22/9/07

അള്‍ഷിമേഴ്സ്

ഇന്ന് ഇട്ടുപോകാനായി
ഇന്നലെ കണ്ടുവച്ച സോക്സ്
ഇപ്പോള്‍ കാണുന്നില്ല.

എന്നെ പറ്റിക്കാന്‍
എവിടെയോ ഒളിച്ചിരിക്കുകയാകും

ചില നേരങ്ങളില്‍
റ്റൂത്ത്പേസ്റ്റും ഷേവിങ്ങ് ബ്രഷുമൊക്കെ
എന്നെയിങ്ങനെ കളിപ്പിക്കും

പേന,കടലാസുകള്‍,
പുസ്തകങ്ങള്‍,കവിത.....
അയ്യോ.....
എന്നെ കളിപ്പിച്ചുരസിക്കുന്നവയുടെ
ഒരു പട്ടികതന്നെയുണ്ട്.

ചിലപ്പോള്‍ വെറും നാലോ അഞ്ചോ
അക്ഷരങ്ങളുള്ള എന്റെ പേര്
തലച്ചോറിന്റെ വെയിലുവീഴാത്ത
മടക്കുകളിലെവിടെയെങ്കിലും
പോയൊളിക്കും....

ആളുകളുടെ മുമ്പില്‍ വച്ച്
എനിക്കവനെ തേടിത്തിരഞ്ഞു
പോകാനാകുമോ....?

പേരെന്തെന്ന
അവരുടെ ചോദ്യത്തിനു മുന്നില്‍
മൌനത്തിന്റെ ചുട്ടികുത്തിയ
കോമാളിയായി ഞാന്‍ നിന്നു പരുങ്ങും...

“അതെന്താ പേരില്ലേ ?”
അവര്‍ ചിരിക്കും.

ആരോടെങ്കിലും പറഞ്ഞാല്‍
അവര്‍ പേടിപ്പിക്കും
അള്‍ഷിമേഴ്സ്...

ഓ..ഒന്നുമല്ല...
എനിക്കറിയാം
എന്റെ താന്തോന്നിത്തം പകര്‍ന്നുകിട്ടിയ
മൂര്‍ത്തവും അമൂര്‍ത്തവുമായ വസ്തുതകളുടെ
തെമ്മാടിക്കളിയാണിതെന്ന്...

അല്ലെങ്കില്‍‌പിന്നെ
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മൂട്ടകള്‍ വരുന്നപോലെ
എവിടുന്നു വരുന്നു ഓര്‍മ്മക്കൂട്ടം.

ആദ്യം സ്കൂളില്‍ പോയ ദിവസം
ആദ്യം കണ്ട സിനിമ
ആദ്യം കിട്ടിയ കിഴുക്ക്
ആദ്യം കിട്ടിയ ആനമുട്ട...

എന്റമ്മേ..
ആദ്യം ചുമ്പിച്ച കടലില്‍
എത്ര തിരകളുയര്‍ന്നെന്നു വരെ
ഓര്‍മ്മ വരും....

15 അഭിപ്രായങ്ങൾ:

 1. ശ്ശോ, കമന്റിടുവാനും തേങ്ങയുടക്കുവാനും മറന്നല്ലോ...

  മറുപടിഇല്ലാതാക്കൂ
 2. ഓര്‍മ്മപുസ്തകത്തെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ എന്തുപറയാന്‍!

  (ആരും ഓര്‍ക്കാതെ ലോക അല്‍‌ഷിമേഴ്സ് ദിനം ഇന്നലെ കടന്നുപോയി)

  മറുപടിഇല്ലാതാക്കൂ
 3. ഓര്‍മ്മകള്‍ ഉണ്ടാകുന്നത്

  നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 4. ഇമ്മട്ടില്‍ ഒരു സാധനം എന്റെ ഉള്ളിലും ഉണ്ടായിരുന്നു.എഴുതാതെ കഴിഞ്ഞു.ആദ്യത്തെ വരികളൊക്കെ ഏതാണ്ട് ഇങ്ങനെ തന്നെയാണ് എഴുതാന്‍ കരുതിയിരുന്നത്.
  താങ്കള്‍ നന്നായി എഴുതി.അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 5. ഒരു പക്ഷേ ഈ സാധനം കുറേക്കാലമായി എന്റെമനസ്സിലും താങ്കളുടെ മനസ്സിലും കിടന്നിട്ടുണ്ടാകും വിഷ്ണുപ്രസ്സാദേ.മിനഞ്ഞാന്ന് പെട്ടെന്ന് ഒരു സം‌ഭവമുണ്ടായി “അതെന്താ പേരില്ലേ“എന്ന ചോദ്യത്തിനു മുന്‍പില്‍ ഞാന്‍ ശരിക്കും ചൂളി.
  അത് ഇങ്ങനെയുമായി .ഇപ്പോള്‍ എന്റെ മനസ്സില്‍ നിന്ന് പുറത്തുചാടി :)

  മറുപടിഇല്ലാതാക്കൂ
 6. മറന്നുപോയോ? മറന്നുപോകുമോ? അറിയില്ല. എന്റെ മറവിയെക്കാള്‍, മറ്റുള്ളവരുടെ മറവിയെ ഭയക്കണോ? അറിയില്ല. മറവിയേക്കാളും നല്ലത്, അറിയാതിരിക്കലാണെന്ന് അറിയാമെനിക്ക്.

  വരികള്‍ എനിക്കിഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 7. Alzheimer's disease.
  താന്‍ ആരെന്ന ബോധം ഇഞ്ചിഞ്ചായി നശിച്ചുകൊണ്ടിരിക്കുന്ന നിസ്സഹായാവസ്ഥ! ഭയാനകം!

  മറുപടിഇല്ലാതാക്കൂ
 8. അല്‍‌ഷിമേഴ്സ് നന്നായി എഴുതിയിരിക്കുന്നു..:)

  മറുപടിഇല്ലാതാക്കൂ
 9. സെപ്റ്റമ്പര്‍ 21, ലോക അള്‍ഷിമേഴ്സ് ദിനം ആയിരുന്നല്ലോ..
  നല്ല ഒരു പോസ്റ്റ് അവസരോചിതമായ സമയത്തു തന്നെ.
  നന്നായി,,,

  മറുപടിഇല്ലാതാക്കൂ
 10. ആരോടെങ്കിലും പറഞ്ഞാല്‍
  അവര്‍ പേടിപ്പിക്കും
  അള്‍ഷിമേഴ്സ്...

  ഓ..ഒന്നുമല്ല...
  എനിക്കറിയാം
  എന്റെ താന്തോന്നിത്തം പകര്‍ന്നുകിട്ടിയ
  മൂര്‍ത്തവും അമൂര്‍ത്തവുമായ വസ്തുതകളുടെ
  തെമ്മാടിക്കളിയാണിതെന്ന്...

  അത്രയെങ്കിലും ഓര്‍ക്കാന്‍ കഴിയുന്നല്ലോ. നന്നായി. (കവിതയും).

  മറുപടിഇല്ലാതാക്കൂ
 11. എന്തായാലും,
  മറക്കില്ല ഈ കവിത:)

  മറുപടിഇല്ലാതാക്കൂ
 12. ന്ത്ഭ്രാ

  വാര്‍ത്തകള്‍ വായിക്കുന്നത്
  എന്ന് പറഞ്ഞതിന് ശേഷം പല തവണ കുഴങ്ങിയിട്ടുണ്ട്. പറയുമ്പോള്‍ എല്ലാവരും ചിരിക്കും.
  അത് എഴുതാനുമായിട്ടില്ല.

  വായിച്ചപ്പോള്‍ സന്തോഷമായി

  മറുപടിഇല്ലാതാക്കൂ