16/9/07

പാഞ്ചാലി

പിറന്ന നാള്‍ മുതല്‍
അഴിക്കുകയാണോരോന്നും...

ഓര്‍മ്മയിലാദ്യം
അവനഴിച്ചതെന്റെ സ്ലേറ്റുകല്ല്.
ആറ്റുനോറ്റുകിട്ടിയ ശരിയടയാളം
അമ്മയെ കാണിക്കാന്‍ കൊതിച്ചോടുമ്പോള്‍
അവനൊരു പിന്മഴയായി പാഞ്ഞുവന്നു.

പനിക്കിടക്കകളുടെ മരുന്ന് ചൂരുകൊണ്ട്
അവനെന്റെ ബാല്യത്തെയഴിച്ചു.

പ്രയോഗസാധ്യതകളുടെ സൂത്രവാക്യം കൊണ്ട്
പ്രണയത്തേയും ഹൃദയത്തേയും അഴിച്ചു.

സാമ്പത്തികശാസ്ത്രത്തിന്റെ കടപ്പത്രങ്ങളിറക്കി
എന്റെ ദാമ്പത്യത്തിന്റെ കിടപ്പറയഴിച്ച്
സ്വയംഭോഗങ്ങളുടെ ചിരിയരങ്ങിലെറിഞ്ഞു.

ഹേ ദുശ്ശാസനാ നിനക്കെന്തധികാരം...?
ഈ ധിക്കാരത്തിനു പകരം ചോദിക്കാനില്ലേ
ഇവിടെ ആണൊരുത്തന്‍...?

ജീവിതത്തിന്റെ കോമ്പല്ലുകാട്ടി
അവന്‍ ചിരിക്കുന്നു...
പണയമാണത്രേ.....

കുറ്റബോധംകൊണ്ട് തലതാഴ്ത്തുന്നു
ഭര്‍ത്താക്കന്മാര്‍.....

ഏതു തിമിരം നിനക്ക്
ഉന്നമുള്ള നോട്ടങ്ങളുടെ അര്‍ജ്ജുനാ...?
ഏതു ബാധിര്യത്തിലാണ്ടു
കേള്‍വികേട്ട കേള്‍വികളുടെ യുധിഷ്ഠിരന്‍...?
അടങ്ങാത്ത സ്പര്‍ശനങ്ങളുടെ
എന്റെ ഭീമസേനാ.....!
ഞാന്‍ കേണു.....
ഒരു ജലദോഷത്തിനോടുപോലും
യുദ്ധം ജയിക്കാത്ത
നകുലനും സഹദേവനും
എങ്ങോ പോയൊളിച്ചു....!

ഹാ ദുശ്ശാസനാ ഞാനൊരു പണയം തന്നെ
നിനക്കെന്റെ നഗ്നതയാണു വേണ്ടതെങ്കില്‍
എന്റെ വസ്ത്രങ്ങള്‍ വകഞ്ഞുമാറ്റി
ശരീരവും മനസ്സുകളും വകഞ്ഞുമാറ്റി വരൂ...
നിന്റെ ചുമ്പനം പകരൂ...
എനിക്കിനി ആറാമതൊരാളിന്റെ
ഭോഗസാന്ദ്രതയറിഞ്ഞാല്‍ മതി....

4 അഭിപ്രായങ്ങൾ:

 1. എല്ലാ കവിതയും വായിക്കുന്നുണ്ട്‌. ഈ കവിത നന്നായിട്ടുണ്ടു മാഷേ. പക്ഷേ ധൃതിയില്‍ തിരക്കിട്ടെഴുതിയതാണോ എന്നൊരു സംശയം...

  മറുപടിഇല്ലാതാക്കൂ
 2. കവിത നന്നായിട്ടുണ്ട്..

  കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം വായിച്ചുനിറുത്തിയതേ ഉള്ളൂ. അതില്‍ പറയുന്നത് ഭീമസേനന്‍ ഇതുകണ്ട് ക്രുദ്ധനായി യുധിഷ്ഠിരന്റെ കയ്യില്‍ തീവീഴ്ത്തുവാന്‍ ആഞ്ഞു എന്നും അര്‍ജ്ജുനന്‍ തടഞ്ഞു എന്നുമാണ്. ദുശ്ശാസനന്‍ വസ്ത്രം വലിച്ചൂരിയത് ദുര്യോധനനു വേണ്ടി ആയിരുന്നല്ലോ. ദുര്യോധനന്‍ തന്റെ അംഗവസ്ത്രം തട്ടിയുയര്‍ത്തി വടിവൊത്ത തന്റെ തുട പാഞ്ചാലിക്ക് കാട്ടിക്കൊടുത്തു എന്നും മാരാര്‍ പറയുന്നു. കൃഷ്ണന്‍ വസ്ത്രത്തിന്റെ നീളം അനന്തമായി കൂട്ടിക്കൊടുത്തെന്ന് മഹാഭാരതത്തില്‍ ഇല്ലത്രേ.

  ദുര്യോധനനു വേണ്ടിയല്ലേ പാഞ്ചാലി തപിക്കൂ? ദുശ്ശാസനനും കിട്ടുമോ ഉള്ളിന്റെ ഉള്ളിലെ വിശപ്പുതീരാത്ത കാമത്തിന്റെ കഷണം?

  മറുപടിഇല്ലാതാക്കൂ
 3. അര്‍‌ത്ഥക്ലിഷ്ടതയില്ല. കവിതയ്ക്കു വേണ്ട ഒഴുക്കും പോരാ. കൂടുതല്‍ നന്നാക്കാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 4. വിമര്‍ശനങ്ങള്‍ എഴുത്തുകാരനെ ബദ്ധശ്രദ്ധനാക്കും എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു.സുനീഷിന്റെ സംശയം ശരിയാണ് ഞാന്‍ ക്ഷമ ചോദിക്കുന്നു.സിമി ഞാന്‍ പഴമ്പുരാണം ചികഞ്ഞത് എന്റെ പുതുപുരാണം സന്നിവേശിപ്പിക്കാന്‍ കഴിയുമോ എന്നു തിരക്കിയാണ്.പാഞ്ചാലിയും പഞ്ചപാണ്ഡവരും ഞാനും എന്നിലുമാണ്‍്.ഈ സൂചനകള്‍ പാടില്ലാത്തതാണ്.എന്നാലും പറഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ അറിഞ്ഞില്ലെന്നുവന്നാല്‍.
  വിമര്‍ശനങ്ങള്‍ക്ക് നന്ദി ഒരിക്കല്‍കൂടി

  മറുപടിഇല്ലാതാക്കൂ