വെയിലിന്റെ പൂട പറിച്ച്
ചുവക്കെപൊരിച്ചെടുത്ത പക്ഷിയെ
ഒരു പകല്‍ മുഴുവന്‍ പട്ടിണികിടന്ന ഇരുട്ട്
ഒറ്റയടിക്കു വിഴുങ്ങി......
ഈ മുറിയില്‍ എലികളൊന്നും
ഇല്ലെന്നറിഞ്ഞിട്ടും,കൂര്‍ത്ത നഖമുള്ള
ഒരു പൂച്ച, രാത്രിതോറും വരുന്നു.
ആത്മാവിന്റെ പൂച്ചുകളൂരിവച്ച
നഗ്നനശ്വരശരീരത്തില്‍
മാന്തി മാന്തിയുണര്‍ത്തുന്നു.
പാപങ്ങളുടെ പാശങ്ങളോരോന്നായി
അഴിച്ചഴിച്ച് അനശ്വരമായ ആകാശത്തിലേക്ക്
കെട്ടുപൊട്ടാന്‍ കൊതിക്കുമ്പോഴാണ്,
പ്രവാചകന്മാരുടെ അടക്കോഴികള്‍
ദൈവങ്ങളുടെ ഭ്രൂണങ്ങളെ കൊത്തിക്കുടിക്കുന്നത്.