകണങ്ങൾ മൊട്ടിട്ടൊരസ്ഥികൂടം പോലെ.
അതിന്റെ ദുഃഖം പകർന്നമട്ടിൽ ഇരുണ്ടൊരാകാശം,
പുലരിക്കണിയ്ക്കുണർന്നതില്ലാ ഇതുവരെയും സൂര്യൻ...

8/4/09

ദൈവം സാക്ഷിയല്ലാത്ത നിമിഷങ്ങൾ

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള
ചൂളംവിളിയുടെ ലോക്കൽ കമ്പാർട്ട്മെന്റിൽ
യാത്രക്കാർക്ക് ലഗേജ് വെയ്ക്കാനുള്ള ഉയരത്തിൽ
ഉറങ്ങുകയാണെന്ന ഭാവേന കയറിയിരുന്ന്
ദൈവം ഭൂമിയിലേക്കെന്നപോലെ
താഴേക്ക് നോക്കുകയായിരുന്നു ഞാൻ.

താഴെ കാലുകുത്താൻ സ്ഥലമില്ലാത്തവണ്ണം
തിങ്ങി നിറഞ്ഞ ജീവിതം.
ഒറ്റക്കാലിൽ തപസുചെയ്യുന്ന മാമുനിമാർ
മുട്ടിയുരുമ്മി തപസിളക്കാനെത്തുന്ന
മേനകമാർ
യുദ്ധം കഴിഞ്ഞ് ആയുധങ്ങളുമായി
മടങ്ങിപ്പോകുന്ന യോദ്ധാക്കൾ
കഴിഞ്ഞ പോരാട്ടത്തെ മുൻ‌നിർത്തി
വരാനിരിക്കുന്നതിനെ വ്യാഖ്യാനിക്കുന്ന
പണ്ഢിതവരേണ്യർ
പുകവലിക്കരുതെന്ന നിയമത്തെ
പുകവലിച്ചുകൊണ്ട് ഓർമ്മിപ്പിക്കുന്ന
നിയമപ്രാചാരകരിങ്ങനെ
ദീർഘചതുരത്തിൽ ഒരുമഹാഭാരതം
അതിനിടയിൽ അഴകൊത്ത ഒരു പെണ്ണും
അരികിൽ ഒരുത്തനും.

ഉറക്കത്തിന്റെ ഒന്നുരണ്ട് ചെറുകിടസ്റ്റേഷനുകളിൽ
രണ്ടോ മൂന്ന് മിനിട്ടുകൾ നിർത്തിയിട്ടെന്നല്ലാതെ
ഞാനെന്ന ദൈവം ഉണർവിന്റെ
ദീർഘമായ പാളങ്ങളിലൂടെ ലക്ഷ്യബോധത്തോടെ
ഓടുകതന്നെയായിരുന്നു.
അവൻ അവളെ വലതുകൈകൊണ്ടാണ് തൊടുന്നതെങ്കിൽ
ഏറ്റവും സാധ്യമായ സ്ഥാനം ഏതായിരിക്കും!
അവൻ അവളെ ഇടതുകൈകൊണ്ടാണ് തൊടുന്നതെങ്കിൽ
ഏറ്റവും സാധ്യമായ സ്ഥാനം ഏതായിരിക്കും!
വലതായാലും ഇടതായാലും
ആ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ
ഉണർന്നിരിക്കണേ ഉണർന്നിരിക്കണേ എന്ന്
കണ്ണുകൾ ഞാൻ തുടരെ തിരുമ്മിക്കൊണ്ടിരുന്നു.

ഇടമില്ലാത്തതിന്റേ വിമ്മിട്ടത്തിൽ
അവൾ ചെരിഞ്ഞിരുന്നപ്പോൾ
അവളുടെ മുലവടിവ് ഞാൻ വിമർശനം ചെയ്തു
അവൾക്ക് ഇടം നൽകാനെന്നപോലെ
അവൻ പിന്നിലേക്ക് നീങ്ങിയപ്പോൾ
അവന്റെ മനസു വായിച്ച് രസിച്ചു.
അവന്റെ ഇടം കയ്യോ വലം കയ്യോ
എന്ന ചോദ്യം ഹൃദയത്തിൽ മിടിച്ചു.
അവളൊരൽ‌പ്പം കുനിഞ്ഞപ്പോൾ
തയ്യൽ വിട്ടുപോയ ചുരിദാറിന്റെ വിടവിലൂടെ
അവളുടെ തൊലിവെളുപ്പിനു മാർക്കിട്ടു...

ഉറങ്ങല്ലേ ഉറങ്ങല്ലേ എന്നമന്ത്രമുണ്ടായിരുന്നെങ്കിലും
ആ ദിവ്യമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ
എനിക്ക് കഴിഞ്ഞില്ല
ഉറക്കത്തിന്റെ ഒരു ചെറുതുരങ്കം കടക്കുന്നതിനിടയിൽ
അവൾ എന്റെ കാഴ്ചച്ചതുരത്തിൽ നിന്ന് ഇറങ്ങിപ്പോയി.
അവനാണെങ്കിൽ തന്റെ കൈകൾ രണ്ടും കവിളിൽചേർത്ത്
ഒരു ദീർഘനിദ്രയെപ്രാപിച്ച്
എനിക്ക് താൽ‌പ്പര്യമില്ലാത്ത ദാരുശിൽ‌പ്പമായി.
എത്രയൊക്കെ കരുതലുണ്ടായാലും,
ദൈവം സാക്ഷിയല്ലാത്ത
ചിലമുഹുർത്തങ്ങളുണ്ടാകുന്നതെങ്ങനെയെന്ന്
എനിക്ക് മനസിലായി....