ഇനിയും തീരാത്ത സിനിമാപ്പേടി


1895 ഡിസംബര്‍ 28 നായിരുന്നു ലൂമിയര്‍ സഹോദരങ്ങള്‍ The Arrival of a train at La Ciotat Station എന്ന, തങ്ങളുടെ ആദ്യ ചലനചിത്രങ്ങളിലൊന്ന് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നേക്ക് 120 വര്‍ഷങ്ങള്‍ക്ക് മുന്‍‌പ്, സ്റ്റേഷനിലേക്ക് വന്നു നില്‍ക്കുന്ന തീവണ്ടിയുടെ ചലനചിത്രം വമ്പന്‍ സ്ക്രീനില്‍ കണ്ട് കാഴ്ചക്കാര്‍ പരിഭ്രാന്തരായി ഓടിയെന്നാണ് കഥ. നൂറ്റാണ്ടൊന്നു കഴിഞ്ഞിട്ടും നക്ഷത്രാന്തരഗമനത്തെക്കുറിച്ച് സിനിമകളിറങ്ങിയിട്ടും ചൊവ്വയില്‍ ക്യൂരിയോസിറ്റി റോവര്‍ പാറപൊടിച്ച് രുചി നോക്കിയിട്ടും ഇനിയും സിനിമയോടുള്ള ആ പരിഭ്രാന്തി നമുക്ക് മാറിയിട്ടില്ല എന്നാണ് ഇടക്കാലത്തെ ഏറ്റവും വലിയ സമൂഹചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കലാലയത്തില്‍ ഓണാഘോഷത്തിനിടെയുണ്ടായ അപകടമരണം മുഖ്യപ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് സിനിമയെയാണ്. ഈ സമൂഹത്തില്‍ സിനിമ മാത്രമാണ് സ്വാധീനമുണ്ടാക്കുന്നത് എന്ന രീതിയിലാണ് മിക്കവാറും പ്രതികരണങ്ങളും വരുന്നത്. ദുഷിച്ച് നാറുന്ന രാഷ്ട്രീയം, അഴിമതി നിറഞ്ഞ ഭരണസംവിധാനം, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന സാമൂഹികമനസ്ഥിതി എന്നിങ്ങനെ നമ്മള്‍ ആണ്ടുകിടക്കുന്ന ഈ ചെളിക്കുണ്ടില്‍ നിന്നാണ് സിനിമയും ഉണ്ടാകുന്നതെന്ന് മനസിലാക്കാതെയാണ് ഈ വിളിച്ചുകൂവിക്കൊണ്ടുള്ള ഓട്ടം. സിനിമ ജീവിതത്തില്‍ നിന്നും വരുന്നതാണ്. കലാപരമായ മേന്മയുള്ളതാണോ ഇല്ലാത്തതാണോ സിനിമ എന്നതൊന്നും ഇവിടെ വിഷയമല്ല. എല്ലാത്തരം സിനിമയും ഇവിടെ ഈ സമൂഹത്തില്‍ നിന്നുണ്ടാവുന്നതാണ്. മുഖം നന്നല്ലാത്തതിന് കണ്ണാടി ഉടയ്ക്കുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. ഈ ദര്‍പ്പണഭഞ്ജനോദ്യമത്തിനു മുന്‍‌പന്തിയില്‍ നില്‍ക്കുന്നവരില്‍ അന്തക്കമ്മികളായ പോലീസുകാര്‍ മാത്രമല്ല പുരോഗമനപരമായി ചിന്തിക്കുന്ന വിപ്ലവകാരികളുമുണ്ട് എന്നതാണ് ദൌര്‍ഭാഗ്യം. കവിതമുതല്‍ പഞ്ചഗുസ്തി വരെയുള്ള ലക്ഷക്കണക്കിനു (കലാ?) രൂപങ്ങളില്‍ സിനിമയ്ക്ക് മാത്രമെന്താണ് ഈ ദുര്യോഗം? ഇപ്പോള്‍ തന്നെ സിനിമ എന്ന കലാരൂപത്തിനു നേരേ സെന്‍സറിങ്ങ് എന്ന മാരകായുധം ഏന്തി നില്‍ക്കുന്ന ഭരണകൂടവ്യാളിയുടെ പിണിയാളുകളാവുകയാണോ ഇവര്‍? ആവിഷ്കാര സ്വാതന്ത്ര്യം എന്ന് മൈക്ക് കിട്ടുമ്പോഴെല്ലാം വിളിച്ചു കൂവുന്നവര്‍ എന്തുകൊണ്ടാണ്  ആദ്യചലച്ചിത്രത്തിലെ തീവണ്ടികണ്ടവരെപ്പോലെ സിനിമ കൊല്ലും എന്ന് നിലവിളിച്ചുകൊണ്ട് ഓടുന്നത്?


ഉള്ളിന്റെ ഉള്ളിലൊരു ഞാന്‍!

ഒരാള്‍പ്പൊക്കം എന്റെ ആദ്യത്തെ തിരക്കഥ ആയിരുന്നില്ല. 2001 മുതല്‍ എഴുതിയ, എഴുതിയ ശേഷം ചുരുട്ടി എറിഞ്ഞ, തിരുത്തി മറ്റെന്തെങ്കിലും ഒക്കെ ആക്കിയ ഒരുപാടു തിരക്കഥകള്‍ കൈവശമുണ്ടായിരുന്നു. എങ്കിലും എങ്ങനെയാണ് പിന്നെ ഒരാള്‍പ്പൊക്കം എന്ന സിനിമ എന്റെ ആദ്യസിനിമയായത് എന്നത് ഒരു മായയാണ്. നിരവധി സിനിമാ ശ്രമങ്ങള്‍ക്കിടയില്‍ മനസില്‍ വന്നുകൂടിയ ഒരു കഥയാണ് ഉണ്ണി ആര്‍ ന്റെ ഒഴിവുദിവസത്തെ കളി. വളരെ ചെറിയ ഒരു പ്ലോട്ട് ആണതെങ്കിലും കഥയ്ക്കുള്ളിലെ അടരുകള്‍, വരികള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന രാഷ്ട്രീയ വിവക്ഷകള്‍, ചടുലമായ നാടകീയത ഒക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ പിടിച്ചുവലിച്ച കൃതികള്‍ ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നു, ബെന്യാമിന്റെ ആടുജീവിതം എന്നിവയാണ്. ഒരാള്‍പ്പൊക്കത്തിന്റെ ആലോചനകള്‍ തുടങ്ങുന്നതിനു മുന്‍പേ തന്നെ തിരുവനന്തപുരത്തുവെച്ച് ഉണ്ണി ആര്‍ നെ കണ്ട് കഥയുടെ സാധ്യതകള്‍ സൂ‍ചിപ്പിച്ച് അത് സിനിമയാക്കിക്കോട്ടെ എന്ന് ചോദിച്ചിരുന്നു. അന്നു തന്നെ സമ്മതം ലഭിച്ചു എങ്കിലും ആദ്യം നടന്ന സിനിമ ഒരാള്‍പ്പൊക്കമായിരുന്നു. ഒരാള്‍പ്പൊക്കത്തിന് നിരവധി സമ്മാനങ്ങള്‍ ലഭിച്ചു എങ്കിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ മികച്ച സംവിധായകനുള്ള പുരസ്കാരം ആ സിനിമയേയും അതിന്റെ ഒപ്പം നിന്ന സകലരേയും വളരെയധികം ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചു. ഒരാള്‍പ്പൊക്കത്തിനു ശേഷം മറ്റൊരു സിനിമയ്ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോഴും ഒഴിവുദിവസത്തെ കളി പിന്നീടാവട്ടെ എന്ന് മാറ്റി വെയ്ക്കുകയായിരുന്നു. കുറേക്കൂടി അനുഭവസമ്പത്തു കൈവന്നശേഷം ചെയ്യേണ്ട ഒരു സിനിമയാണതെന്നായിരുന്നു എന്റെ മനസ് പറഞ്ഞിരുന്നത്. മറ്റൊരു സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കുകയും ഷൂട്ടിങ്ങ് സമയം തീരുമാനിക്കുകയും അഭിനേതാക്കളെ വരെ കണ്ടെത്തുകയും ചെയ്തിട്ടാണ് പെട്ടെന്ന് ഒരു ദിവസം ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് ക്യാമറാമാന്‍ ഇന്ദ്രജിത്തിനെ വിളിച്ച് നമുക്ക് ഉടന്‍ ഒഴിവു ദിവസത്തെ കളി ചെയ്യാം എന്ന് പറയുന്നത്. എന്റെ ചിന്തകളെ നിയന്ത്രിക്കുന്ന ഒരു അജ്ഞാതനായ ഞാന്‍ ഉള്ളിലിരിപ്പുണ്ട് എന്ന് തോന്നും വിധമാണ് കാര്യങ്ങള്‍. ഒരാള്‍പ്പൊക്കത്തിനു കിട്ടിയ മികച്ച സംവിധായകനുള്ള അവാര്‍ഡ് അയാള്‍ക്കായിരിക്കും കൊടുക്കേണ്ടതെന്ന് തോന്നുന്നു. ഒഴിവു ദിവസത്തെ കളി നിയന്ത്രിച്ചതും അയാള്‍ തന്നെയാണ്. ഞാനും ഒപ്പമുണ്ടായിരുന്ന എല്ലാവരും ആ നിയന്ത്രണത്തിനനുസരിച്ച് കളിക്കുകയായിരുന്നില്ലേ എന്ന് തോന്നിപ്പോകുന്നു.