25/2/10

ഓരി

ഇടയ്ക്കിടെ ഓരിയിട്ടില്ലെങ്കിൽ
അവനെ മറന്നുപോയെങ്കിലോ എന്ന്
വളർത്തുനായ കരുതുന്നു
അതുകൊണ്ട്
കെട്ടിൽക്കിടന്ന് മുറുകിയ തൊണ്ടയിൽ നിന്ന്
ഒരക്ഷരം വലിച്ചുനീട്ടി അവൻ
ഒരു നീളൻ ഒച്ചയുണ്ടാക്കുന്നു.
ഞങ്ങൾ പക്ഷേ,
അവന്റെ നിലവിളിവള്ളി
പടർന്നുകയറിയ രാത്രികളിൽ
ഓർത്തിരുന്നത്
കാലനെയാണെന്ന് മാത്രം.

16/2/10

സ്മാരകം

ഇത് ഒരു സ്മാരകമാണ്.പരസ്യമായി ചോദിക്കപ്പെട്ടു എന്ന കുറ്റത്തിന് ജീവനോടെ കുഴിച്ചുമൂടിയചോദ്യത്തിന്റെ. കുഴിക്കുള്ളിൽ കിടന്നും മുക്രയിട്ടതുകൊണ്ട് മണ്ണ് മാന്തി പുറത്തിട്ടത്. എന്നിട്ടും സഹിക്കാതെ വീണ്ടും കുഴിച്ചുമൂടിയത്.ആ ചോദ്യം ചത്തു..ചീഞ്ഞു..അതിന് എന്റെ വക ഒരു സ്മാരകം.ഇങ്ങനെ ഒന്നുണ്ടായി എന്ന് എന്നെങ്കിലും ആരെങ്കിലും ഓർക്കാതെ പോകണ്ട. ചില കാക്കകൾക്ക് ഇച്ചിയിടാനെങ്കിലും ഭാവിയിൽ ഇത് ഉപകരിക്കും

11/2/10

ഉത്തരങ്ങളെ സ്വപ്നം കാണുന്നവർ

ഉത്തരം ചോദിച്ചതിന്റെ പേരിൽ
പുറത്താക്കപ്പെട്ടവർ സംഘടിച്ചു.
ചോദ്യം മുദ്രാവാക്യവും
ഉത്തരം ലക്ഷ്യവുമാക്കി അവർ
തെരുവിലൂടെ മാർച്ചുചെയ്തു.
ചോദ്യത്തിന്റെ കട്ടൌട്ടുകൾ
ഉയർത്തി ജനത അവരെ സ്വീകരിച്ചു.
ചോദ്യം പ്രതിഷ്ഠയായി ക്ഷേത്രങ്ങൾ ഉയർന്നു.

ചോദിക്കുന്നവരുടെ സംഘടന വളർന്നു,
ഉത്തരത്തെക്കുറിച്ച് അത് മറന്നു.
ആരോ അതേക്കുറിച്ച്
ഓർമ്മിപ്പിച്ചപ്പോൾ
ചോദ്യം തന്നെ ചോദ്യവും
ചോദ്യം തന്നെ ഉത്തരവും എന്ന
ലളിതമായ സിദ്ധാന്തമുണ്ടായിവന്നു.

പിന്നീട് ആരെങ്കിലും ഉത്തരം ചോദിച്ചാൽ
“ചോദിക്കാൻ ഇവനാരെടാ ?”
എന്ന കത്തി കൊണ്ട്
അവർ അയാളുടെ കഴുത്തരിഞ്ഞു.
ചോദ്യങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന ശ്മശാനത്തിലാണ്
ഞങ്ങളിപ്പോൾ ഉത്തരങ്ങളെ സ്വപ്നം കാണുന്നത്.

8/2/10

അരിയുടെ വിലയിന്നെത്തറയാ

ഉച്ചയ്ക്കൂണിന് അരിയും വാങ്ങി
തോട്ടുവരമ്പേ പോകുന്നു
തോട്ടുവരമ്പിന്നപ്പുറമോ
വെയിലുവിളഞ്ഞൊരുവയലാണ്
തോട്ടുവരമ്പിന്നിപ്പുറമോ
കണ്ണുകലങ്ങിയ തോടാണ്

ഉച്ചയ്ക്കൂണിന് അരിയും വാങ്ങി
തോട്ടുവരമ്പേ പോകുമ്പോൾ
വയലിൽ നിന്നൊരു വിളിപൊങ്ങി
നടുവെയിലിൽ കുത്തനെ നിൽക്കുന്നു
നടുവെയിലും കുന്നനെ നിൽക്കുന്നു

വയലിൽ കേട്ടതു കേട്ടോ എന്ന്
കൊക്കുകളോടും ചോദിച്ചു
വയലിൽ കേട്ടതു കേട്ടോ എന്ന്
കാക്കകളോടും ചോദിച്ചു
കാക്കളാട്ടെ കൊക്കുകളാട്ടെ
ബൊമ്മകൾ പോലെ നിൽക്കുന്നു
വയലോ പെറ്റുതളർന്നൊരു വയറു
കിടക്കണ പോലെ കിടക്കുന്നു.

തോട്ടിൽ നിന്നൊരു മീൻ‌കൊത്തി
മീൻ‌കൊത്തിയുയർന്നുപറക്കുന്നു.
ഉച്ചയ്ക്കൂണിന് അരിയുംവാങ്ങി
പോവുകയാണ് മറക്കണ്ട
തോട്ടുവരമ്പേ രമ്പേ അമ്പേ
വീട്ടിനു നേരേ പായുന്നു, ഞാൻ
വീട്ടിനു നേരേ പായുന്നു.

കൈതക്കൂടൽ കഴിയും മുൻപേ
വയലിൽ വീണ്ടും വിളിപൊങ്ങി
തോട്ടുവരമ്പതുകേട്ടുവിറച്ചു
കാക്കകൾ,കൊക്കുകൾ
ഞെട്ടിയുയർന്നു
കൈതക്കൂടൽ കാറ്റിലുലഞ്ഞു
വിറകുകണക്ക് വരണ്ടൂ ഞാൻ
വയലിൽ കണ്ണുവിതയ്ക്കുമ്പോൾ
പെറ്റുതളർന്നൊരു വയലിലതാ
ഒരു കലപ്പനാവു തിളങ്ങുന്നു
‘പറയെട ചെക്കാ പറയെട പറയ്
അരിയുടെ വിലയിന്നെത്തറയാ...“