16/3/12

ഭൂമിയെഴുതിയ കവിതകള്‍


വെളിച്ചത്തോടുള്ള പ്രണയം പൊറുതിമുട്ടിച്ചപ്പോള്‍
ഏകാന്തമായ ഏതോ രാത്രിയില്‍ ഭൂമി
അറിയാതെ എഴുതിപ്പോയ കവിതകളാണ് മരങ്ങള്‍ ..
എനിക്കാദ്യം എനിക്കാദ്യമെന്ന്
മേഘങ്ങളില്‍ നിന്നിറങ്ങിവരുന്ന ഓരോ തുള്ളി വെളിച്ചവും
മത്സരിച്ച് കുടിച്ചുതീര്‍ക്കുന്ന ഇലകള്‍ കണ്ടില്ലേ
കാറ്റിന്റെ അമ്പുകളേറ്റ് പലതായി പിഞ്ഞിപ്പോയ ഉടല്‍
ഒരു നിലവിളിപോലെ വീശിയെറിഞ്ഞ്
ആകാശമേ എന്നു യാചിക്കുന്ന ശിഖരങ്ങള്‍ കണ്ടില്ലേ
മണ്ണിനെ പൂണ്ടടക്കം പുണര്‍ന്നുമ്മവെച്ച്
ആഴത്തിന് ഇനിയെത്ര ആഴമുണ്ടെന്നളക്കുന്ന
ബലിഷ്ടമായ വേരുകളെ കണ്ടില്ലേ
മരങ്ങളെക്കാള്‍ പ്രണയസാന്ദ്രമായ കവിതയുണ്ടോ വേറെ.

1 അഭിപ്രായം: