ഒരു സ്മരണകവിത


അവന്‍ മരിക്കാന്‍ കിടന്ന രാത്രിയെക്കുറിച്ച് ഓര്‍ക്കുകയാണ്..
അവന്‍ മരിക്കാന്‍ കിടന്ന-
ആശുപത്രി ഇടനാഴിപോലെ നീണ്ടുനേര്‍ത്ത രാത്രി..
മുറിച്ചുപങ്കുവെയ്ക്കാത്ത ഒരു മുഴുവന്‍ തണ്ണിമത്തന്‍ പോലെ
സമയം വളര്‍ന്നുവളര്‍ന്ന് മറ്റൊരു പ്രപഞ്ചഗോളമായി..
ഇടനാഴിയില്‍ ഞാന്‍ ഒറ്റയ്ക്ക്
അതിനെ അങ്ങറ്റം ഇങ്ങറ്റം ഉരുട്ടിക്കളിച്ചു..
ഉള്ളില്‍ അവന്‍ മരണത്തിന്റെ പൂര്‍ണഗര്‍ഭം..
സുഖമായി മരിക്കുമോ അതോ
ഒരിക്കലും ഉണരാത്ത ഒരു ചാപിള്ളയെ അവര്‍ കീറിയെടുക്കുമോ..
വേവലാതി എന്നെ പുണര്‍ന്ന് ശ്വാസം മുട്ടിച്ചു.
ചാറ്റുകളില്‍ അവന്റെ അപരനാമം പോപ്പപ്പ് ചെയ്ത്
ഉടഞ്ഞു വീണ വളച്ചില്ലുപോലുള്ള അടയാളങ്ങള്‍ തീര്‍ത്തു.
എന്റെ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍
ഒറ്റത്തടിവൃക്ഷം മഴയിലെന്നപോലെ
ഒരു പെണ്‍കരച്ചില്‍ ഉലഞ്ഞുകൊണ്ടിരുന്നു.
അവന്റെ അവസാനത്തെ കവിതയിലെ ഹമ്മര്‍
ചെവിതകര്‍ത്തുകൊണ്ട് എന്റെ ചുറ്റും മുരണ്ടുനടന്നു.
ഞാനെന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു,
അവന്‍ മരിക്കും ഒരു സുഖമരണം മരിക്കും..
എനിക്കങ്ങനെ പറയാമല്ലോ അവനെനിക്കാരുമല്ലല്ലോ..
എങ്കിലും അവന്റെ മരണ വാര്‍ത്ത,
എന്നെ തണുത്തകാറ്റുപോലെ വന്ന് തൊട്ടപ്പോള്‍
ഒരു വെള്ളച്ചാട്ടത്തിനടിയില്‍ അറിയാതെ
കാല്‍വഴുതിവീണുപോയപോലെ ഒരു കരച്ചില്‍
നേരെ നെഞ്ചിലേക്ക് ഇടിഞ്ഞുവീണു.
ഏറെ നേരം അതിനടിയില്‍ ഒരേ കിടപ്പു കിടന്നു
പിന്നെ ഒഴുക്കിനൊത്ത് വാര്‍ന്നുപോയി..