മുപ്പതുവര്‍ഷങ്ങള്‍
മുപ്പതുവര്‍ഷങ്ങള്‍;
ഒരുനദിയുടെ പേരാണോ?
എത്രപിന്നോട്ടു തുഴഞ്ഞിട്ടും
പ്രഭവസ്ഥാനം കണ്ടെത്താന്‍ കഴിയാത്ത,
ഇത്രകാലം ഒഴുകിയിട്ടും
കടലിലേക്കഴിഞ്ഞുപോകാത്ത,
ഇല്ലെങ്കിലും ഉണ്ടെന്നു തോന്നുന്ന,
ഉണ്ടെങ്കിലും ഇല്ലാത്തതായ
ഒരു സ്വപ്നസ്ഖലനത്തിന്റെ.....!

മുപ്പതു വര്‍ഷങ്ങള്‍;
ഒരു തോണിയുടെ പേരാണോ?
ഏതു നിലക്കാത്ത ആഴത്തിലും
പൊള്ളയായ ഉള്ളുള്ളതുകൊണ്ട്
പൊങ്ങിത്തന്നെ കിടക്കുന്ന,
ഏതു തിരയിലും മലര്‍ന്നുമാത്രം
കിടക്കാന്‍ വിധിയുള്ള,
കമിഴ്ന്നുചേര്‍ന്ന് നെഞ്ച്പൊട്ടി-
ക്കരയാന്‍ അതിയായ് കൊതിയുള്ള
ഒരു പൊങ്ങച്ചത്തിന്റെ.......!

മുപ്പതുവര്‍ഷങ്ങള്‍;
ഒരു വൃക്ഷത്തിന്റെ പേരാണോ?
എത്ര ശിഖരങ്ങളാണ്,
എത്ര ഇലകളാണ്,
എത്ര മൊട്ടുകളാണ്
തനിക്കുള്ളതെന്നറിയാത്ത,
ഒഴിഞ്ഞുപോകുന്ന മണല്‍ത്തരികളെ
വിലാപം പോലുള്ളവേരുകള്‍ കൊണ്ട്
അള്ളിപ്പിടിച്ചു നില്‍ക്കുന്ന
ഒരു തളര്‍വാതത്തിന്റെ......!

മുപ്പതുവര്‍ഷങ്ങള്‍;
എന്തായാലും
ഒരുജീവിതത്തിന്റെ പേരാകുമോ?
ജനിക്കുന്നതുകൊണ്ട് തുടങ്ങുകയും,
മരിക്കാത്തതുകൊണ്ട്തുടരുകയും
ചെയ്യുന്ന ഒരു ചന്തവഴക്കിന്റെ.....!

മുപ്പതുവര്‍ഷങ്ങള്‍.......
ഏതു മജീഷ്യന്റെ തൊപ്പിയിലെ
മുയല്‍ക്കുഞ്ഞുങ്ങളാണ് ദൈവമേ......?