13/5/14

എന്നിൽനിന്നുടൻ പുറപ്പെടും...

കുട്ടിക്കാലത്ത്  ഞങ്ങൾ ഒരു കുസൃതിക്കളി കളിക്കുമായിരുന്നു
കല്ലോ കുപ്പിച്ചില്ലോ ഒരു കടലാസിൽ
വൃത്തിയായി പൊതിഞ്ഞ്
നടവഴിയിലേക്ക് എറിഞ്ഞ്
മരങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കലാണ് പരിപാടി
ആറ്റിൽ ചൂണ്ടയിട്ടു മീൻപിടിക്കുന്ന പോലെ
അസാമാന്യക്ഷമ വേണ്ടിവരുന്ന ഒരു വിനോദം
വഴിപോക്കരാരെങ്കിലും പൊതികാണും
കാത്തിരിപ്പിന്റെ വിരസത ഉടനടി
ചൂണ്ടലിൽ മീൻകൊത്തിവലിയുന്ന  
പിരിമുറുക്കത്തിലേക്ക് വഴിമാറും
പിന്നെ ഒന്നുരണ്ടുനിമിഷത്തെ നാടകമാണ്
കളിയുടെ കാതൽ
വരത്തന്റെ നടത്തയുടെ വേഗത ഒന്നുകുറയും
കരിയില ചുഴിക്കാറ്റിൽപ്പെട്ടപോലെ നിന്നു കറങ്ങും
ആരും കണ്ടില്ല എന്നുറപ്പാക്കി പൊതി കുനിഞ്ഞെടുക്കും
മരങ്ങളുടെ നിഴലുകൾക്കിടയിലൂടെ
സ്വപ്നത്തിലെന്നപോലെ മുന്നോട്ടു നടക്കും
പാത്തുപാത്ത് പൊതിയഴിക്കാൻ തുടങ്ങും
കാണുന്നതിനും അഴിക്കുന്നതിനും
ഇടയ്ക്കുള്ള ആ നിമിഷങ്ങളിൽ
അവർ കാണുന്ന സ്വപ്നങ്ങൾ മുഴുവൻ
ആ നടത്തയിലുണ്ടാവും
വിരലുകളുടെ വിറയലിലുണ്ടാവും
ഒരു കള്ളത്തരം ആരിലുമുണ്ടാക്കുന്ന ആദിമലഹരി
ആ മുഖത്തെ പകൽനിലാവിലുണ്ടാവും
പൊതി തുറക്കുന്നമാത്രയിൽ 
വെടിച്ചീളുപോലെ ഞങ്ങളുടെ പൊട്ടിച്ചിരി
അവരുടെ തലതകർത്ത് പായും
നാണംകെട്ട് മൃതമായി
പുളിച്ച തെറിയിൽ ഞങ്ങളെ മാമോദീസാ മുക്കി
അവർ ധൃതിയിൽ നടന്നു മറയും
കൂസലില്ലാതെ ഞങ്ങൾ കല്ലോ
കുപ്പിച്ചില്ലോകൊണ്ട് അടുത്ത സ്വപ്നം പൊതിയും..


കാലമേറെക്കഴിഞ്ഞു
അന്നത്തെ ഇടവഴി മണ്ണുമാന്തികൾ തിന്നു
മരത്തണലുകൾ വെയിൽ തിന്നു
അന്നത്തെ കുട്ടിയെ ഞാൻ തന്നെ തിന്നു
എങ്കിലും എത്രമുതിർന്നാലും പഴയകളികൾ മറക്കുമോ?
ഇപ്പൊഴും വിരസത എന്നെ തിന്നാനടുക്കുമ്പോൾ
ഞാനൊറ്റയ്ക്ക് പഴയ കളി കളിക്കും
വൃത്തിയായി ഞാനെന്നെ പൊതിയും
ആൾസഞ്ചാരമധികമില്ലാത്ത
നടപ്പാതയിലേക്ക് നീട്ടിയെറിയും
എനിക്കുമാത്രം ഒളിച്ചിരിക്കാവുന്ന
എന്റെ മാളത്തിലേക്ക് ചൊരുകിക്കയറി
സന്യാസപർവം നയിക്കും
ഏറെക്ഷമയാവശ്യമുള്ള കളിയാണത്
ആറ്റിൽ ചൂണ്ടയിട്ട് മീൻപിടിക്കുന്നപോലെ തന്നെ
വിരസതയെ ആകാംക്ഷയിലേക്ക്
വിവർത്തനം ചെയ്യുന്നയന്ത്രമായില്ലെങ്കിൽ
ബോറടിച്ച് മരിച്ചുപോകും, ആരും..
ഒടുവിൽ തീർച്ചയായും ഒരുവൾ അതുവഴി വരും
ചുഴിക്കാറ്റിലെ കരിയിലപോലെ ഒരുനിമിഷം നിന്നു കറങ്ങും
ഒച്ചയുണ്ടാക്കാതെ ഞാനിരിക്കും
ആരും കാണുന്നില്ലെന്നുറപ്പാക്കി
അവൾ പൊതി കുനിഞ്ഞെടുക്കും
നിലാവിലൂടെ പൊഴിയുന്ന പക്ഷിത്തൂവൽ പോലെ
നൃത്തം ചെയ്ത് മുന്നോട്ടു നീങ്ങും
ചിരപുരാതനമായൊരു കള്ളത്തരത്തിന്റെ ആദിമലഹരി
അവളിൽ നുരയും 
ഞാൻ അതുകണ്ടുകുളിരും
രഹസ്യമായി, ഏറ്റവും രഹസ്യമായി
അവൾ എന്നെ അഴിക്കും
പൊതിയഴിഞ്ഞുഞാൻ വെളിപ്പെടുന്നമാത്രയിൽ
എന്നിൽനിന്നു പുറപ്പെടും
അവളുടെ നെഞ്ചുപിളർക്കുമാറ് 
ഒരു പൊട്ടി.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ