27/9/07

ചൊരുക്ക്

ജീവനില്ലാത്തത്
എന്നു നാമെഴുതിത്തള്ളിയവയ്ക്ക്
നമ്മളോടുള്ള വികാരം
സഹതാപമായിരിക്കും.

ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന
ലഹരിയുടെ വിദ്യുത്പ്രവാഹം
മുറിയാതിരിക്കാന്‍ നമ്മള്‍
ചവച്ചിറക്കുന്ന മുള്ളുകളും
കുടിച്ചുവറ്റിക്കുന്ന വേദനയുടെ
വീപ്പകളും കാണുമ്പോള്‍
സഹതപിക്കുകയല്ലാതെന്തു ചെയ്യും!

നെഞ്ചിലെ കാളയെ
തുടരെത്തുടരെ ചാട്ടക്കടിച്ച്
നാം ഉഴുതുവിതക്കുന്ന ആഗ്രഹത്തിന്റെ
പുകയിലക്കൃഷി കാണുമ്പോള്‍
അവര്‍ പിന്നെന്തു ചെയ്യും!

ജീവനില്ലാത്തതെന്ന്
നാം മുറിച്ചെറിയുന്ന
നഖവും മുടിയുമൊക്കെ
അവയോടൊപ്പം ചേര്‍ന്ന്
ആടിത്തീര്‍ന്ന നടന്മാര്‍
അരങ്ങിലേക്കെന്ന പോലെ
നമ്മെ നോക്കി അളക്കുന്നുണ്ടാകും.

ലഹരിയുടെ ഇടവഴികളില്‍
കാലുകള്‍ നിലത്തുറക്കാതെ
കാറ്റിനൊപ്പം ദിക്കുമാറി ദിക്കുമാറി
ആടിയാടി നടക്കുന്നത് കൊണ്ട്
നാമതൊന്നും കാണാത്തതാകും...

ലഹരിദായകങ്ങളായ
എല്ലാ കടലുകളും വറ്റിക്കഴിയുമ്പോള്‍
ചൊരുക്കിറങ്ങിയ മദ്യപന്മാരെപ്പോലെ
അടുത്തടുത്ത തന്മാത്രകളായി
അവയ്ക്കൊപ്പം ചുരുണ്ട് കിടക്കുമ്പോള്‍
നമുക്കവയുടെ മുഖത്തുനോക്കാന്‍
തെല്ലു ജാള്യത കാണുമായിരിക്കും...

7 അഭിപ്രായങ്ങൾ:

 1. അവയെ "ജീവന്‍" ഇല്ലാത്തവയാക്കുന്നതു് നമ്മളല്ലേ? അവയുടെ ഉള്ളിന്റെ ഉള്ളിലേക്കു് ഇറങ്ങി ചെന്നാല്‍ ജീവന്റെ തുടിപ്പുകള്‍ "കേള്‍ക്കാം‍".

  നല്ല കവിത!

  മറുപടിഇല്ലാതാക്കൂ
 2. ചിലപ്പോള്‍ കാണുമായിരിക്കും, അല്ലേ?
  :)

  മറുപടിഇല്ലാതാക്കൂ
 3. “നെഞ്ചിലെ കാളയെ
  തുടരെത്തുടരെ ചാട്ടക്കടിച്ച്
  നാം ഉഴുതുവിതക്കുന്ന ആഗ്രഹത്തിന്റെ
  പുകയിലക്കൃഷി കാണുമ്പോള്‍
  അവര്‍ പിന്നെന്തു ചെയ്യും!“

  പൊള്ളുന്ന ചോദ്യം, വരികള്‍

  മറുപടിഇല്ലാതാക്കൂ
 4. The deadly intoxication of the burning desires of the life, which in turn becomes nothing when all the lust and the passion become degraded into a set of molecules in the grave yard...

  Sanathanan mashe,
  kavitha nannayi ketto...

  മറുപടിഇല്ലാതാക്കൂ
 5. ഹ! ...

  ഓ ടോ : കോപ്പിയടിച്ചതാ കേട്ടോ

  മറുപടിഇല്ലാതാക്കൂ