നിഷ്കാസിതൻ

നിർത്തൂ
ഞാൻ എന്റെ ഹൃദയത്തോട് പറയുന്നു
അത് കേൾക്കുന്നില്ല
നിർത്താതെ നിർത്താതെ അത് മിടിക്കുന്നു
എന്റെ ശരീരത്തിനുള്ളിൽ എങ്ങനെയോ കടന്നുകൂടിയ
ഒരു പരാദജീവിയെപ്പോലെ അത് എന്റെ ചോരകുടിക്കുന്നു
എന്നെ പരവേശപ്പെടുത്തുന്നു

എന്നെ ചികിൽസിക്കൂ
എന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞാൽ പോലും
അവർ അതിനെ ചികിൽസിക്കുന്നു.
എന്തൊരു മായയാണിത്
എനിക്കുവേണ്ടി സംസാരിക്കാൻ എനിക്ക് കഴിയുന്നില്ല
ആരോ ഒപ്പിട്ടു നൽ‌കുന്ന സമ്മതപത്രപ്രകാരം
ആളുകൾ എന്നെ....

നിർത്തൂ
എന്റെ തലച്ചോറിനോടും ഞാൻ പറയുന്നു
അത് കേൾക്കുന്നില്ല
എന്നെ അപഹസിച്ചുകൊണ്ട്
നിർത്തൂ
എന്ന് പ്രതിവചിക്കുന്നു

കണ്ണുകൾ
കാതുകൾ
നാവ്
ആമാശയം
കൈകൾ
കാലുകൾ
ലിംഗം
ഒന്നും എന്നെ അനുസരിക്കുന്നില്ല
നിർത്തൂ
നിർത്തൂ
വീടുകാവൽ നിൽക്കുന്ന പട്ടിയെപ്പോലെ
ഇരുട്ടിനെ നോക്കി ഞാൻ വെറുതേ കുരയ്ക്കുകയാണ്

ഞാനറിയാതെ ഏതോ ഉറക്കത്തിനിടെ
എന്നെയിങ്ങനെ നിഷ്കാസനം ചെയ്തത് ആരാണ്!