പ്രകോപിതരേ പുരോഗമനക്കാരേ ഒന്ന് തിരിഞ്ഞുനോക്കുക!


കുറച്ചു ദിവസം മുൻപ് നന്ദനാണ് 'ആഷിഖ് അബു വധം കഥകളി' ഫെയ്സ്‌ബുക്കിൽ തിമിർത്താടുന്ന വിവരം പറഞ്ഞത്. ആഷിഖ് അബു വിശ്വരൂപത്തെക്കുറിച്ച്  കമലഹാസനേയും വിനയനേയും താരതമ്യം ചെയ്തത് എഴുതിയ ഒരു കമന്റായിരുന്നു പ്രകോപനകാരണമെന്ന് കേട്ടപ്പോൾ ഒരുപക്ഷേ കമലഹാസനെ താഴ്ത്തിക്കെട്ടിയതിലുണ്ടായ പ്രതികരണമാവാം എന്ന് ഊഹിച്ചിരുന്നു. യാത്രയിലായിരുന്നതിനാൽ നെറ്റ് കണക്ഷൻ ഇല്ലാത്തതുകാരണം കൂടുതലൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല. രണ്ടുദിവസം മുൻപ് സുധീർ പ്രേം ആണ് ആഷിഖ് അബുവിന്റെ കമെന്റ് എന്താണെന്ന് പകർത്തിത്തന്നത്. അതിങ്ങനെ:

"വിശ്വരൂപന്‍ കണ്ടു :) നിരോധിയ്ക്കപ്പെട്ടില്ലെങ്കില്‍ മുടക്കിയ മുതല്‍ വലിയ രീതിയില്‍ നഷ്ടമാകുമായിരുന്നു കമലഹാസന്...
യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ടു ചിരിച്ചു മരിയ്ക്കുന്നുണ്ടാവും...എന്റെ പോന്നു മുസ്ലീം മത നേതാക്കളേ...ദയവു ചെയ്തു ഈ സിനിമ ഒന്ന് കാണൂ..ഈ സിനിമയുടെ മലയാളം വെര്‍ഷന്‍ മുന്‍പ് വിനയന്‍ ചെയ്തിട്ടുണ്ട്..കാള പെട്ട് എന്ന് നിങ്ങള്‍ കേട്ടു...കയറു വിറ്റത് കമലഹാസന്‍...:) "

ഇന്ന് ആഷിഖ് അബുവിന്റെ പേജിൽ ഒന്ന് കയറി നോക്കിയപ്പോഴാണ് സംഗതിയുടെ കിടപ്പ് ഏതാണ്ടൊക്കെ മനസിലാകുന്നത്. റെയിൽവേ സ്റ്റേഷൻ പബ്ലിക് ടോയിലറ്റുകളിലെ ചുവരെഴുത്ത് ഓർമിപ്പിച്ചു അത്. മുകളിലത്തെ കമെന്റ് എത്ര തവണ വായിച്ചിട്ടും അതിൽ ഇത്രമാത്രം വികാരം കൊള്ളാൻ എന്താണുള്ളതെന്ന് മനസിലാവുന്നില്ല. ഇതൊരുപക്ഷേ ഞാനോ ഇതുവായിക്കുന്ന നിങ്ങളിലാരെങ്കിലുമോ പറഞ്ഞിരുന്നെങ്കിൽ ഒരുതരത്തിലും എതിർപ്പുണ്ടാവുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം?  ആലോചിച്ചാൽ വല്ലാത്ത നിരാശയും അസ്വസ്ഥതയുമുണ്ടാക്കുന്ന ഒരു മാനസികാവസ്ഥയാണ് പിന്നിൽ കളിക്കുന്നതെന്ന് കാണാം. ആഷിഖ് അബു എന്ന താരതമ്യേന തുടക്കക്കാരനായ സിനിമാക്കാരൻ കമലഹാസൻ എന്ന ലബ്ധപ്രതിഷ്ഠനായ മറ്റൊരു സിനിമാക്കാരന്റെ സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞു എന്നതാണ് പ്രകോപനമുണ്ടാക്കിയ ഒരു സംഗതി. ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും അയാളുടെ വ്യക്തിപരമായ കാര്യവും സ്വാതന്ത്ര്യവുമാണ്. കമലഹാസന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് തൊണ്ടപൊട്ടിക്കുന്നവർ ആഷിഖ് അബുവിന് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാൻ തെറിപ്പുസ്തകം തുറക്കുന്നത് അപഹാസ്യമാണ്. ഒരു സിനിമാക്കാരൻ മറ്റൊരു സിനിമയെക്കുറിച്ച് അത് നല്ലതായാലും ചീത്തയായാലും ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അഭിപ്രായം പറയുന്നുവെങ്കിൽ ഗംഭീരമെന്ന് മാത്രമേ പറയാവൂ എന്നും അതല്ലെങ്കിൽ ചില നടികൾ ഇന്റർവ്യൂവിൽ ചെയ്യുമ്പോലെ ഇഷ്ടങ്ങളെ എണ്ണമെഴുക്കിട്ട് എങ്ങോട്ടും ചാടാവുന്ന സർക്കസ് കോമാളിയാക്കി മാറ്റിക്കോണമെന്നും അതുമല്ലെങ്കിൽ മൗനം പാലിക്കണമെന്നുമുള്ള അലിഖിത സദാചാര നിയമം നിലവിലുണ്ട്. അത് ലംഘിക്കപ്പെട്ടതിൽ കപടസദാചാരവാദികൾക്കുണ്ടായ മുറിവാണ് ആഷിഖ് അബുവിനെതിരായുണ്ടായ തെറിവിളികൾക്ക് ഒരു കാരണം. ഇത് ഏതൊരു അലിഖിത സദാചാര നിയമവും ലംഘിക്കപ്പെടുമ്പോൾ (സ്ത്രീകൾ പരമ്പരാഗതമായ വസ്ത്രങ്ങൾ മാറ്റിയണിയുമ്പോൾ, യുവാക്കൾ ജാതിവിട്ട് പ്രണയിക്കുമ്പോൾ, രാത്രിവൈകി പെൺകുട്ടികൾ റോഡിലിറങ്ങുമ്പോൾ) ഒക്കെ സംഭവിക്കുന്നതിന് തുല്യമാണ്. തികച്ചും സമൂഹത്തിന്റെ പുരോഗതിക്ക് കുറുകേ കിടക്കുന്ന പടുമരം.

എന്നാൽ പ്രകോപനം ആളിക്കത്തിക്കാനുണ്ടായ രണ്ടാമത്തെ കാരണമാണ് കൂടുതൽ ഗൗരവമുള്ളതും ഭീതിയുണർത്തുന്ന ഒരു സാമൂഹിക ഉപബോധത്തെക്കുറിച്ച് എന്നെ അസ്വസ്ഥനാക്കുന്നതും. ഒരു പക്ഷേ ഈ അഭിപ്രായം പറഞ്ഞിരുന്നത് ആഷിഖ് അബു എന്ന മുസ്ലീം നാമധാരിയായ സിനിമാക്കാരനല്ലായിരുന്നു എങ്കിൽ തെറിവിളികൾ, ചെളിവാരിയേറുകൾ ഒക്കെ ഇത്രമാത്രം രൂക്ഷമാകുമായിരുന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇല്ല എന്നുതന്നെയാണ് എത്ര തവണ ചിന്തിച്ചിട്ടും എനിക്ക് തോന്നുന്നത്. ആഷിഖ് അബു എഴുതിയതിൽ അത്രമാത്രം വൈകാരികമായി ആരെയും മുറിവേൽപിക്കുന്ന യാതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. യഥാർത്ഥ തീവ്രവാദികളെ സംബന്ധിച്ച് ചിരിക്കാനുള്ള വകകൾ വിശ്വരൂപം എന്ന വാണിജ്യ സിനിമയിൽ ഉണ്ട് എന്നുതന്നെയാണ് എനിക്കും തോന്നുന്നത്. കാരണം ഒരുപക്ഷേ അവരുടെ കയ്യിലുള്ള കുടിലതകൾ, മനുഷ്യവിരുദ്ധമായ പ്രവൃത്തികൾ, വിജ്ഞാനത്തിന് പുറം തിരിഞ്ഞു നിൽക്കാനും മനുഷ്യനെ മൃഗതുല്യമാക്കി മാറ്റാനുമുള്ള തന്ത്രങ്ങൾ ഒന്നും ഒരു ശതമാനം പോലും ആഴത്തിൽ കാണിക്കാൻ കമലഹാസന്റെ വിശ്വരൂപത്തിനു കഴിഞ്ഞിട്ടുണ്ടാവില്ല. ഒരു വാണിജ്യ സിനിമയായതിനാൽ തന്നെ യൂ ട്യൂബിലൂടെ നാം കണ്ടുപരിചയിച്ച കഴുത്തറുപ്പും, പത്രങ്ങളിൽ വായിച്ചറിഞ്ഞ വിജ്ഞാന വിരോധവും കാലുഷ്യങ്ങളും മാത്രം മതി വിറ്റുപോകാനുള്ള ഒരു സിനിമയുണ്ടാക്കാൻ എന്ന് കമലഹാസനു ബോധ്യമുണ്ടായിരുന്നിട്ടുണ്ടാകും. അതുകൊണ്ട് തന്നെ യഥാർത്ഥ തീവ്രവാദികൾ കമലഹാസന്റെ സിനിമ തങ്ങളുടെ യഥാർത്ഥ ലോകത്തിൽ നിന്ന് എത്ര അകലെയാണെന്നോർത്ത് ചിരിക്കുന്നുമുണ്ടാകും. ഇപ്പറഞ്ഞതിൽ എന്താണ് തെറ്റ്?

 "എന്റെ പൊന്നു മുസ്ലീം മത നേതാക്കളെ ദയവു ചെയ്ത് ഈ സിനിമ കാണൂ..ഈ സിനിമയുടെ മലയാളം വെർഷൻ മുൻപ് വിനയൻ ചെയ്തിട്ടുണ്ട്" ഇതിൽ ഒരു തെറ്റുണ്ട് ഈ സിനിമയുടെ മലയാളം വെർഷൻ വിനയൻ മാത്രമല്ല അമൽ നീരദും ചെയ്തിട്ടുണ്ട്. അവരൊക്കെ ചെയ്തുവച്ചതിന്റെ നൂറിരട്ടി സാങ്കേതിക മികവോടെ കമൽ അത് ചെയ്തു എന്നത് പറയാൻ ആഷിഖ് അബു വിട്ടുപോയി എന്നതും പിശകാണ്. പക്ഷേ അയാൾ സിനിമ മുസ്ലീം വിരുദ്ധമാണെന്നോ അത് നിരോധിക്കപ്പെടേണ്ടതാണെന്നോ പറഞ്ഞിട്ടില്ല. അങ്ങനെയൊരു ധ്വനിപോലുമില്ല. പിന്നെന്തുകൊണ്ട് ഈ ഒച്ചപ്പാട്? കാരണം വ്യക്തമാണ്. അയാൾ ഒരു മുസ്ലീമാണ്. ഒരു മുസ്ലീം, മുസ്ലീം മത നേതാക്കൾ എതിർപ്പുന്നയിച്ച ഒരു സിനിമയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിനെതിരെ തന്നെയായിരിക്കും സംസാരിക്കുക എന്ന മുൻവിധിയാണ് ഇവിടെ തേരു തെളിക്കുന്നത്.

ഓർത്താൽ നാം കടന്നുപോകുന്നത് വിഷമയമായ ഒരു കാലത്തിലൂടെയാണ്. മുസ്ലീം ചിഹ്നങ്ങളും, അതിന്റെ പേരിൽ നടക്കുന്ന മനുഷ്യവിരുദ്ധവും തീവ്രവാദപരവുമായ പ്രഹസനങ്ങളും ഒരു സിനിമയിൽ വിഷയമായാൽ അത് മുസ്ലീം വിരുദ്ധമാണെന്ന് മുസ്ലീങ്ങൾ മുൻവിധിക്കുന്നു. സിനിമ കാണാതെ അതിനെതിരേ തെരുവിലിറങ്ങുന്നു. തിയേറ്ററുകൾ തകർക്കുമെന്ന് ഭയപ്പെടുത്തുന്നു. അതേക്കുറിച്ചുള്ള വിഷയത്തിൽ ഒരു മുസ്ലീം നാമധാരി അഭിപ്രായം പറഞ്ഞാൽ അത് മുസ്ലീങ്ങളുടെ മുൻവിധിയെ പിന്താങ്ങുന്നതും പക്ഷപാതപരവുമാണെന്ന് എതിർപക്ഷം മുൻവിധിക്കുന്നു...ഭീകരം.. പുറമേ ചിരിക്കുമ്പോഴും നമ്മുടെ ഉള്ളിൽ നാം രാകിവെയ്ക്കുന്ന കത്തിയുടെ ശീൽക്കാരമാണ് ഇവിടെയൊക്കെ ഉയർന്നു കേൾക്കുന്നത്. പ്രകോപിതരേ പുരോഗമനക്കാരേ ഒന്ന് തിരിഞ്ഞു നോക്കുക, ഉള്ള് ചികഞ്ഞു നോക്കുക, അവസരം കിട്ടുമ്പോൾ അഴിച്ചുവിടാൻ ഒരു വർഗീയലഹള നാം ഉള്ളിൽ പോറ്റി വളർത്തുന്നുണ്ടോ ... :(