നമ്മൾ ജനിച്ചിട്ടേയില്ല എന്ന് കരുതുക.
ഇരുട്ടിൽ ഇരുട്ടായി
ശൂന്യതയുടെ വിത്തായി
ഒന്നും ഒന്നും ഒന്നുതന്നെയായി,
അവിടെയും ഇവിടെയും എവിടെയും,
ഉള്ളതോ ഇല്ലാത്തതോ എന്ന സന്ദേഹം മാത്രമായി
ഏതോ പ്രപഞ്ചത്തിൽ, ജലം നമ്മെ ഉമ്മവെച്ച
മധുരമുള്ള ഒഴുക്കിന്റെ മണൽത്തട്ടിൽ,
പച്ചയായ് പടർന്നുകയറുന്ന പുൽത്തകിടിയിൽ,
കണ്ണടച്ചു കൈകോർത്ത്
പുഞ്ചിരിച്ചു കിടന്നപ്പോഴെന്നപോലെ എല്ലാം മറന്ന്
രമിക്കുക മാത്രമാണെന്ന് കരുതുക.
എത്ര കാറ്റുകൾ, കാലങ്ങൾ,
എത്രയെങ്കിലും മഴച്ചാറ്റകൾ
ആ കിടക്കയിൽ നമ്മെ നമ്മൾ അറിയാതെ
തഴുകി പോയിട്ടുണ്ടാവാം എന്ന് കരുതുക.
നീ, നീയും ഞാൻ, ഞാനും അല്ലാത്ത അന്നേരങ്ങളിൽ
പരസ്പരം ഓർക്കാനോ പറയാനോ
പേരുചൊല്ലിവിളിക്കാനോ തുനിയാതെ
അതിനുള്ള അകലങ്ങളേതുമില്ലാതെ
ഒരു കുമിള മറ്റൊരു കുമിളയിൽ അനായാസം
അലിഞ്ഞില്ലാതാകുന്നപോലെ
തെളിവുകൾ ബാക്കിയില്ലാതായ
മഴവില്ലുകൾ നാം എന്ന് കരുതുക.
എണ്ണമറ്റ നക്ഷത്രങ്ങളിലെ
എണ്ണമില്ലാത്ത ജീവന്റെ കരകളിൽ
കണ്ടതും കാണാത്തതുമായ
എത്രയെങ്കിലും സ്വപ്നങ്ങളിൽ
ഓർമയിൽ ബാക്കിയില്ലാത്ത
സ്വപ്നപ്രതീതികൾ തന്നെയായി നാം
നമ്മെ മറന്നങ്ങനെ കിടക്കുമ്പോൾ
പൊടുന്നനെ ഉണർന്നുപോയതാണെന്ന് കരുതുക.
ഒന്നും ഒന്നും രണ്ടാണെന്ന ലോകത്തിൽ
മുറിവേറ്റവരായി പിടഞ്ഞുപോയതാണെന്നും
നമ്മൾ ജനിച്ചിട്ടേയില്ല എന്നും കരുതി
ഈ തേടൽ അവസാനിപ്പിക്കുക.
സ്വസ്തി!