അടുപ്പില്‍ വേകുന്നത്

തോട്ടില്‍ ഒരോലമടല്‍ വീഴുന്നതുകണ്ട്
അതില്‍ ഒരു കവിതയുണ്ടല്ലോയെന്നോര്‍ത്ത്
ഞാന്‍ ചാരുകസേരയില്‍ ഒന്നാഞ്ഞിരിക്കുന്നു
തോട്ടില്‍ ഓലമടല്‍ ഓളങ്ങളുണ്ടാക്കുന്നു
ഒച്ചയുണ്ടാക്കുന്നു
മാനത്തുകണ്ണികളെ ഭയപ്പെടുത്തുന്നു

അമ്പരപ്പിക്കുന്നു
ഒന്നുരണ്ട് കൊറ്റികള്‍
പറന്നുയരുന്നു
അവയുടെ കൂര്‍ത്ത ചുണ്ടു തട്ടി
ആകാശം തകര്‍ന്ന് തോട്ടില്‍ വീഴുന്നു
ഓലയിതളുകളില്‍ വെള്ളം ഉമ്മവെയ്ക്കുന്നു
അവയില്‍ ഉന്മാദം ചിറകടിക്കുന്നു
വെള്ളം ഉയരുന്നു, താഴുന്നു..
നിശ്ചലമാകുന്നു..
തോട്ടില്‍ , ഓലമടലില്‍ , ഒച്ചയില്‍
അനക്കത്തില്‍
നിശ്ചലതയില്‍
തകര്‍ന്ന ആകാശം കിടന്നു തിളങ്ങുന്നു.

ഓലമടല്‍ വിഴുന്ന ശബ്ദം കേട്ട്
അയല്‍ വീട്ടില്‍ നിന്നൊരു കാറ്റുപുറപ്പെടുന്നു
അത് വാതില്‍ തള്ളിത്തുറന്ന്
തോട്ടിലേക്കാഞ്ഞു വീശുന്നു
ഒരു പെണ്ണുലയുന്നതിന്‍ മണം
വഴിയില്‍ വരയിടുന്നു
വെയിലില്‍ പരക്കുന്നു
തോട്ടില്‍ വീണ്ടും ഒച്ചയുണ്ടാവുന്നു
ഓലമടല്‍ വീണ്ടും മീനുകളെ
ഭയപ്പെടുത്തുന്നു
അമ്പരപ്പിക്കുന്നു
പച്ചോലത്തുമ്പിലിരുന്ന കൊറ്റികള്‍
ഉയര്‍ന്നു പറക്കുന്നു
അവയുടെ കൂര്‍ത്ത ചുണ്ടുകള്‍ നീട്ടി
ഉടഞ്ഞ ആകാശത്തിലൂടെ പുറത്തേക്ക് കടക്കുന്നു
എന്റെ കവിത
തോട്ടുവരമ്പേ ഇഴഞ്ഞ്
അയല്‍ വീട്ടിലെ അടുപ്പിലേക്കെത്തുന്നു
അതിന്റെ രരരരരരരരരരര
ശബ്ദത്തില്‍ എന്റെ കാതു മൂര്‍ച്ഛിക്കുന്നു
ഞാന്‍ കണ്ണടച്ചിരിക്കുന്നു
കാതുപൊത്തുന്നു
അടുപ്പില്‍ നിന്നുയരുന്നു
നനഞ്ഞ ഓല കത്തുന്നതിന്‍ മണം
മീന്‍ കരുവാടു വേവുന്നതിന്‍ മണം
പുകയില്‍ അവള്‍ വാടുന്നതിന്‍ മണം
എനിക്ക് നന്നായി വിശപ്പു തോന്നുന്നു.