വിരലിനോടും രോമങ്ങളൊടും ഇരുട്ടിനോടും

ഇരുട്ടില്‍ മുഖം തലോടുമ്പോള്‍
രോമങ്ങളോട് വല്ലാതെ വാത്സല്യം തോന്നി
കാലപ്പഴക്കം വന്ന കല്‍പ്രതിമയുടെ
അടര്‍ന്നു വീണ ശിരസിലേതുപോലെ
മാഞ്ഞു പോയ കണ്ണുകളുടെ സ്ഥാനം അടയാളമിടുന്ന
പൊളിഞ്ഞ വേലി,  പുരികരോമങ്ങള്‍ ..
ചുണ്ടുകളിലുണങ്ങിയ ചുംബനപ്പാടുകളിലുരുമ്മി നില്‍ക്കുന്ന
വളര്‍ത്തു പൂച്ചകള്‍ , മീശരോമങ്ങള്‍ ..
ഇരുട്ടില്‍ ഇഴജന്തുക്കള്‍ ഇരതേടുമ്പോലെ
വിരലുകള്‍ അരിച്ചരിച്ച് താടിരോമങ്ങളിലേക്ക് കയറുമ്പോള്‍
ഉള്ളില്‍ ഉള്ളിന്റെയുള്ളില്‍ നിന്നെന്നെ പിടികിട്ടിയതിന്റെ
പിടപ്പുടഞ്ഞു, ഒരു കരച്ചിലിന്റെ വഴുവഴുപ്പുണര്‍ന്നു..
വിരലിനോടും രോമങ്ങളോടും
ഇരുട്ടിനോടും വാത്സല്യം തോന്നി..
ഞാനെന്റെ മുഖം നെഞ്ചോടുചേര്‍ത്തു കിടന്നു.