29/8/07

കോളാമ്പി

സം‌വേദനത്തിന്റെ കാര്യത്തിലെങ്കിലും
കമ്യൂണിസം യാഥാര്‍ത്ഥ്യങ്ങളോട്അടുത്തു നില്‍ക്കുന്നു.

സി.പി യുടെ കാലത്തെ
കമ്മ്യൂണിസ്റ്റുകളെക്കുറിച്ചു കേട്ടിട്ടില്ലേ....
സ്വന്തം തറവാട്ടുമുറ്റത്തും
തലയില്‍ മുണ്ടിട്ടു നടന്നവര്‍,
അടിയാന്റെ കുടികളില്‍
‍വിത്തിനും കൈക്കോട്ടിനും ഇടയില്‍
ഒളിപാര്‍ത്തിരുന്നവര്‍,
കപ്പ നുറുക്കിയതും കാന്താരിയുടച്ചതും
തിന്നാല്‍ സംതൃപ്തിയുടെ ഏമ്പക്കം തികട്ടിയവര്‍...

അവര്‍ക്ക് പ്രസം‌ഗിക്കാന്‍
‍മൈക്കും കോളാമ്പിയും വേണ്ടായിരുന്നു.
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ പിറുപിറുപ്പുകളില്‍
വിപ്ലവത്തിന്റെ ഓര്‍ക്കസ്ട്ര തീര്‍ത്തു അവര്‍.

യാഥാര്‍ത്ഥ്യങ്ങളും അങ്ങനെ തന്നെ
കയ്യടി നേടുന്ന കള്ളങ്ങളുടെ ലോകസഭയില്‍
മുന്നണിയില്ലാത്ത സ്വതന്ത്രനെപ്പോലെ
പിന്‍‌നിരയിലാവും എപ്പോഴും..

ആരവങ്ങളില്‍ അടിതെറ്റുന്ന
നാവിന്‍ തുമ്പില്‍ നിന്നും എതിര്‍പ്പുകളുടെ സ്വരം
വര്‍ത്തമാനത്തിന്റെ ബാധിര്യത്തില്‍
ചരിത്രത്തിലേക്ക് മുങ്ങാങ്കുഴി കളിക്കുകയാവും...

സംവദിക്കാന്‍ അവര്‍ക്കും
ആഴ്ച്കപ്പതിപ്പുകളുടെ നടുവില്‍ നാലുപുറം വേണ്ട.
ഫ്ലാഷ് ന്യൂസുകളുടെ മാലപ്പടക്കങ്ങളില്‍
‍ചോരച്ചുവപ്പുള്ള ദീപാവലി വേണ്ട...
പാറപ്പുറത്തും വേരോടിക്കുന്ന ആല്‍മരം പോലെ
വസ്തുതകളുടെ ധാര്‍ഷ്ട്യം തലയുയര്‍ത്തി നിന്നു.

പക്ഷേ കസേരകള്‍ കിട്ടിക്കഴിഞ്ഞാല്‍
‍നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ഇടങ്ങളുണ്ടായിക്കഴിഞ്ഞാല്‍
പറയണമെങ്കില്‍ കോളാമ്പികള്‍ വേണം
ചവച്ചു ചവച്ചു കൊഴുപ്പിച്ച വെറ്റത്തുപ്പല്‍ പോലെ
വാക്കുകളുടെ ചാളുവ കാതുകളിലേക്ക്
നീട്ടിത്തുപ്പാന്‍....

8 അഭിപ്രായങ്ങൾ:

 1. കവിത നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 2. ഈ ഒളിവുകാലത്ത് പിടികിട്ടിയവരെ ഇടിച്ചുപരിപ്പിളക്കിക്കളഞ്ഞു എന്നാ പറയുന്നേ. അല്ലാത്തവരുടെ കൂമ്പുതനിയെ വാടി. ആരോഗ്യസ്ഥിതി പറ്റാതായപ്പോ കോളാമ്പികള്‍ വേണ്ടിവന്നു. ത്രന്നെ! ഇപ്പോ വാക്കുകള്‍ വെറും തുപ്പല്‍ തന്നെ. അത് കോളാമ്പി അങ്ങോട്ടുമിങ്ങോട്ടും പിടിച്ച് പരസ്പരം തുപ്പുന്നു.

  മറുപടിഇല്ലാതാക്കൂ
 3. പ്രിയ സ്നേഹിത സനാതനന്‍

  നന്നായിട്ടുണ്ടു........അഭിനന്ദനങ്ങള്‍


  മന്‍സുര്‍,നിലംബൂര്‍

  മറുപടിഇല്ലാതാക്കൂ
 4. സനാതനന്‍ ചേട്ടാ നല്ല കവിത തന്നെ.പഴയ കാല കമ്യൂണിസ്റ്റുകളില്‍ നിന്ന് പുതിയ കാല കമ്യൂണിസ്റ്റുകള്‍ എത്രകണ്ട് വ്യതിചലിച്ചിട്ടുണ്ടെന്ന് വരികളില്‍ വായിക്കാം. എങ്കിലും ചില വിയോജിപ്പുകള്‍.

  ‘സം‌വേദനത്തിന്റെ കാര്യത്തിലെങ്കിലും
  കമ്യൂണിസം യാഥാര്‍ത്ഥ്യങ്ങളോട്അടുത്തു നില്‍ക്കുന്നു.‘
  ബാക്കി കാര്യങ്ങളില്‍ ഉട്ടോപ്പ്യനാണെന്ന്!കമ്യൂണിസം ഉട്ടോപ്പ്യനാണോ? മതഗ്രന്ഥങ്ങളേക്കാള്‍ യാതാര്‍ഥ്യം പറയുന്നുണ്ട് കമ്മ്യൂണിസമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  ‘സ്വന്തം തറവാട്ടുമുറ്റത്തും
  തലയില്‍ മുണ്ടിട്ടു നടന്നവര്‍...‘
  ഈ വരി നല്ല അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും വായിക്കുമ്പോള്‍ മറ്റൊരു അര്‍ത്ഥം വരുന്നു.

  മറുപടിഇല്ലാതാക്കൂ
 5. പ്രിയ കിനാവേ,
  മതഗ്രന്ധങ്ങള്‍ യഥാര്‍ത്ഥ്യം പറയുന്നുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.അവ പറയുന്നതിനേക്കാള്‍ മഹത്തായ സ്വപ്നങ്ങള്‍ ആണ് കമ്യൂണിസം പറയുന്നത്.രണ്ടും യാഥാര്‍ത്ഥ്യങ്ങളോട് പൊതുവേ അകന്നു നില്‍ക്കുക തന്നെ യെന്നാണ് എന്റെ വിശ്വാസം.അതു തുറന്നു പറയാന്‍ എനിക്കു മടിയില്ല.പിന്നെ തലയില്‍ മുണ്ടിട്ടു നടക്കുന്നു എന്ന വരി ദുരുദ്ദേശപരമല്ല.അത്രയ്ക്കും അസ്വത്ന്ത്രമായ അവസ്ഥയിലാണ്‍് അവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളു.വായനക്കു നന്ദി.

  മറുപടിഇല്ലാതാക്കൂ
 6. കാരണവന്മാര്‍ ഉച്ചഭാഷിണിക്കും മുറുക്കിത്തുപ്പല്‍ പാത്രത്തിനും ഒരേപേര്‍ നിശ്ചയിച്ചതിതിലെ ദാര്‍ശനികതക്കു നമസ്കാരം.പന്‍ചസാരപ്പായസം സ്വര്‍ണ്ണക്കോളാമ്പിയിലായാലും വര്‍ജ്യം എന്നും അവര്‍ പണ്ടേ തീരുമാനിച്ചല്ലോ.

  മറുപടിഇല്ലാതാക്കൂ