കയ്യേ കയ്യേ നീയെന്റെ
വായെ പൊത്തല്ലെ
ഞാനൊന്നുറക്കെ
പറഞ്ഞോട്ടെ
ഞാനുമുണ്ടിവിടെ-
യെന്നവരറിഞ്ഞോട്ടെ
കാലേ കാലേ നീയെന്നെ
വലിച്ചുകൊണ്ടോടല്ലെ
ഞാനുമീ മണ്ണി-
ലൊന്നുറച്ചു നിന്നോട്ടെ
അവരെന്നെയും
പറിച്ചങ്ങെറിഞ്ഞോട്ടെ
കണ്ണേ കണ്ണേ നീയെന്റെ
കാഴ്ചയില്‍ കണ്ണീരൊഴുക്കല്ലേ
കണ്ടുതന്നെയെല്ലാം
ഞാനറിഞ്ഞോട്ടെ
അവര്‍ വന്നെന്റെ കാഴ്ചയും
കുത്തിപ്പൊടിച്ചോട്ടെ
നാവേ നാവേ നീയെന്റെ
ശബ്ദങ്ങളെ പാടി-
ക്കിടത്തിയുറക്കല്ലെ
ഈണമില്ലാതെ
ഞാനൊന്നുറക്കെ കൂക്കട്ടെ
അവര്‍ എന്റെശബ്ദങ്ങളും
പിഴുതെടുത്തോട്ടെ
എന്റെ ജീവനായ്
മരണവെപ്രാളപ്പെടും
പാവം ശരീരമേ
മരിക്കും വരെയീ
കുപ്പത്തൊട്ടിയില്‍
നീ ഒളിച്ചിരിക്കല്ലെ
എന്നെ ഒളിപ്പിച്ചിരുത്തല്ലെ
ഞാനുമിവിടെ-
യൊന്നുണ്ടായിരുന്നോട്ടെ
ഇന്നുമിപ്പൊഴും
ഉണ്ടായിരുന്നോട്ടെ.....