നങ്കൂരം

നിശബ്ദതകൊണ്ട് തുഴഞ്ഞ്
കരയിലൂടെ കപ്പലോടിക്കുകയാണ് ഞാൻ
മുന്നിൽ വെയിലുതട്ടിത്തിളങ്ങുന്നു
പഴയ തകർച്ചയുടെ സ്മാരകങ്ങൾ.

മണൽ വഞ്ചിയിൽ ഊറിനിറയുന്ന കലക്കവെള്ളം പോലെ
ശൂന്യതകളിൽ വന്നുനിറയുന്ന ശബ്ദങ്ങളെ
ഊറ്റിക്കളഞ്ഞ്
കപ്പലോടിക്കുകയാണ് ഞാൻ
മുറ്റത്തൂടെ
മുറികൾക്കുള്ളിലൂടെ
അടുക്കളയിലൂടെ
അടുപ്പുകല്ലുകൾക്കിടയിലൂടെ

ചില്ലകളിൽ നിന്നും കാറ്റ് പോയ വഴിയേ ഇലകൾ
ദുർബലമായി കണ്ണെറിയുമ്പോലെ എന്റെ പായ്മരം
താറാവുകളെന്ന് തടാകത്തെ പറ്റിക്കുന്ന
തൂവലുകൾപോലെ എന്റെയമരം.
കപ്പലോടിക്കുകയാണ് സ്റ്റേജിൽ
ഒരിടത്തും നീങ്ങാതെ
ഉലഞ്ഞുലഞ്ഞ്
കപ്പലായി നടിക്കുന്ന നങ്കൂരം.