ഭരണകൂടതഭീകരതയെയാണ് കൂടുതൽ ഭയക്കേണ്ടത്..


ചിത്രം കടപ്പാട്: മാതൃഭൂമി ദിനപത്രം 8/12/2014
ചുംബനസമരത്തിനിടയാക്കിയ സാഹചര്യത്തേയും അതിനെതിരെയുള്ള ശാരീരികമായ അടിച്ചമർത്തലിനെയും അതിന് പോലീസ് പ്രത്യക്ഷത്തിൽ തന്നെ നൽകുന്ന പിന്തുണയേയും അർഹിക്കുന്ന ഗൗരവത്തോടെയാണോ നമ്മുടെ സമൂഹം കാണുന്നതെന്ന് പത്രവാർത്തകളും ഫെയ്സ്‌ബുക്ക് പോസ്റ്റുകളും മറ്റും വായിക്കുമ്പോൾ സംശയം തോന്നുന്നു. പൊതുസ്ഥലത്ത് പരസ്പരം ഇഷ്ടപ്പെടുന്ന മനുഷ്യർക്ക് സ്നേഹപ്രകടനം നടത്തുന്നതിനുള്ള സാഹചര്യമില്ലായ്മക്കെതിരെയുള്ള തികച്ചും സമാധാനപരമായ സമരത്തിനു നേരെയുള്ള ആക്രോശങ്ങൾ കേവലം മതതീവ്രവാദികളുയർത്തുന്ന പ്രശ്നമായാണ് ബഹുഭൂരിപക്ഷവും ഇപ്പോഴും കാണുന്നതെന്ന് തോന്നുന്നു. വാസ്തവത്തിൽ മതതീവ്രവാദികളെ ഇങ്ങനെ അഴിഞ്ഞാടാൻ അനുവദിക്കുന്നതിൽ "സ്റ്റേറ്റ്" വഹിക്കുന്ന പങ്കാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടത്.

ഫെയ്സ്‌ബുക്ക് ചിത്രം

പൗരന് ഭരണഘടനാപരമായി ലഭ്യമായ മൗലീക അവകാശങ്ങൾ ഉറപ്പാക്കേണ്ടുന്നതിന് ചുമതലപ്പെട്ട "സ്റ്റേറ്റ്" ഉം അതിന്റെ ഉപകരണമായ "പോലീസ്" ഉം ക്രിമിനലുകളായ യാഥാസ്തിതികർക്ക് സഹായകരമായ നിലപാടെടുക്കുന്നതാണ് കൊച്ചിയിലും കോഴിക്കോടും നാം കണ്ടത്. സമാധാനപരമായി സമരം ചെയ്തവരെയും അവരെ ശാരീരികമായി കയ്യേറ്റം ചെയ്തവരേയും കരുതൽ എന്ന രീതിയിൽ അറസ്റ്റ് ചെയ്യുകയും രണ്ടുകൂട്ടരേയും ഒരേ സമയം ജാമ്യത്തിൽ വിടുകയും ചെയ്യുന്നതെങ്ങനെയെന്ന് മനസിലാവുന്നില്ല. (ജാമ്യത്തിൽ പുറത്തുവന്ന സമരക്കാരെ വീണ്ടും സദാചാരഗുണ്ടകൾ തല്ലിയെന്നും വാർത്തയുണ്ടായിരുന്നു) ക്രിമിനൽ നിയമങ്ങളുടെയും നഗ്നമായ ലംഘനം കൂടിയാണിത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വിധത്തിൽ സംഘം ചേർന്ന് സമാധാനപരമായി സമരം ചെയ്യുന്നവരെ ശാരീരികമായി കയ്യേറ്റം ചെയുന്നവരെ എന്തടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യത്തിൽ വിടുന്നത്? സത്യത്തിൽ ഈ വിഷയത്തിൽ പ്രതിപക്ഷപാർട്ടികളുടെ ഉള്ളിന്റെ ഉള്ളിൽ നുരപൊന്തുന്ന സദാചാരചായ്‌വാണ് സർക്കാരിനെതിരെ ഗൗരവമായ ചർച്ചകളും സമരങ്ങളും ഉയർന്നുവരാത്തതിനു കാരണം.


ഫെയ്സ്ബുക്ക് ചിത്രം
വാനരസേനയോ ശിവസേനയോ മാത്രമല്ല ഭരണപക്ഷവും പ്രതിപക്ഷവും ഒന്നടങ്കം ഈവിഷയത്തിൽ ഭരണഘടനയേയും നിയമങ്ങളേയും കാറ്റിൽ പറത്തുകയാണ്. ആരെങ്കിലും കോടതിയെ സമീപിക്കുന്ന പക്ഷം ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റിയില്ല എന്ന കാരണത്തിൽ സ്റ്റേറ്റ് ഗവർൺമെന്റിനെതിരെ ഒരു വിധിയുണ്ടാകാൻ പോലും ഇടയുണ്ടാക്കിയേക്കാവുന്ന വിഷയമാണിത്. ഈ വിഷയത്തെ ഗൗരവമായി സമീപിക്കുകയാണെങ്കിൽ അടുത്തപടിയായി ചെയ്യേണ്ടത് ഇതുതന്നെയാണെന്നാണ് എന്റെ അഭിപ്രായം. പ്രതീകാത്മകസമരങ്ങളെ എത്ര ലാഘവത്തോടെയാണ് സർക്കാരും എതിരാളികളും കാണുന്നതെന്ന് മനസിലാക്കാൻ സെക്രട്ടേറിയേറ്റിന്റെ മുന്നിൽ കഴിഞ്ഞ നൂറു ദിവസങ്ങളിലേറെയായി നടക്കുന്ന നിൽപു സമരം തന്നെ ധാരാളമാണ്. സമരങ്ങളുടെ പ്രതീകാത്മകതയെ പാരഡിവൽക്കരിക്കാനുള്ള ശ്രമങ്ങളും കണ്ടില്ലെന്ന് നടിച്ചുകൂടാ.. ഡിവൈഎഫൈ ഈയിടെ ആഹ്വാനം ചെയ്ത ഒരു സമരത്തിന്റെ പേരാണത്രേ "ചായകുടി സമരം"!!

*എല്ലാ ചിത്രങ്ങളും ഇന്റർനെറ്റിൽ നിന്നും