23/8/09

ദളിത കവി

പുന്നെല്ല് വേവുന്നതിന്റെ മണം
പിടിതരുന്നില്ലെങ്കിലും
വയൽത്തണ്ടിന്റെ ഊത്തും
കരഞണ്ടിന്റെ ഇറുക്കും
നനഞ്ഞ മണ്ണിളകുമ്പോൾ
കലപ്പനാവിൽ നിന്നുയരുന്ന
മന്ത്രവാദവും മറന്നിട്ടില്ല

കലപ്പയേന്തിയ കർഷകനെ
ചുവരിൽ വരച്ചിരുന്ന
കോശിയുടെ
മണ്ണുപൂശിയ വീട്
പൊളിഞ്ഞുപോയെങ്കിലും
വേലിയിലെ
ചെമ്പരത്തിപ്പൂവിന്റെ
ചുവപ്പു മാഞ്ഞിട്ടില്ല

മുറമ്പോലെ
വിരിഞ്ഞ്, ആകാശം നോക്കി
കിടക്കുന്ന മുറ്റത്ത്
കൊറ്റു പാറ്റിക്കൊഴിച്ചിരുന്ന്
സൊറപറയുന്ന
അമ്മായി മാർക്ക്
കൂട്ടിരിക്കാറുണ്ടായിരുന്ന
അമ്പിളിയമ്മാമനെ മറന്നിട്ടില്ല

പത്തായവും
പട്ടിണിയും ഒരുമിച്ചു വീതം കിട്ടിയ
ജന്മിയും
കുടിയാനുമായിരുന്നെങ്കിലും
ഓലവാരിയിൽ
അച്ഛൻ സൂക്ഷിച്ചിരുന്ന
കൊയ്ത്തരിവാൾ മൂർച്ച
ഇനിയും മറന്നിട്ടില്ല

പുന്നെല്ല് വേവുന്നതിന്റെ മണം
പിടിതരുന്നില്ലെങ്കിലും
പുഴുക്കലരി ചിക്കാനുള്ള
ഈറമ്പായയിൽ
ചാണകം കൊണ്ട്
അമ്മ വരച്ചിരുന്ന
ചിത്രങ്ങളൊന്നും മറന്നിട്ടില്ല

മറക്കാത്ത ചിത്രങ്ങൾ കൊണ്ട്
ഞാനൊരു കവിതയുണ്ടാക്കിയാൽ
ഓർക്കാത്ത ശിൽ‌പ്പങ്ങളിൽ നിന്ന്
ഇറങ്ങിവരുന്ന
നിങ്ങളെല്ലാം ചേർന്ന്
എന്നെ
ദളിത കവി
എന്ന് വിളിച്ചാലോ!

അല്ലെങ്കിൽത്തന്നെ
ഉറക്കത്തിലെപ്പോഴും മനപ്പാഠം
ചൊല്ലുന്ന ഒറ്റവരിക്കവിതയ്ക്ക്
കാള ർ‌ർ‌ർ‌ർ‌റ
എന്ന താളമാണെന്ന്
ഭാര്യ പറയാറുണ്ട്..

9 അഭിപ്രായങ്ങൾ:

 1. “കാള ർ‌ർ‌ർ‌ർ‌റ“ എന്ന താ‍ളത്തിലുള്ള കവിത ഒരു ലേബലുകളെയും ഭയപ്പെടേണ്ടതില്ല:)

  മറുപടിഇല്ലാതാക്കൂ
 2. vythasthamaya oru anubhava prapancham varachu vechirikkunu...

  http://panikkaran.blogspot.com/

  മറുപടിഇല്ലാതാക്കൂ
 3. പത്തായം നിറയെ പട്ടിണി..
  ഈറപ്പായയിലെ ചാണാന്‍ ചിത്രങ്ങള്‍..
  ദളിത കവീ..

  മറുപടിഇല്ലാതാക്കൂ
 4. വേലിയിലെ
  ചെമ്പരത്തിപ്പൂവിന്റെ
  ചുവപ്പു മാഞ്ഞിട്ടില്ല
  ..nalla kavitha.

  മറുപടിഇല്ലാതാക്കൂ
 5. "കൊയ്ത്തരിവാൾ മൂർച്ച
  ഇനിയും മറന്നിട്ടില്ല"

  ആ മൂര്‍ച്ച പോരെ, കവിതയുടെവായ്ത്തല തിളങ്ങാന്‍.

  മറുപടിഇല്ലാതാക്കൂ
 6. എന്റെ പൊന്നു കവിയെ...
  എന്തൊരു ഒഴുക്കാ താങ്കളുടെ ഭാവനക്ക്..വരമ്പുകടന്ന് ...നാലു ചുറ്റും പദങ്ങള്‍കൊണ്ടൊരു അമ്മാന മാട്ടം അല്ലേ..? അതെല്ലെ സനലേട്ടന്‍ ചെയ്തത്..?എന്ന് വെച്ച് ദളിത കവിയൊന്നൊന്നും വിളിക്കാന്‍ ഞാനില്ലെ..?വേണമെങ്കില്‍ ഞങ്ങളുടെ ഗ്രാമീണ കവി കുമാരന്‍ എന്നു വിളിക്കാം ! എന്തെ , ഇഷ്ടായില്ലെ..?

  മറുപടിഇല്ലാതാക്കൂ