24/12/10

എന്നെപ്പോലൊരുവൻ

പെരുവിരലിന്റെ നീണ്ടുവളർന്ന നഖം,
വെട്ടിക്കളയുകയായിരുന്നു..

കൈവിരലുകൾ വിറച്ച്,
മൂർച്ചയുടെ സ്റ്റീൽപ്പാളി, പാളി.

ഉൾക്കിടിലത്തിന്റെ ഭൂഗർഭപാറകൾ
തമ്മിലുരസി,ഉയർന്നുപൊന്തിയ
ഹിമാലയത്തിൽ വലിഞ്ഞുകയറി
ഞാൻ താഴേക്കു നോക്കി..

ഒരു കൊടുങ്കാറ്റ്, തീവണ്ടിത്തലപോലെ മുരടിച്ച്
പശ്ചിമഘട്ടത്തിൽ വന്നിടിച്ചുനിൽക്കുന്നു.
ഒരു കാട്ടുപന്നിയുടെ മുരൾച്ച കാതുതുളച്ച്
അറബിക്കടലിൽ കുത്തിനിൽക്കുന്നു.
ഒട്ടും മുറിവേൽക്കാത്തപോലെ
ഒരു ഭാവം മുഖത്ത് മെഴുകി
റോഡപകടത്തിൽ ചിതറിയൊരു പകൽ ചിരിക്കുന്നു.
കാടുകത്തിച്ച് വലിച്ച് ഒരു കാട്ടാളൻ മേഘം
ഉച്ചിയിൽ ഉറഞ്ഞുനിൽക്കുന്നു.
ഭൂമിയുടെ മറുവശത്തുനിന്നും ചോനാനുറുമ്പുകൾ
അരിമണിതേടി അച്ചുതണ്ട് തുരക്കുന്നു.
മജീഷ്യന്റെ തൂവാലയിലെ ചിത്രം പോലെ എല്ലാം..
എല്ലാറ്റിനും ഒടുവിൽ,
ഏകാന്തതയുടെ കടൽ നടുവിൽ
കത്തുന്നൊരു കത്തിയും കയ്യിൽ പിടിച്ച്
കാൽ‌വിരലിൽ നിന്നെന്നെ മുറിച്ചെറിയാൻ തുടങ്ങുന്നു
എന്നെപ്പോലൊരുവൻ..

1/12/10

രക്ഷമാം

വേടന്റെ കൂട്ടിൽ നിന്ന് ചാടി
കടുവയുടെ മടയിൽ പെടുമ്പോലെയാണ്
രക്ഷപ്പെടലുകളെല്ലാം

അവൻ രക്ഷപ്പെട്ടു എന്ന് ഞാൻ
പറഞ്ഞപ്പോഴും
ഞാൻ രക്ഷപ്പെട്ടു എന്ന് അവൾ
പറഞ്ഞപ്പോഴും സംഭവിച്ചത് മറ്റൊന്നല്ല

രക്ഷപെട്ടു എന്നാൽ എന്താണ് സത്യത്തിൽ..!
റിട്ടയറാവുന്നതിന്റെ തലേന്ന് മരിച്ചുപോയ
ആളുടെ മകൻ എന്നാണോ ?
പ്രതീക്ഷിച്ച ട്രയിൻ കിട്ടാ‍തെ വന്നതിനാൽ
ഒളിച്ചോട്ടത്തിനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടിവന്ന
കാമുകീകാമുകന്മാരെന്നോ?

ആർക്കറിയാം..?
എന്തായാലും എനിക്കറിയില്ലതന്നെ..
ഞാൻ ഇനിയും രക്ഷപെടാനിരിക്കുന്നതേയുള്ളു
രക്ഷപെടലിൽ നിന്ന് രക്ഷപെട്ട് രക്ഷപെട്ട്
ഞാനിങ്ങനെ കാത്തിരിക്കുന്നു
ഒടുക്കത്തെ രക്ഷപെടലിനായി..

അതുവരെ
സ്വന്തം തുകലിൽ ചെണ്ടയുണ്ടാക്കി
കൊട്ടിപ്പാടുന്നവരുടെ ക്യൂവിൽ ഞാനുമുണ്ടാകും..