മനുഷ്യനിർമിതമല്ലാത്ത നഗരങ്ങൾ.

എല്ലാം നഗരങ്ങളും മനുഷ്യനിർമിതമല്ല..
ഉറുമ്പുകൾ നിർമിച്ചിട്ടുള്ള
തുരംഗപാതകളിലൂടെ സഞ്ചരിച്ചിട്ടുള്ളതിനാൽ
എനിക്കത് പറയാൻ സംശയമില്ല.

പെരുച്ചാഴികളുടെ സത്രങ്ങളിൽ
ഞാനന്തിയുറങ്ങിയിട്ടുണ്ട്.


പ്രാവുകൾ മാത്രം താമസിക്കുന്ന കൂറ്റൻ
ഫ്ലാറ്റുകൾക്കിടയിൽ വഴിതെറ്റിയിട്ടുണ്ട്.
ചില നഗരകവാടങ്ങളിൽ
ആനയുടെയോ കടുവയുടെയോ മുഖങ്ങൾ കണ്ടിട്ടില്ലേ?
ചിലതിൽ പാമ്പോ കഴുകനോ സിംഹമോ ആയിരിക്കും.

അതൊക്കെ അതത് മൃഗങ്ങളുടെയും
പക്ഷികളുടെയും നഗരമാണ്.
അവയിലൊക്കെ മനുഷ്യർ ജീവിക്കുന്നു എന്നേയുള്ളു!
മനുഷ്യർ നിർമിച്ചിട്ടുള്ള ഗ്രാമങ്ങളിൽ
പട്ടിയും പൂച്ചയും കോഴിയും കുറുനരിയും ജീവിക്കുന്നില്ലേ,
അതുപോലെ. അത്രയേ ഉള്ളു!

രാത്രിയിൽ, മനുഷ്യനിർമിതമെന്ന്
നിങ്ങൾ തെറ്റിദ്ധരിച്ചിട്ടുള്ള നഗരങ്ങളുടെ അരികുപറ്റി നടന്നാൽ,
പൊടിമണ്ണിൽ പത്രക്കടലാസുപോലും വിരിക്കാതെ
മനുഷ്യർ ഉറങ്ങുന്നത് കാണാമല്ലോ!
അവറ്റക്ക് മേൽ പക്ഷികളും മൃഗങ്ങളും കാഷ്ടിക്കുന്നുണ്ടാവില്ലെ?
വിശപ്പ് സഹിക്കാൻ കഴിയാതെ വന്നാൽ ഇരുട്ട് അവറ്റകളെ തിന്നുകളയില്ലെ?
മനുഷ്യനിർമിതമെങ്കിൽ,
പറയൂ എങ്ങിനെയാണ് ഇത്ര അരക്ഷിതമായി
നഗരങ്ങൾ നിർമിക്കാൻ മനുഷ്യനു കഴിയുക?

രാത്രി പാറാവുനടത്തുന്ന പോലീസുകാരെ ചൂണ്ടി
നഗരത്തിന്റെ മനുഷ്യത്വത്തെക്കുറിച്ചു‌പറയാനാണോ ഭാവം?
ഞാനൊരു രഹസ്യം പറയട്ടെ,
അവർ മൃഗങ്ങളുടെ ജോലിക്കാരാണെന്ന് ആർക്കുമറിയില്ല!
അവർക്കുപോലും!
മനുഷ്യർ സൃഷ്ടിച്ച‌ നഗരത്തിൽ നിങ്ങള്‍ക്ക് പോലീസുകാരെ‌ കാണാനാവില്ല
പെൺകുട്ടികൾ അവരുടെ‌ ഇണകളോടൊപ്പം
സ്വപ്നം കണ്ട് നടക്കുന്ന നിരത്താണ് മനുഷ്യ നഗരത്തിന്റെ മുഖം.