മഴയിരമ്പം

മഴപെയ്യും മുൻപ്
മാ‍നം മുട്ടെ ഉയരുന്ന
ഒരാരവമുണ്ട്...
അത് കേൾക്കുമ്പോൾ തുടങ്ങും
മഴക്കുളിരുണർത്തുന്ന
രോമഹർഷം.
ഏറെ മഴകൾ നനഞ്ഞിട്ടും
മഴയുടെ സംഗീതമാണതെന്നായിരുന്നു
ധരിച്ചിരുന്നത്.
അതുതന്നെയായിരുന്നു മഴകളുടെ നാട്യവും.
ശക്തിസ്വരൂപനായ മഴ.
സൌന്ദര്യധാമമായ മഴ.
ശക്തിസ്വരൂപിണിയായ മഴ.
ഉഗ്രമൂർത്തിയായ മഴ.
ഈയിടെയായി
മഴയിരമ്പത്തിനുപിന്നാലെ
മഴവന്ന് പോകും;
മണ്ണ് നനയാതെ,
മനസു നിറയാതെ.
അങ്ങനെ
എത്രയെങ്കിലും മഴപ്പത്രാസുകൾക്ക്
കാതോർത്തിരുന്നിട്ടാണ് അറിയുന്നത്,
മഴയുടെതല്ല
മഴവരുന്നേ എന്ന് ആർത്തലക്കുന്ന
ഇലത്തലപ്പുകളുടേതാണതെന്ന്;
ഭ്രമിപ്പിക്കുന്ന ആ സംഗീതം.
മഴയിരമ്പം.

മഴയിരമ്പമേ
നീ
മഴയിരമ്പമല്ല
ഇലയിരമ്പമാകുന്നു
ദുർബലമായ ഇലകളുടെ മുറവിളി
അതുകൂടിയില്ലായിരുന്നെങ്കിൽ
മഴയെത്ര ദുർബലമാണെന്ന്
ഓരോ മഴയും
ഇപ്പോൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.