ചൊറിയൻ

പരിണാമശാസ്ത്രത്തിന്റെ
കണക്കും കള്ളക്കളികളുമറിയാത്ത
തവളക്കുഞ്ഞിനെപ്പോലെ
വാലും ചിറകും ജലശരീരവും കണ്ട്,
മീനാണുഞാനെന്ന് കരുതി,
കടൽ നീന്താൻ കച്ചകെട്ടിയിറങ്ങി...
കടലിലേക്കുള്ള യാത്രാമധ്യേ
കാൽ മുളയ്ക്കാൻ തുടങ്ങി..
വാലും കാലും വലിയവായും കണ്ട്,
മുതലായാവുകയാണോ ഞാനെന്ന് ശങ്കിച്ച്,
കടൽ‌യാത്ര പാതിയിൽ നിർത്തി
കായൽ വക്കിലെ അത്തിച്ചോട്ടിൽ തങ്ങി...
അത്തിപ്പഴം തിന്നുതിന്നാവാമെന്റെ
ചിറക് ചുരുങ്ങാൻ തുടങ്ങി..
കരയും മരവും
മരക്കൊമ്പിലെ ഹൃദയവും
പുതിയവ്യാമോഹമായി..
കാലും വാലും കുരങ്ങിനോടുള്ള
പ്രണയവും കണ്ട്
കുരങ്ങിന്റെ വംശമോ ഞാനെന്ന്
ശങ്കയുണ്ടായി, തീരത്തിലേക്ക് കയറി..
കാറ്റും വെയിലും കൊണ്ടാണോയെന്തോ
എന്റെ വാലും ചുരുങ്ങിയില്ലാതായി.
ഇപ്പോൾ മരക്കൊമ്പിലെ ആകാശ-
മെന്നെ കൊതിപ്പിക്കുന്നു,
മേഘങ്ങളിൽ ചിത്രം വരയ്ക്കുന്ന പക്ഷികളും...
പരിണാമശാസ്ത്രത്തിന്റെ
കണക്കും കള്ളക്കളികളുമറിയാത്തതിനാൽ
ഒരു ചൊറിയൻ തവളമാത്രമാണ്
ഞാനെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...