17/10/07

പാവത്താന്‍


പാവം ദൈവം
അവനു മുന്നില്‍ വരാന്‍
ഒരു ശരീരമില്ലാഞ്ഞിട്ടല്ലേ.....

പണ്ടായിരുന്നെങ്കില്‍
‍അവന് ആനയുടേയോ
സിംഹത്തിന്റെയോ
തലയെങ്കിലും കിട്ടുമായിരുന്നില്ലേ
ഇന്നതൊക്കെയും നമ്മുടേതല്ലേ
ചോദിക്കാന്‍ അവനു നാണമുണ്ടാകില്ലേ...

അവനു വേണ്ടി മരിക്കാന്‍
‍നാമൊരുക്കിവച്ചതില്‍
ഒരു മെല്ലിച്ച ശരീരമെങ്കിലും
നമുക്കവനു കൊടുത്തുകൂടേ....

പാവം ദൈവം
അവന് അരികില്‍‌വരാന്‍
‍ഒരു വണ്ടിയില്ലാഞ്ഞിട്ടല്ലേ.....

പണ്ടായിരുന്നെങ്കില്‍
‍അവന്‍ വല്ല കാളയുടെയോ
ചുണ്ടെലിയുടേയോ പുറത്തേറി
വരുമായിരുന്നില്ലേ
ഇന്ന് നമുക്ക് മേനകാ ഗാന്ധിയില്ലേ...
കണ്ടുപോയാല്‍ അവനകത്താകില്ലേ....

അവനുവേണ്ടി തകര്‍ക്കാന്‍
‍നാമൊരുക്കി വച്ചതില്‍
ഒരു തുരുമ്പിച്ച വണ്ടിയെങ്കിലും
നമുക്കവനു കോടുത്തുകൂടേ...

പാവം ദൈവം
അവന് പറയാനുള്ളതറിയിക്കാന്‍
‍എഴുത്തും വായനയും അറിയാഞ്ഞിട്ടല്ലേ...

പണ്ടായിരുന്നെങ്കില്‍
അവന്‍ വല്ല വാത്മീകിക്കും
പറഞ്ഞുകൊടുത്ത് നമുക്കായി
എഴുതിക്കുമായിരുന്നില്ലേ...
ഇന്നു നമ്മള്‍ കൂലിചോദിക്കില്ലേ....

അവനു വേണ്ടി കത്തിക്കാന്‍
‍നാം കണ്ടുവച്ചതില്‍
ഒരെഴുത്തുകാരനെയെങ്കിലും
നമുക്കവനു വിട്ടു കോടുത്തുകൂടേ...

പാവം ദൈവം..
അവന്‍ വരുമ്പോള്‍
‍ചാണകം കത്തിച്ച ചാരവും
സ്വര്‍ണ്ണ ലോക്കറ്റുകളുമെങ്കിലും
നമുക്കു തരുമായിരുന്നില്ലേ....
പാവം പാവം ദൈവം.
********************
വര: സിമി

6 അഭിപ്രായങ്ങൾ:

 1. പാവം ദൈവം..
  അവന്‍ വരുമ്പോള്‍
  ‍ചാണകം കത്തിച്ച ചാരവും
  സ്വര്‍ണ്ണ ലോക്കറ്റുകളുമെങ്കിലും
  നമുക്കു തരുമായിരുന്നില്ലേ....
  പാവം പാവം ദൈവം.

  മറുപടിഇല്ലാതാക്കൂ
 2. പാവം ദൈവം!

  നന്നായിട്ടുണ്ട്, മാഷേ.
  :)

  മറുപടിഇല്ലാതാക്കൂ
 3. പാവം ദൈവം നന്നായി.:)
  ദൈവം നിരക്ഷരനാണോ എന്ന് ഒരു പേടി കണ്ടിരുന്നു, ഐസിബിയുടെ റിപ്പോര്ട്ടില്‍

  മറുപടിഇല്ലാതാക്കൂ
 4. സനാതനന്‍....

  മനോഹരമായിരിക്കുന്നു...അഭിനന്ദനങ്ങള്‍

  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 5. അവനു വേണ്ടി കത്തിക്കാന്‍
  ‍നാം കണ്ടുവച്ചതില്‍
  ഒരെഴുത്തുകാരനെയെങ്കിലും
  നമുക്കവനു വിട്ടു കോടുത്തുകൂടേ...

  നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. :) പാവം ദൈവം. എപ്പോഴും അവനെ കുറ്റം പറയാതിരുന്നൂടേ?

  മറുപടിഇല്ലാതാക്കൂ