7/8/07

ഹന്ത പൂജ്യമേ

ജനിച്ച നാള്‍മുതല്‍
‍ഹരിക്കലും കിഴിക്കലും....

കടമെടുപ്പും ശിഷ്ടം വെയ്പ്പും മടുത്തപ്പോള്‍
മനമുരുകിക്കൊതിച്ചു.
പേരിനെങ്കിലും കിട്ടിയെങ്കില്‍
ഒരു കൂട്ട്...
ഒരു സങ്കലനം.....

ഒന്നുമൊന്നും രണ്ട്
രണ്ടുമൊന്നും മൂന്ന്
മൂന്നുമൊന്നും.....

വൃശ്ചികത്തില്‍ മഞ്ഞുപെയ്യുമ്പോലെ....
അത്രക്കും ശാന്തമായിരുന്നു
മോഹങ്ങളുടെ താളം

കിട്ടിയതോ
പെരുമ്പറയില്‍ കുതിരയോടുമ്പോലെ
ഗുണിതത്തിന്റെ ദ്രുതതാളം....

ഈരണ്ട് നാലേ
മൂരണ്ടാറേ
നാരണ്ടെട്ടേ
ഐരണ്ട്....

ഗുണിച്ചുപെരുപ്പിക്കാന്‍
ചുറ്റുമൊരക്ഷൌഹിണി.
അച്ഛന്‍,അമ്മ,അനുജത്തി
സുഹൃത്തുക്കള്‍,ബന്ധുക്കള്‍
‍ഭാര്യ,മക്കള്‍......

ആര്‍ത്തിപിടിച്ച്
എത്രതന്നെ മനസിരുത്തി
ഗുണിച്ചിട്ടും കിട്ടുന്നത് പൂജ്യം...

സ്കൂള്‍ ക്ലാസിലെ കണക്ക് സാറിന്റെ
മുറുക്കാന്‍ ചുരക്കുന്ന ചിരിപോലെ
ദൈവം ചിരിക്കുന്നു....

പൂജ്യത്തോടെത്ര ഗുണിച്ചാലും
പൂജ്യം തന്നെട മണ്ടാ...

10 അഭിപ്രായങ്ങൾ:

 1. ജനിച്ച നാള്‍മുതല്‍
  ‍ഹരിക്കലും കിഴിക്കലും....

  കടമെടുപ്പും ശിഷ്ടം വെയ്പ്പും മടുത്തപ്പോള്‍
  മനമുരുകിക്കൊതിച്ചു.
  പേരിനെങ്കിലും കിട്ടിയെങ്കില്‍
  ഒരു കൂട്ട്...
  ഒരു സങ്കലനം.....

  ഒന്നുമൊന്നും രണ്ട്
  രണ്ടുമൊന്നും മൂന്ന്
  മൂന്നുമൊന്നും.....

  വൃശ്ചികത്തില്‍ മഞ്ഞുപെയ്യുമ്പോലെ....
  അത്രക്കും ശാന്തമായിരുന്നു
  മോഹങ്ങളുടെ താളം

  മറുപടിഇല്ലാതാക്കൂ
 2. കടമെടുപ്പും ശിഷ്ടം വെയ്പ്പും മടുത്തപ്പോള്‍
  മനമുരുകിക്കൊതിച്ചു.
  പേരിനെങ്കിലും കിട്ടിയെങ്കില്‍
  ഒരു കൂട്ട്...

  ഈ വരികള്‍ മനോഹരമായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. വൃശ്ചികത്തില്‍ മഞ്ഞുപെയ്യുമ്പോലെ....
  അത്രക്കും ശാന്തമായിരുന്നു
  മോഹങ്ങളുടെ താളം

  wonderful sanathana

  മറുപടിഇല്ലാതാക്കൂ
 4. അങ്ങനെ സ്വയം വിധിക്കാന്‍ വരട്ടെ, പൂജ്യത്തിനും അതിന്റേതായ വിലയുണ്ടല്ലോ. പൂജ്യത്തോടെത്ര ഗുണിച്ചാലും പൂജ്യം തന്നെയെന്നത് ഒരു സവിശേഷതയല്ലേ? മറ്റുള്ളവരുടെ കാര്യം നോക്കൂ, ഗുണനം പോസിറ്റീവുമായാണെങ്കില്‍ വലിയ പോസിറ്റീവും നെഗറ്റീവുമായാണെങ്കില്‍ ഉള്ള പോസിറ്റീവ് മൂല്യം നഷ്ടപ്പെടുത്തി അതിനേക്കാള്‍ വലിയ നെഗറ്റീവുമല്ലേ ഉണ്ടാവുക? പൂജ്യത്തിനാണെങ്കില്‍ തനിക്കുള്ളതെങ്കിലും നിലനിര്‍ത്താല്ലോ, മറ്റുള്ളവരുടെ സ്വാധീനങ്ങളില്‍ പെടാതെ സ്വത്വം സൂക്ഷിക്കാമല്ലോ.

  മറുപടിഇല്ലാതാക്കൂ
 5. ആപ്പിള്‍.... താങ്കള്‍ ഒരട്ടിമറി നടത്തിയല്ലോ സുഹൃത്തേ.

  മറുപടിഇല്ലാതാക്കൂ
 6. അയ്യോ, ഞനൊരട്ടിമറിയും ഉദ്ദേശിച്ചില്ല സനാതനന്‍.
  ഈ കവിതയുടെ ആശയവും അവതരണവും ശരിക്കും ഇഷ്ടപ്പെട്ടു, ഇത് വായിച്ചപ്പോള്‍ ഗണിത വാധ്യാന്‍ വട്ടപൂജ്യമെന്നും ഓട്ടകാലണയെന്നും വിശേഷിപ്പിച്ച സ്ഫടികത്തിലെ ആടുതോമയെയാണ് ഓര്‍മ്മ വന്നത്.
  പിന്നെ ജീവിതത്തിന്റെ ഗണിതശാസ്ത്രത്തില്‍ ഗുണനം എല്ലാവര്‍ക്കും ഗുണം ചെയ്യണമെന്നില്ലല്ലോ, ചിലപ്പോള്‍ വളരെ ദോഷം സംഭവിച്ചു എന്നും വരാം, ആ നിലക്ക് പൂജ്യമായിരിക്കുന്നത് തന്നെയല്ലേ നല്ലതെന്ന് തോന്നി, അത്രേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ, കവിതയുടെ ആശയത്തില്‍ അട്ടിമറിയൊന്നും ഉദ്ദേശിച്ചില്ല.

  മറുപടിഇല്ലാതാക്കൂ
 7. http://saljojoseph.blogspot.com/2007/07/blog-post_15.html

  ഈ കവിതകൂടിയൊന്നു വായിക്കൂ ആപ്പിളേ..ഞാന്‍ കുറ്റപ്പെടുത്തിയതല്ലകേട്ടോ.താങ്കളുടെ അഭിപ്രായം ശരിതന്നെ.പൂജ്യവും പൂജ്യമല്ലേ :).ഒരുപക്ഷേ അതുകൊണ്ടാണോ, പൂജിക്കപ്പെടേണ്ടത് എന്ന അര്‍ത്ഥത്തിലാണോ ഈ വട്ടം പൂജ്യമെന്നു വിളിക്കപ്പെടുന്നത്..അങ്ങനെയെങ്കില്‍ നമ്മളൊക്കെ അപൂജ്യങ്ങള്‍ തന്നെ. :)

  മറുപടിഇല്ലാതാക്കൂ