1/9/07

കാടന്‍

കാടിനുള്ളില്‍ ഞാനെപ്പോഴും
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു.

വരുന്നുണ്ടോ ഒരു മൃഗം
മരണം മണത്തെങ്ങാനും!
കേള്‍ക്കുന്നോ ഒരു ശബ്ദം
പച്ചിലച്ചലപ്പല്ലാതെ!

വറുന്ന മണ്ണില്‍പ്പാദം
നട്ടു നട്ടു നടത്തം
കടഞ്ഞ കാല്‍ വണ്ണകള്‍
നീട്ടി നീട്ടി വൈക്കാന്‍ വരുത്തം

വിശപ്പാണെങ്കില്‍
ഉച്ചക്കൊടുഞ്ഞിപൂ പോലെ.
ദാഹമോ തൊണ്ടയില്‍
കുത്തിക്കോരുന്ന കിണര്‍.

ഇന്ദ്രിയങ്ങളിറങ്ങിക്കാട്ടി-
ന്നന്തരങ്ങളിലിര തേടിപ്പോയ്...

പറന്നോ ഒരു പക്ഷി..
അടര്‍ന്നോ ഒരു തുള്ളി..
മറിഞ്ഞതാരടിക്കാട്ടില്‍ കാറ്റോ
നിറഞ്ഞ മേനിയുള്ളൊരു പെണ്ണോ!

ഉണര്‍ന്നോ പൌരുഷം..
തീക്കണ്ണു തുറന്നോ മഴു..
തോന്നലോ വെറും ഭ്രാന്തമാം കാന്തലോ
അടങ്ങുന്നില്ലല്ലോ നെഞ്ചിന്റെ തെയ്യം!

കാടിനുള്ളില്‍ ഞാനെപ്പൊഴും
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു...

കേട്ടില്ലല്ലോ ഒരു ചിന്നം
വിളി തന്‍ മാറ്റല പോലും...
കണ്ടുമില്ല കളരവം പാടും
പക്ഷിത്തൂവലു പോലും...

കാടിറങ്ങി മടങ്ങുമ്പോള്‍
കണ്ടു ഞാനൊരു മൃഗത്തെ...
കൂടുതല്‍ അടുപ്പത്തില്‍
കൂടുതല്‍ തെളിച്ചത്തില്‍..

കാടിറങ്ങി മടങ്ങുമ്പോള്‍
കണ്ടുഞാനെന്നെത്തന്നെ...
കൂടുതല്‍ അടുപ്പത്തില്‍
കൂടുതല്‍ തെളിച്ചത്തില്‍...

17 അഭിപ്രായങ്ങൾ:

 1. കാടിനുള്ളില്‍ ഞാനെപ്പോഴും
  കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
  കാഴ്ചതന്‍ നീട്ടക്കണ്ണാടി
  കണ്ണിലൂന്നിപ്പിടിച്ചു.

  വരുന്നുണ്ടോ ഒരു മൃഗം
  മരണം മണത്തെങ്ങാനും!
  കേള്‍ക്കുന്നോ ഒരു ശബ്ദം
  പച്ചിലച്ചലപ്പല്ലാതെ!

  ****കാടന്‍****

  മറുപടിഇല്ലാതാക്കൂ
 2. അതെ,കാട്ടിലേക്കാളും സൂക്ഷിച്ച് നടക്കേണ്ടത് നാട്ടില്‍ തന്നെയാണ്."വറുന്ന" എന്നാല്‍ എന്താണര്‍ത്ഥം?

  മറുപടിഇല്ലാതാക്കൂ
 3. വല്യമ്മായീ..
  പല വാക്കുകളും അസംസ്കൃതമായ കാട്ടുഭാഷയാണ്.വറുന്ന=വരണ്ട,കോടിഞ്ഞി=ചെന്നിക്കുത്ത്,ചലപ്പ്=കലപില,കാണിവംശജര്‍ സംസാരിക്കുന്നത് കേട്ടുനിന്നാലറിയാം.
  വായനക്കു നന്ദി

  മറുപടിഇല്ലാതാക്കൂ
 4. കാടിറങ്ങി മടങ്ങുമ്പോള്‍
  കണ്ടു ഞാന്‍ "ഞാനെന്ന മൃഗത്തെ"!

  ഈ കാഴ്ച എളുപ്പമാക്കാനാവാം ശ്രീനാരായണഗുരു ക്ഷേത്രത്തില്‍ ഒരു കണ്ണാടി പ്രതിഷ്ഠിച്ചതു്!

  കവിത കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 5. സനാതനന്‍

  നന്നായിട്ടുണ്ടു ....ഈ കൊച്ചു കാടിന്‍ മര്‍മരങ്ങള്‍
  കാടിന്‍റെ ഭാഷ പലര്‍ക്കും അഞ്യാതമാണ്‌...ആ വാകുകളുടെ പൊരുള്‍ ..ബ്രക്കറ്റിലോ..കവിതയുടെ തഴെയോ കൊടുക്കാമായിരുന്നു.
  നിലംബൂര്‍ കാട്ടിലെ ഭാസ നിച്യമുള്ളതോണ്ട് ഞാക്ക് പുരിഞ്ചു.

  അഭിനന്ദനങ്ങള്‍

  നന്‍മകള്‍ നേരുന്നു

  മന്‍സൂര്‍

  മറുപടിഇല്ലാതാക്കൂ
 6. കാടിറങ്ങി മടങ്ങുമ്പോള്‍
  കണ്ടുഞാനെന്നെത്തന്നെ...
  കവിത ഇഷ്ടപ്പെട്ടു.:)

  മറുപടിഇല്ലാതാക്കൂ
 7. കൊള്ളാം ഈ തിരിച്ചറിവും കവിതയും.

  മറുപടിഇല്ലാതാക്കൂ
 8. some doubts
  ‘മറിഞ്ഞതാരടിക്കാട്ടില്‍’ മറഞ്ഞതാരെന്നാണോ ഉദ്ദേശിച്ചത്. ചിന്നം (ചിഹ്നം) വിളിയല്ലേ?
  ‘കളരവം പാടും
  പക്ഷിത്തൂവല്‍’ പക്ഷി തന്‍ തൂവലല്ലേ നല്ലത്. കളരവം പാടേണ്ടതുണ്ടോ?
  ‘ദാഹമോ തൊണ്ടയില്‍
  കുത്തിക്കോരുന്ന കിണര്‍’ ദാഹത്തെ കുത്തിക്കോരുന്ന കിണറുമായി ബന്ധപ്പെടുത്താന്‍ കഴിയാത്ത പോലെ.
  please delete after read.

  മറുപടിഇല്ലാതാക്കൂ
 9. കിനാവേ വായനക്കും തിരുത്തുകള്‍ക്കും നന്ദി.തെറ്റുകള്‍ ധാരാളം തന്നെ
  ചിഹ്നംവിളി തന്നെയെന്നു തോന്നുന്നു.പക്ഷിത്തൂവല്‍ തന്നെയാണുദ്ദേശിച്ചത്-പക്ഷിയെ എന്തായാലും കണ്ടില്ല പക്ഷിത്തൂവലെങ്കിലും കണ്ടാമതിയായിരുന്നു-കളരവം എന്നാല്‍ ശബ്ദം മാത്രമല്ലേ ആകുന്നുള്ളു അതു പാടിത്തന്നെ ആവണ്ടേ?
  തൊണ്ടയില്‍ കുഴികുത്തിക്കോരുന്ന ദാഹത്തിന് കുഴപ്പമുണ്ടോ ആവോ?
  ചിന്നം വിളിയാണോ ചിഹ്നംവിളിയാണോ എന്നകാര്യത്തില്‍ നല്ല ഉറപ്പില്ല,ആരെങ്കിലും പറഞ്ഞുതരുമോ?
  അടയാളം നല്‍കുന്ന വിളിയെന്ന നിലയിലാണെന്നു തോന്നുന്നു ആനയുടെ(കൊമ്പന്റെ)വിളിയെ ചിഹ്നംവിളിയെന്ന് പറയുന്നത്.അതോ ചിന്നം ആയിപ്പോകുന്ന വിളിയെന്ന മട്ടിലോ?
  അറിയില്ല.എന്റെ ധാരണവച്ചെഴുതിയതാണ്.ഇപ്പോള്‍ ആശയക്കുഴപ്പമായി :(

  മറുപടിഇല്ലാതാക്കൂ
 10. ഇനി പക്ഷിത്തൂവല്‍ പാടില്ലെന്നാണോ കിനാവുദ്ദേശിച്ചത്?
  ഓര്‍മകളും ആഗ്രഹങ്ങളും ഉണ്ടെങ്കില്‍ പക്ഷിത്തൂവല്‍ പാടും പറന്നുപോയ പക്ഷിയുടെ പാട്ട് .വായിച്ചു കഴിഞ്ഞു നാളുകള്‍ പോയാലും നെഞ്ചിന്റെ പുറത്ത് പുസ്തകത്തിന്റെ ഭാരം കമിഴ്ന്നിരിക്കാറില്ലേ അതുപോലെ അതുകൊണ്ടാണ് അങ്ങനെ എഴുതിയത്.ഭൌതീകമായിട്ടല്ല :)

  മറുപടിഇല്ലാതാക്കൂ
 11. ഇനി “ചിഹ്നം” ലോപിച്ചല്ലേ “ചിന്നം” ആയത് ? ഒരു സംശയം.

  കവിത ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 12. ആനവിളി ചിന്നം വിളി. പക്ഷേ, ചിന്നം വിളിയും, ചിഹ്നം വിളിയും വാദ്യശബ്ദവുമാവാം. അതിനാല്‍ ആനയുടെ വിളിയാണു് ഉദ്ദേശിച്ചതെങ്കില്‍ ചിന്നം വിളി എന്നെഴുതിയാല്‍ തെറ്റിദ്ധാരണ അല്പം കുറയ്ക്കാം. ഇതെന്റെ അറിവു്.

  മറുപടിഇല്ലാതാക്കൂ
 13. എന്തായാലും ചിഹ്നം-ചിന്നമെന്നു തിരുത്തി.വളരെ നന്ദി കിനാവേ,മുടിയനായ പുത്രാ,ആവനാഴീ.

  മറുപടിഇല്ലാതാക്കൂ
 14. കാടിറങ്ങി മടങ്ങുമ്പോള്‍
  കണ്ടുഞാനെന്നെത്തന്നെ...
  കൂടുതല്‍ അടുപ്പത്തില്‍
  കൂടുതല്‍ തെളിച്ചത്തില്‍...

  കവിതയുടെ അവസാനവരിയിലെത്തിയപ്പോഴുള്ള വ്യതിചലനം
  അത്‌ ഒരുപാടിഷ്ടമായി

  നല്ല കവിത..
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 15. കാടന്‍ കവിതക്ക് നല്ല ഒഴുക്കുണ്ട്..

  കളകളം പാടുന്നതുപോലെ ‘രവം’പാടുന്നതിലും തെറ്റുണ്ടെന്നു തോന്നിയില്ല.

  മറുപടിഇല്ലാതാക്കൂ