പെട്ടെന്ന് പെട്ടെന്ന്



പെട്ടെന്ന് മരണം എന്നെ ഓർമിച്ചു
എന്റെ പേരുവിളിച്ചു
ഞാൻ മിണ്ടിയില്ല
അടുത്തിരിപ്പുണ്ടായിരുന്നവർ
നിന്നെയാണ് നിന്നെയാണ്എന്ന്
എന്നെ തോണ്ടി
പൊലയാടിമക്കളേ എന്ന്
പല്ലിറുമ്മി ഞാൻ കുനിഞ്ഞിരുന്നു
എന്റെ പേര് ഞാൻ മറന്നുപോയി
ഞാൻ എന്നോടുതന്നെ പറഞ്ഞു
മരണം അക്ഷമനായി
ആൾക്കൂട്ടത്തിനിടയിലേയ്ക്ക്
പാഞ്ഞുകയറാൻ തുടങ്ങി
പെട്ടെന്ന് മരണത്തിന്റെ മരണം
അതിന്റെ പേരു വിളിച്ചു
മണിമുഴങ്ങി, സമയം കഴിഞ്ഞു
ഞാൻ രക്ഷപെട്ടു
പോയപോക്കിൽ മരണം
അവനെ കൊണ്ടുപോയി/അവളെക്കൊണ്ടുപോയി
അങ്ങനെ അവൻ മരിച്ചു/അവൾ മരിച്ചു
നമ്മളെല്ലാം രക്ഷപെട്ടു
പെട്ടെന്ന് ജീവിതം പൊട്ടിച്ചിരിച്ചുകൊണ്ട്
അതിന്റെമുഖമ്മൂടി അഴിച്ചുമാറ്റി
പെട്ടെന്ന്
പെട്ടെന്ന് നമ്മളെല്ലാം
മരിച്ചവരായിമാമോദീസപ്പെട്ടു...