24/10/07

കരയാനാകുന്നില്ല

പെയ്യാനായിട്ടല്ല
എല്ലാ മേഘങ്ങളും
ഉണ്ടാകുന്നത്

വെറുതേ
കുന്നുകള്‍ക്ക് മുകളില്‍
കെട്ടിക്കിടക്കാനും
അസ്തമയങ്ങളെ
ചുവപ്പിക്കാനുമായി
അതിനെ സൃഷ്ടിക്കുന്നതാര്?

പെയ്യാനാകുമായിരുന്നെങ്കില്‍
‍അതിങ്ങനെ
പൂവില്‍നിന്നും നിന്നും
പൊഴിഞ്ഞു പോയ
ഇതളു പോലെ
അനാഥമായി
പറന്നു നടക്കുമായിരുന്നില്ല.

പെയ്യുന്നതിനു മുന്‍പ്
അതിനെയിങ്ങനെ
ഊതിക്കളിക്കുന്നതാര്?

കരയാനായിട്ടല്ല
എല്ലാ ദു:ഖങ്ങളും
ഉണ്ടാകുന്നത്
ഹൃദയത്തിന്റെ
മറുവശത്തേക്ക്
ഇരുട്ടിന്റെ ഒരു
തുരങ്കം കുഴിക്കാനും
മൌനത്തിന്റെ
കുടത്തില്‍ കെട്ടി
കവിതയുടെ താളം
കൊട്ടുവാനുമായി
അതിനെ സൃഷ്ടിക്കുന്നതാര്?

കരയാനാകുമായിരുന്നെങ്കില്‍
കടലിന്റെ തീരത്തടിഞ്ഞ
ശവം പോലെ
ഞാനിങ്ങനെ
അളിഞ്ഞു
കിടക്കുമായിരുന്നില്ല

കരയുന്നതിനുമുന്‍പ്
എന്നെയിങ്ങനെ
ഊതി വീര്‍പ്പിക്കുന്നതാര്?

20 അഭിപ്രായങ്ങൾ:

 1. സത്യത്തില്‍ കരയാനാകാത്തത് പുരുഷന്റെ ഒരു വലിയ ശാപം തന്നെയെന്ന് എനിക്കു തോന്നുന്നു.ഒരു പത്തു പന്ത്രണ്ട് വയസ്സു വരെ എന്റെയുള്ളിലുണ്ടായിരുന്ന കണ്ണീരിന്റെ ഉറവയൊക്കെ ഏത് വേനല്‍ ചൂടിലാണ് വറ്റിപ്പോയത്!

  മറുപടിഇല്ലാതാക്കൂ
 2. നല്ല കവിത,കരയാനായി കണ്ണുകള്‍ തന്നതെന്തിനെന്ന് ഇവിടെ.

  മറുപടിഇല്ലാതാക്കൂ
 3. കരയുവാന്‍ കവിത പോലുമില്ലാത്തവനോ...?
  അവന്റെ ദുഃഖം ഏതു മഴയായ് പെയ്തൊഴിയും?

  മറുപടിഇല്ലാതാക്കൂ
 4. താനൊരു സ്ത്രീയല്ല,പുരുഷനാണെന്ന ബോധം/അറിവല്ലെ അവനെ കരച്ചില്‍ ഉള്ളില്‍ത്തന്നെ അടക്കിനിര്‍ത്തി നിയന്ത്രിക്കാന്‍ ഉത്ബോധിപ്പിക്കുന്നത്? താനാണ് ഈ പ്രപഞ്ചത്തെ താങ്ങിനിര്‍ത്തുന്നതെന്നും തന്റ്റെ ചുമലിലൂടെയാണ് എല്ലാം കറങ്ങിത്തിരിയുന്നതെന്നുമുള്ള അഹങ്കാരമല്ലെ കരച്ചില്‍ രൂപംകൊണ്ട് പെയ്യാതെ ആട്ടിയോടിക്കപ്പെടുന്നത്? കരച്ചിലൊരു ശാരീരികവും മാനസികവുമായ പ്രകടനമാണെങ്കില്‍ അത് ആണിനും പെണ്ണിനുമുണ്ടാകേണ്ടതാണ്.. പുരുഷന്‍ അത് നിയന്ത്രിക്കുകയാണ്.. അതിനര്‍ത്ഥം കരച്ചിലുണ്ടാകുന്നില്ലെന്നല്ല. നിയന്തിക്കുന്നതിന്റെ കാരണം തേടുന്നതായിരിക്കും രസകരം.. താനാരോ ആണെന്ന ജാഡ.. അല്ലാതെ അതൊരു സ്വാഭാവിക പ്രകടനമല്ല എന്നെനിക്കു തോന്നുന്നു. (എന്റെ മാത്രം അഭിപ്രായം)

  മറുപടിഇല്ലാതാക്കൂ
 5. പുരുഷന്‍ കണ്ണീരൊഴുക്കാതെ അകതാരില്‍ കരയുമ്പോള്‍ സ്ത്രീ അത് തുള്ളിക്കൊരു കുടം പോലെ വര്‍ഷിച്ച് കരയുന്നു. കരച്ചില്‍ പുറത്തോട്ടൊഴുകാത്തതിന്റെ വീര്‍പ്പു മുട്ടലില്‍ പുരുഷന്‍ പിടയുമ്പോള്‍, സ്ത്രീകള്‍ ആ വിഷമത്തില്‍ നിന്നും പെട്ടെന്ന് മോചിതരാവുന്നു.

  കരയാതിരിക്കാനും, കരയിക്കാതിരിക്കാനും ഇടവരട്ടെ എന്നാശംസിച്ചുകൊണ്ടും ചിരിക്കുകയും, ചിരിപ്പിക്കുകയും ചെയ്യാന്‍ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും

  മറുപടിഇല്ലാതാക്കൂ
 6. കവിതകളുടെ അടുത്തേക്ക്‌ അധികം പോകാറില്ല, കാരണം മിക്കതും മനസ്സിലാവില്ല... പക്ഷേ ഇത്‌ വളരെ വളരെ ഇഷ്ടപ്പെട്ടു...

  മറുപടിഇല്ലാതാക്കൂ
 7. “കരയാനായിട്ടല്ല
  എല്ലാ ദു:ഖങ്ങളും
  ഉണ്ടാകുന്നത്”

  കൊള്ളാം മാഷേ... ഇതു ശരിയാണ്‍.
  :)

  മറുപടിഇല്ലാതാക്കൂ
 8. ചില ദുഃഖങ്ങള്‍ വളരെ നല്ലതാണ് സനാതനന്‍ സാര്‍
  കവിര്‍ത കൊള്‍ലാം
  :)
  ഉപാസന

  മറുപടിഇല്ലാതാക്കൂ
 9. കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു -ന്റെ ഹാങ്ങോവറിലാണോ വായനക്കാര്‍....


  കവിത നന്നായി :)

  മറുപടിഇല്ലാതാക്കൂ
 10. കരച്ചില്‍ തിരമാലകള്‍ പോലെയാണ്. തീരത്തെ അഴുക്കുകള്‍ എല്ലാം അത് തുടച്ചുകളയും. കവിത നന്നായി.

  മറുപടിഇല്ലാതാക്കൂ
 11. സ‌നാത‌നാ,
  സ്നേഹമുള്ള ഭ‌ര്‍ത്താവും അച്ഛനുമൊക്കെയ‌ല്ലേ. അതാവും ക‌ര‌യാന്‍ പറ്റാത്തത്. അല്ലെങ്കില്‍ താങ്ക‌ളുടെ കണ്ണീ‌ര്‍ത്തുള്ളിക‌ള്‍‍ കവിതക‌ളായി കടലാസില്‍.. ബ്ലോഗില്‍ വീഴുന്നകൊണ്ടാകാം.
  ക‌ര‌യ‌ണ‌മെന്നു ഞാന്‍ പ‌റയുകയില്ല.
  ഞാനും അതൊക്കെയാണ്. പക്ഷേ ക‌ര‌യണമെന്ന് തോന്നിയാല്‍ അപ്പോള്‍ക്കരയും ഞാന്‍. ഒര‌ഹങ്കാരവുമില്ലാതെ. ഭാര്യയുമായി പിണങ്ങുമ്പോ‌ള്‍, മോ‌ള്‍ക്ക് പനിപിടിയ്ക്കുമ്പോ‌ള്‍, ഹൃദ‌യ‌ം ഉരുക്കുന്ന സിനിമ‌ക‌ള്‍ കാണുമ്പോ‌ള്‍, "ക‌ണ്ണാടി"യിലെ ചില കാഴ്ച‌ക‌ള്‍ കാണുമ്പോ‌ള്‍ .. അങ്ങനെ.

  മറുപടിഇല്ലാതാക്കൂ
 12. സനല്‍, കവിത നന്നായി.
  ‘പെയ്യാനാകുമായിരുന്നെങ്കില്‍
  ‍അതിങ്ങനെ
  പൂവില്‍നിന്നും നിന്നും
  പൊഴിഞ്ഞു പോയ
  ഇതളു പോലെ
  അനാഥമായി
  പറന്നു നടക്കുമായിരുന്നില്ല.’ ഈ വരികളില്‍ അനാഥമായ പറന്നു നടക്കലിനേക്കാള്‍ പൂവില്‍നിന്നുള്ള പൊഴിഞ്ഞുപോക്ക് വിപരീത ബിംബം സൃഷ്ടിക്കുന്നോ എന്നൊരു ശങ്ക.
  ‘കരയാനാകുമായിരുന്നെങ്കില്‍
  കടലിന്റെ തീരത്തടിഞ്ഞ
  ശവം പോലെ
  ഞാനിങ്ങനെ
  അളിഞ്ഞു
  കിടക്കുമായിരുന്നില്ല’ ഈ വരികള്‍ ഇഷ്ടായില്ല.

  മറുപടിഇല്ലാതാക്കൂ
 13. നല്ല കവിത...
  കവിത എന്ന വാക്ക് കവിതയില്‍ വരേണ്ടിയിരുന്നില്ല എന്ന് ഒരു തോന്നല്‍.

  മറുപടിഇല്ലാതാക്കൂ
 14. സനാതനന്‍.,
  കവിത ഇഷ്ടപ്പെട്ടു
  വരികളും വാക്കുകളും വേദനയുടെ ചുരം കയറുന്നു.
  അഭിനന്ദനങ്ങള്‍

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

  മറുപടിഇല്ലാതാക്കൂ
 15. മൌനത്തിന്റെ
  കുടത്തില്‍ കെട്ടി
  കവിതയുടെ താളം
  കൊട്ടുവാനുമായി
  അതിനെ സൃഷ്ടിക്കുന്നതാര്?

  നല്ല കവിത സനാതനന്‍

  മറുപടിഇല്ലാതാക്കൂ
 16. നീയറിയുന്നോ വായനക്കാരാ നീറുമെന്നുള്ളില്‍
  നിറയും വ്യഥകള്‍..
  ഈ കവിത വായിച്ചപ്പോള്‍ ഈ വരികളും ഓര്‍മ്മ വന്നു.നല്ല കവിത.

  മറുപടിഇല്ലാതാക്കൂ