29/12/12

മാറിനിൽക്കൽ ഒരു മനോരോഗമാണ്


ഇന്ത്യൻ ബുദ്ധിജീവികൾക്ക് ഭ്രാന്താണ്.. ഒരു വലിയ യാത്രാ ബസിനെ ഒരു രാത്രിയിൽ സ്വന്തം ഇഷ്ടം പോലെ ഏതു റൂട്ടിലേക്കും ഒടിക്കാൻ പ്രാപ്തിയുള്ളവർ അവരുടെ കണക്കിൽ ദരിദ്രരാണ്. സുഹൃത്തുമൊത്ത് രാത്രിയിൽ (അസമയത്തെന്ന് പൊതുഭാഷ) യാത്ര ചെയ്യാൻ ഒരു ഓട്ടോറിക്ഷപോലും പിടിക്കാൻ വഴിയില്ലാതെ ബസുകാത്ത് ഫുട്പാത്തിൽ നിൽക്കുന്ന പെൺകുട്ടി മിഡിൽക്ലാസാണ്. യാത്രാ ബസാണെന്നുകരുതി, മദ്യപിച്ചുന്മത്തരായി രാത്രിയാഘോഷിക്കാനിറങ്ങിയവരുടെ ബസിനുള്ളിൽ കയറിപ്പെട്ടുപോയ പെൺകുട്ടിയെ ഏഴുപേർ ചേർന്ന് ക്രൂരമായി മരണംവരെ ബലാൽസംഗം ചെയ്യുന്നത് ക്ലാസ് വാറാണ്. അതിനെതിരെ തെരുവിലിറങ്ങിയവരാണെങ്കിൽ "plays into the idea of criminal poor"!. ക്രൈമിന് ക്ലാസ് വാറെന്ന് പേരിടുമ്പോൾ അവർ ചെയ്യുന്നത് ക്ലാസ് വാറിന് ക്രൈമെന്ന് തിരിച്ചും പേരിടുകയാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് കാലാകാലങ്ങളായി ഇന്ത്യയിൽ ദളിതർക്കും അബലർക്കും ആദിവാസികൾക്കുമെതിരേ നടന്നുവരുന്ന കൊടിയ കുറ്റകൃത്യങ്ങൾക്ക് പരിഹാരം കാണാനവർക്ക് സാധിക്കില്ല. ഭിന്നവർഗങ്ങളുടെ യുദ്ധനീതിയാണ് ബലാൽസംഗം എന്ന നൈതീക ബോധം സമൂഹത്തിലേക്ക് അലിച്ചിറക്കുകയാണവർ. ഇരയുടേയും വേട്ടക്കാരന്റേയും വർഗ വർണങ്ങൾ നോക്കി പ്രതികരിച്ചാൽ മതിയെന്ന് തെറ്റായി പഠിപ്പിക്കുകയാണ്. ആദിവാസിയും അവർണനും ദളിതനും തെരുവിൽ ഭിക്ഷയാചിക്കുന്ന ബ്രാഹ്മണനും തമ്മിൽ വ്യത്യാസമില്ല. മനുഷ്യനെ വിഭാഗീകരിക്കുന്ന ഒന്നും വാഴ്ത്തപ്പെടേണ്ടതല്ല. അത് കറുപ്പായാലും വെളുപ്പായാലും. ഭ്രാന്തുപിടിച്ച ധാർമികത ഊട്ടിവളർത്തുന്ന ഭ്രാന്തുപിടിച്ച സംവിധാനങ്ങളെ ഭ്രാന്തുപിടിച്ച ബുദ്ധിജീവികൾക്ക് നേരിടാനാവില്ല. അതുകൊണ്ടുതന്നെയാവും നേതാക്കന്മാരെയും ബുദ്ധിജീവികളേയും കാത്തുനിൽക്കാതെ തെരുവിലിറങ്ങാൻ ജനങ്ങൾ സ്വയം ആഹ്വാനം ചെയ്യുന്നത്. ജനങ്ങൾ എന്നുവെച്ചാൽ ജനങ്ങൾ എന്നുതന്നെയാണ്. അവരിൽ വെളുത്തവർ മാത്രമാണെന്ന് തോന്നുന്നുവെങ്കിൽ നമ്മൾ കറുത്തവർ ഇറങ്ങി അതിനെ അങ്ങനെയല്ലാതെയാക്കണം. അവരിൽ കറുത്തവർമാത്രമാണെന്ന് തോന്നുന്നുവെങ്കിൽ നമ്മൾ വെളുത്തവർ കൂടെയിറങ്ങി അതിനെ അങ്ങനെയല്ലാതെയാക്കണം. സ്വയം കറുത്തവരും വെളുത്തവരുമല്ലാതെ മനുഷ്യരായി മാത്രം മാറണം. മാറിനിൽക്കൽ ഒരു മനോരോഗമാണ് ഈ സമൂഹത്തിൽ ഒരു മൈരും സംഭവിപ്പിക്കാത്ത മഹാരോഗം.

24/12/12

ഒറ്റപ്പെടുത്തരുത്

ആദിവാസിസ്ത്രീയെ ബലാൽസംഗം ചെയ്തപ്പോൾ
ഞങ്ങളാരും തെരുവിലിറങ്ങിയില്ല,
നിങ്ങളാരും തെരുവിലിറങ്ങിയില്ല,
നമ്മളൊറ്റക്കെട്ടായിരുന്നു

ദളിത സ്ത്രീയെ കൂട്ടബലാൽസംഗം ചെയ്തപ്പോഴും
ഞങ്ങളാരും തെരുവിലിറങ്ങിയില്ല,
നിങ്ങളാരും തെരുവിലിറങ്ങിയില്ല,
നമ്മളൊറ്റക്കെട്ടായിരുന്നു

നേതാക്കന്മാർ ബലാൽസംഗം ചെയ്തപ്പോൾ
ഞങ്ങളാരും തെരുവിലിറങ്ങിയില്ല,
നിങ്ങളാരും തെരുവിലിറങ്ങിയില്ല,
നമ്മളൊറ്റക്കെട്ടായിരുന്നു

വ്യവസായ പ്രമുഖർ കൂട്ടബലാൽസംഗം ചെയ്തപ്പോഴും
ഞങ്ങളാരും തെരുവിലിറങ്ങിയില്ല,
നിങ്ങളാരും തെരുവിലിറങ്ങിയില്ല,
നമ്മളൊറ്റക്കെട്ടായിരുന്നു

ഒരു ബസ് യാത്രക്കാരി കൂട്ടബലാൽസംഗം ചെയ്തപ്പെട്ടപ്പോൾ
ഞങ്ങളാരും തെരുവിലിറങ്ങിയില്ല,
നിങ്ങളാരും തെരുവിലിറങ്ങരുത്,
ഞങ്ങളെ ഒറ്റപ്പെടുത്തരുത്

ഏതാനും ബസ് ജീവനക്കാർ കൂട്ടബലാൽസംഗം ചെയ്തപ്പോൾ
ഞങ്ങളാരും തെരുവിലിറങ്ങിയില്ല,
നിങ്ങളാരും തെരുവിലിറങ്ങരുത്,
ഞങ്ങളെ ഒറ്റപ്പെടുത്തരുത്

ഉയർന്ന ജാതിക്കാരേ
ഉച്ചപ്രാന്തന്മാരേ
വികാരജീവികളേ
അരുത് തെരുവിലിറങ്ങരുത്
ഞങ്ങളെ ഒറ്റപ്പെടുത്തരുത്


*I am supporting the agitation. But I am against the cry for death penalty..
** I belive that, calling an activist 'an uppercast' is equally shamefull as calling him /her 'a lower cast'

23/12/12

അമ്മപെങ്ങൾ വാദവും ബലാൽസംഗ സംസ്കാരവും


രണ്ടുദിവസം മുൻപ് ഒരു മദ്യപാനസദസിൽ ഡൽഹിയിൽ മാനംഭംഗം ചെയ്യപ്പെട്ട പെൺകുട്ടി ചർച്ചാവിഷയമായി. ഞാനും എന്റെ ഒരു എഴുത്തുകാരൻ സുഹൃത്തും ഞങ്ങളുടെയൊരു വക്കീൽ സുഹൃത്തും. എന്റെ സുഹൃത്തിന് ആ വാർത്ത വായിച്ചതിനുശേഷം ഉദ്ധാരണശേഷി നഷ്ടമായി എന്നതായിരുന്നു ചർച്ചയുടെ തുടക്കം. എങ്ങനെയാണ് യോനിയിലൂടെ ഉദരം തുളച്ച് ഒരു ഇരുമ്പ് ദണ്ഡിനെ ശ്വാസകോശത്തിലേക്ക് എത്തിക്കാൻ കഴിയുക! എത്രശക്തമായി ശരീരത്തിനുള്ളിലേക്ക് ആ കമ്പിക്കഷണം ഇടിച്ചു കയറ്റിയിട്ടുണ്ടാകണം! ആ സമയത്ത് ആ പെൺകുട്ടി എത്രമാത്രം വേദനിച്ച് നിലവിളിച്ചിട്ടുണ്ടാകണം! ആ പ്രവൃത്തി ചെയ്തിരുന്നവർ സ്ത്രീശരീരത്തെക്കുറിച്ച് എന്തായിരിക്കും ചിന്തിച്ചിരുന്നത്! അവന്റെ ഉള്ളിൽ പ്രവർത്തിച്ചിരുന്ന വികാരത്തിന്റെ പേരെന്ത്? അതാണോ കാമം?

അതാണ് കാമമെങ്കിൽ ആ വികാരം ഉണ്ടാകുമ്പോൾ എന്റെ സുഹൃത്തിനെന്നല്ല ഈ ലോകത്തെ ഏതൊരു പുരുഷനും ആ വികാരം ഉദ്ധൃതമാക്കുന്ന അവയവത്തോട് അറപ്പ് തോന്നുന്നത് സ്വാഭാവികം.. ഡൽഹിയിലെ ബലാൽസംഗം എന്നെയും വളരെയധികം ബാധിച്ചിരുന്നു. ആന്റിക്രൈസ്റ്റ് എന്ന ചലച്ചിത്രത്തിൽ യോനിയിലേക്ക് ഒരു കത്തികയറ്റുന്ന രംഗം കണ്ട് തലചുറ്റി വീണവനാണ് ഞാൻ. തലചുറ്റിയത് മാത്രമല്ല.. നിറഞ്ഞ തിയേറ്ററിൽ നിന്നും ഒരുവിധത്തിൽ ഓടിയും പിടഞ്ഞും പുറത്തിറങ്ങുമ്പോൾ ഞാൻ ഉടുതുണിയിൽ മലവിസർജനം കൂടി ചെയ്തിരുന്നു. അതേ അവസ്ഥയിലേക്ക് എന്നെ പിടിച്ചുകെട്ടിക്കൊണ്ടുപോവുകയായിരുന്നു ഡൽഹി വാർത്ത. ഒരു പുരുഷനെന്ന നിലയിൽ സ്ത്രീശരീരത്തോടും സ്ത്രീയുടെ കാമവികാരത്തോടും എനിക്കും അഭിനിവേശമുണ്ട്. എന്നാൽ സ്ത്രീശരീരവും, മാംസവും രക്തവും അസ്ഥിയും വേദനയും ഉന്മാദവും കൊണ്ടുതന്നെയാണ് നിർമിച്ചിരിക്കുന്നതെന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ടുതന്നെ യോനി ഒരു അവയവമാണെന്നും അതിനു മുറിഞ്ഞാൽ മദജലമല്ല ഉണ്ടാവുകയെന്നുമെനിക്കറിയാം. അതുകൊണ്ടാണ് ഒരു ഇരുമ്പു ദണ്ഢ് അതിനുള്ളിലൂടെ തുളഞ്ഞ് ശ്വാസകോശത്തിലേക്കെത്തി എന്ന് കേൾക്കുമ്പോൾ എന്റെ ഉള്ളം കാലിൽ നിന്നും ഒരു തളർച്ച മുകളിലേക്ക് കയറുന്നത്, എനിക്ക് വിയർക്കുന്നത്.

എന്തു ശിക്ഷയാണ് ഏറ്റവും മ്ലേച്ഛമായ പദം കൊണ്ടുപോലും വിശേഷിപ്പിക്കാൻ സാധിക്കാത്ത ആ തായോളികൾക്ക് (ക്ഷമിക്കണം ഇതിലും കുറഞ്ഞ വാക്കിൽ അഭിസംബോധന ചെയ്യാൻ കഴിയുന്നില്ല) കൊടുക്കാൻ കഴിയുക? ഞങ്ങളുടെ വക്കീൽ സുഹൃത്ത് നിയമത്തിന്റെ നിസഹായതയും വധശിക്ഷ എന്ന കാഴ്ചപ്പാടിനോടുള്ള വിരോധവും വിവരിച്ചുകൊണ്ട് കുറ്റകൃത്യം ഉണ്ടാകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതേക്കുറിച്ച് വാചാലനായി. ഓരോ ജില്ലയിലും ഒരു വേശ്യാലയം ഉണ്ടാകണം.. അതാണ് ബലാൽസംഗങ്ങൾ ഇല്ലാതാകാനുള്ള പോംവഴി എന്നു പറഞ്ഞു. വേശ്യാലയങ്ങൾ എന്നാലെന്താണ്? ആര് ആർക്കുവേണ്ടി നടത്തുന്ന സ്ഥാപനം? ആരാണ് ഉപഭോക്താക്കൾ? ആരാണ് ഉൽപന്നങ്ങൾ? വേശ്യാലയങ്ങൾ നടന്നുപോകാൻ ആവശ്യമുള്ള സ്ത്രീകൾ ആരുടെ പെങ്ങളാവും? ആരുടെ മകൾ? ആരുടെ അമ്മ? സ്ത്രീതന്നെ വേണമല്ലോ വേശ്യാലയത്തിലും.. വേശ്യയാകാനുള്ള സ്ത്രീയെ എങ്ങനെ ഉൽപ്പാദിപ്പിക്കും? എന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ചർച്ച ഫിറ്റായി അലസിപ്പിരിഞ്ഞു.

വേശ്യാലയമല്ല ബലാൽസംഗത്തിനുള്ള പ്രതിവിധിയെന്ന് എനിക്കുറപ്പുണ്ട്. വേശ്യാലയം സ്ത്രീശരീരത്തിന്റെ വിൽപന സാധ്യതകൾ തേടുന്നവർക്ക് ഒരു നിയമാനുസൃത കമ്പോളം തുറന്നുകൊടുക്കുകമാത്രമാണ് ചെയ്യുക. നിയമാനുസൃത വേശ്യാലയത്തിലേക്ക് സ്ത്രീകളെ എത്തിക്കാനുള്ള നിയമവിരുദ്ധമായ മാർഗങ്ങൾ പെരുകുകയും പെൺകുട്ടികളെ ചതിച്ചും വശീകരിച്ചും ഈ കമ്പോളത്തിലേക്ക് എത്തിക്കാനുള്ള ഒരു മാർഗമായി ലൈംഗീകതയും ഉപയോഗിക്കപ്പെടുകയുമാവും ഫലത്തിൽ സംഭവിക്കുക. അന്നു വൈകുന്നേരം സാംസ്കാരിക മൂല്യച്യുതിയാണ് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിപ്പിക്കുന്നതെന്ന് ഒരു ചുവരെഴുത്ത് ഫെയ്സ്ബുക്കിൽ കണ്ടു. അമ്മയേയും പെങ്ങളേയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. സ്ത്രീകളെല്ലാം അമ്മയും പെങ്ങളും ആണെന്ന ഭാരതീയമായ കാഴ്ചപ്പാടിൽ നിന്ന് വ്യതിചലനം. ഇതാണ് ബലാൽസംഗങ്ങൾക്കും അപമര്യാദകൾക്കും കാരണം എന്ന് അത് പറയുന്നു. അമ്മപെങ്ങൾ വാദം ശരിക്കും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ വേശ്യാലയമെന്ന എക്സ്ട്രീമിന്റെ മറ്റേ അറ്റമാണ്. ഒരുപക്ഷേ സ്ത്രീശരീരത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളുണ്ടാക്കുന്ന മാനസികാവസ്ഥകളുടെ വേരുതേടിപ്പോയാൽ നാം ചെന്നെത്തുന്നതും ഈ അമ്മപെങ്ങൾ സംസ്കാരത്തിന്റെ മടിത്തട്ടിലായിരിക്കും. മതസംഘടനകളുടെ കുടക്കീഴിൽ വളരുന്ന ഇത്തരം സന്മാർഗ സാരോപദേശങ്ങളാണ് വിളഞ്ഞ് മുറ്റുമ്പോൾ കണ്ണും കാതുമില്ലാത്ത ഇരുമ്പുദണ്ഡുകളായി യോനിതുളച്ച് ശ്വാസകോശം കണ്ടെത്താനിറങ്ങുന്നത്.

സ്ത്രീകളെല്ലാം അമ്മയും പെങ്ങളുമാണെന്ന സാരോപദേശം കാരണം നമ്മുടെ പുരുഷന്മാർ, സ്ത്രീയോട് ലൈംഗീകതയെക്കുറിച്ചും ലൈംഗീകാവയവങ്ങളെക്കുറിച്ചും അവളുടെ അതേക്കുറിച്ചുള്ള മാനസിക വ്യാപാരങ്ങളെക്കുറിച്ചും സംസാരിക്കുന്നത് പാപമാണെന്നും സാംസ്കാരിക അധപതനമാണെന്നും വിശ്വസിക്കുന്നുണ്ട്. സംസാരിക്കുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തതുകൊണ്ട് ഇന്ത്യൻ പുരുഷനെ സംബന്ധിച്ച് സ്ത്രീയുടെ ലൈംഗീകത കെട്ടുകഥകൾ മാത്രമാണ്. സ്ത്രീ എന്നാൽ സദാ മദമിളകി നടക്കുന്ന മൃഗമാണെന്നും അവസരം കിട്ടാത്തതുകൊണ്ടാണ് പമ്മിനടക്കുന്നതെന്നുമുള്ള ചിന്തയാണ് പകുതിയിലേറെ പുരുഷന്മാർക്കും ഉള്ളതും. വളരെ വിദ്യാഭ്യാസമുള്ള, പുരോഗമനപരമായി ചിന്തിക്കുന്ന ചിലരിൽനിന്നുപോലും ചില ദുർബല നിമിഷങ്ങളിൽ ഉള്ളിൽ കിടക്കുന്ന ഈ അളിഞ്ഞ ധാരണ പുറത്തുവരുന്നത് ഞാൻ കണ്ടിട്ടുണ്ട്. സ്ത്രീയോട് സെക്സ് സംസാരിക്കുന്നത് വൻ അപരാധമായിട്ടാണ് വിദ്യാഭ്യാസമുള്ളവർ പോലും കാണുന്നത്. ഇടക്കാലത്ത് ബ്ലോഗിൽ പ്രമുഖരായ ചിലരുടെ ചാറ്റ് ഹിസ്റ്ററികൾ ആഘോഷിച്ച് അവഹേളന മഹാമഹം നടത്തുന്നത് കണ്ടിട്ടുണ്ട്. പ്രണയിക്കുന്നതുപോലും തെറ്റല്ലെന്ന് ഇനിയും പൂർണമായും വിശ്വസിക്കാത്ത ഒരു സമൂഹത്തിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുകയും ചെയ്യരുതല്ലോ. ആണും പെണ്ണും തമ്മിലുള്ള ഏറ്റവും സ്വകാര്യമായ ആശയവിനിമയമാണ് പ്രണയവും രതിയുമെന്ന സത്യം പുരുഷന് മനസിലാകാത്തതാണ് യഥാർത്ഥ പ്രശ്നം. ആണും പെണ്ണും തമ്മിലുള്ള ആശയവിനിമയം എന്നതുപോലും നിയന്ത്രിക്കപ്പെടേണ്ട ഒന്നാണെന്ന് കരുതുന്ന സമൂഹമാണ് ഇത്തരം ഒരു പുരുഷപ്പറ്റത്തിന്റെ സൃഷ്ടിക്കു പിന്നിൽ പ്രവർത്തിക്കുന്നത്. (എട്ടാം ക്ലാസുവരെ ആണിനും പെണ്ണിനും വെവ്വേറെ ക്ലാസ് റൂമുകളുണ്ടായിരുന്ന ഒരു പുരുഷനാണ് ഞാൻ. ഡിഗ്രികാലയളവിൽപ്പോലും എനിക്ക് പെൺകുട്ടികളോട് സംസാരിക്കുമ്പോൾ വിറയൽ അനുഭവപ്പെട്ടിരുന്നു. സ്ത്രീയോട് സെക്സ് സംസാരിക്കാനെന്നല്ല പേരു ചോദിക്കാൻ പോലും എനിക്ക് എൽഎൽബി കാലം വരെ കഴിയുമായിരുന്നില്ല. ഒരു ഒളിഞ്ഞു നോട്ടക്കാരനിൽ നിന്ന് എന്നെ മോചിപ്പിച്ചുകൊണ്ടുവന്നതിന് ലോക്കോളേജിന് ഞാൻ നന്ദി പറയുന്നു)

കാറിനുള്ളിൽ നിന്നും സ്ത്രീയേയും പുരുഷനേയും പിടിച്ചു, ലോഡ്ജ് മുറിയിൽ നിന്നും കാമുകനേയും കാമുകിയേയും പിടിച്ചു, പാർക്കിൽ രതിസല്ലാപം നടത്തിയ യുവമിഥുനങ്ങളെ നാട്ടുകാർ കയ്യേറ്റം ചെയ്തു എന്നിങ്ങനെയുള്ള വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ട്. പരസ്പര സമ്മതത്തോടെ ഒരുമിച്ചുള്ള യാത്രകളും സല്ലാപങ്ങളും രതിയും, പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക സ്വകാര്യ ആശയ വിനിമയങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയാതെ സ്ത്രീയേയും പുരുഷനേയും രണ്ട് അറകളിൽ വേർതിരിച്ച് നിർത്തുകയും ഒന്നിന് മറ്റൊന്നിന്റെ വികാരവിചാരങ്ങളെക്കുറിച്ച് യഥാർത്ഥചിത്രം ഒരിക്കലും ലഭിക്കാൻ ഇടയാകാതെ സൂക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തിന്റെ ഇടപെടലാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്. ഇരയും വേട്ടക്കാരനും എന്ന പ്രതീതി എന്നും നിലനിർത്തുകയും സ്ത്രീസമത്വം എന്ന ആശയത്തിനായി സംവരണ നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പാണ് അത്തരം വാർത്തകൾ കൊണ്ടാടപ്പെടുന്ന കാഴ്ച വെളിവാക്കുന്നത്. അമ്മ പെങ്ങൾ സംസ്കാര വാദം തന്നെയാണ് സ്ത്രീപുരുഷ സ്വകാര്യസമാഗമങ്ങളെ തടസപ്പെടുത്താനും സദാചാരപോലീസിങ്ങ് നടത്താനും പിന്നിൽ പ്രവർത്തിക്കുന്ന ഊർജ്ജം. സ്ത്രീശരീരത്തേയും മനസിനേയും വികാരവിചാരങ്ങളേയും കുറിച്ച് കൊടിയ അജ്ഞതയുണ്ടാക്കുന്ന തരത്തിൽ ആൺ പെൺ ആശയവിനിമയങ്ങളുടെ തടസപ്പെടുത്തലാണ് ലൈംഗീക അതിക്രമങ്ങളുടെ മൂലകാരണം. സ്ത്രീയെ വെറും ചരക്കായി മാത്രം കാണാൻ പുരുഷനെ പ്രേരിപ്പിക്കുന്നത് ആൺപെൺ ആശയവിനിമയമില്ലായ്മയാണ്. യഥാർത്ഥത്തിൽ ബലാൽസംഗത്തിന് വധശിക്ഷനൽകാനും വരിയുടയ്ക്കാനും പുരുഷന്റെ ലൈംഗീകക്കഴപ്പ് തീർക്കാൻ വേശ്യാലയങ്ങൾ അനുവദിക്കാനും നിയമനിർമാണം നടത്തുന്നതിനും പകരം ചെയ്യേണ്ടത് സ്ത്രീയും പുരുഷനും തമ്മിലുള്ള തുറന്ന വിനിമയത്തിന് ഭയരഹിതമായ അന്തരീക്ഷമുണ്ടാക്കലാണ്. സ്ത്രീകളെല്ലാം അമ്മയും പെങ്ങളുമാണെന്ന കപടസംസ്കാരം അടിച്ചേൽപ്പിച്ച് അമ്മയേയും പെങ്ങളേയും വരെ ബലാൽ ഭോഗിക്കുന്ന വിത്തുകാളയായി പുരുഷനെ മാറ്റാതെ സ്ത്രീകൾ സുഹൃത്തും കാമുകിയും സഹജീവിയും കൂടിയാണെന്ന് മനസിലാക്കാൻ അവന് അവസരമുണ്ടാക്കുകയാണ് വേണ്ടത്.