30/10/07

വിത്തിന്റെ പാട്ട്

മുളയ്ക്കുകില്ല ഞാന്‍
വിതച്ചതില്ലെന്നെ
മെതിച്ചിരിക്കുന്നു
പുഴുക്കല്‍ പായയില്‍

മൊരിഞ്ഞവേനലില്‍
‍കരിഞ്ഞുപോകാനോ
തിരഞ്ഞതെന്‍ മനം
അരിവാ‍ളുള്ള കൈ !
എനിക്കുസ്വന്തമാ-
യൊരു തരിമണ്ണു-
മൊരു വസന്തവും
കൊതിച്ചതല്ലെ ഞാന്‍ !

എനിക്കുമുണ്ടുള്ളില്‍
‍നനഞ്ഞൊരു സൂര്യന്‍
‍ചിരിക്കുമ്പോള്‍ മുഖം
തുടുക്കുന്ന ചന്ദ്രന്‍
നടക്കുമ്പോള്‍ പാദം
പുതയുന്ന വഴി
എനിക്കു സ്വന്തമാ-
യൊരു വയല്‍ പക്ഷി,
പാടും മരത്തണല്‍.....

കിനാവുകാണുവാന്‍
‍മറന്നതല്ലഞാന്‍
കിനാവിനെ വലി-
ച്ചെറിഞ്ഞതല്ലെ ഞാ-
നെനിക്കെന്റെ ഭാഷ
എനിക്കെന്റെ മണം
എനിക്കെന്റെ ചോര
ചുരത്തിനേടണം
എനിക്കൊരു വയല്‍,
മുളക്കണം,പൂത്തു-
ജ്വലിക്കണം
എനിക്കു ഞാനായ്
മരിക്കണമെന്നു
പിടഞ്ഞതല്ലെ ഞാന്‍.

ഒരു കതിരിന്റെ
തലയ്ക്കലിങ്ങനെ
പതിരുകള്‍ക്കിടെ
നിലച്ചുപോകുമെ-
ന്നുഴന്നു ഞാനാര്‍ത്തു
വിളിച്ചതല്ലയോ
അരിവാളിന്‍ മൂര്‍ച്ച
കൊതിച്ചതല്ലയോ

അനന്തമായൊരീ
ചുടലപ്പായയില്‍
‍മെതിക്കുവാനാണോ
അറുത്തെടുത്തെന്നെ
ചുമന്നുവന്നു വന്നു
നീകടുത്ത കാലമേ...

ഉറച്ചമണ്ണിലേ-
ക്കുഴുതു പോകുവാ-
നൊളിച്ചുവച്ച വേരു-
ണങ്ങിപ്പോകുന്നു
വരണ്ടകാറ്റിലേക്കു-
യര്‍ത്തിവീശുവാ-
നിരുന്ന പച്ചപ്പുമു-
ണങ്ങിപ്പോകുന്നു
കൊടും ശിശിരത്തില്‍
‍നിറഞ്ഞുപൂക്കുവാ-
നമര്‍ത്തിവച്ചവാക്കു-
ണങ്ങിപ്പോകുന്നു...

ഉണങ്ങിപ്പോകട്ടെ
ഉറവുകളെല്ലാം
ഉണങ്ങിപ്പോകട്ടെ
ഉയിരിന്‍ വേദന
ഉണങ്ങുവാനൊന്നു-
മിനിയില്ലായെന്നു
മുറങ്ങള്‍ വന്നെന്നെ-
ക്കൊഴിച്ചെടുക്കട്ടെ

ഉണങ്ങിയെത്തണം
എനിക്കിനി നിന്റെ
ചുവട്ടില്‍ നിന്നുകൊ-
ണ്ടെരിഞ്ഞു തീരണം
കറുത്ത കാലമേ-
വെറുപ്പിന്‍ ജ്വാലയില്‍
തപിച്ചുകൊണ്ടെനി-
ക്കുമിത്തീയായ് നിന്നെ
യെരിച്ചു തീര്‍ക്കണം.

13 അഭിപ്രായങ്ങൾ:

 1. ഇത് ഒരു പരീക്ഷണം.
  ഗദ്യകവിതകളെ എനിക്കു വഴങ്ങുകയുള്ളുവോ
  എന്ന ചോദ്യം സ്വയം ചോദിച്ചതിന്റെ ഫലം.
  പറയാനുള്ളതിനെ ഈണത്തില്‍ ബലിയര്‍പ്പിച്ചിട്ടുണ്ട് വേണ്ടും വണ്ണം.

  മറുപടിഇല്ലാതാക്കൂ
 2. നല്ല രസമുണ്ട് സനാതനന്‍

  പറഞ്ഞതുപോലെ, ഈണത്തിലായപ്പോള്‍ ചിലത് നഷ്ടപ്പെടുന്നുണ്ട്, പഴമയും രുചിക്കുന്നുണ്ട്.
  അതൊരു കുറവായിട്ടല്ല.
  ഒന്നുകൂടി മുറുക്കിയിട്ട് ബ്ലോഗിലിട്ടാല്‍ മതിയായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 3. ഇഷ്ടപ്പെട്ടു.

  പക്ഷേ, മുന്‍പെഴുതിയ ചില കവിതകളുടെ തീക്ഷ്ണതയുണ്ടെന്നു തോന്നിയില്ല. ഗദ്യരാഹിത്യമാണു കാരണമെന്നു തോന്നിയില്ല.

  മറുപടിഇല്ലാതാക്കൂ
 4. പ്രശ്നം...
  ഗദ്യകവിത/പദ്യകവിത എന്നൊന്നും അല്ല...പറയാനെന്തുണ്ട് എന്നതാണു..ഉള്ളടക്കം ആണു താളം നിശ്ചയിക്കുന്നതു..അതു ചിലപ്പോല്‍ ഈണം കുറഞ്ഞ താവാം...ഈണം കൂടിയതാവാം...കുറഞ്ഞതു ഗദ്യം/കൂടിയതു പദ്യം...എന്നു സാമാന്യമായി പറയുന്നു...നല്ല ഉള്ളടക്കം....നല്ല കവിത.ഈണത്തിനുള്ള ശ്രമം കവിതയില്‍ ബലക്കുറവു വരുത്തും...നോക്കു..
  എനിക്കു സ്വന്തമാ-
  യൊരു വയല്‍ പക്ഷി,
  പാടും മരത്തണല്‍.....
  നല്ല കവിത. അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 5. മനസ്സിലുറച്ച ശീലങ്ങളോട് ഒട്ടിനില്‍ക്കുന്നതുകൊണ്ടാ‍വാം വല്ലാതെ ഇഷ്ടം എനിക്കിതിനോട് :)

  മറുപടിഇല്ലാതാക്കൂ
 6. വിതക്കാത്ത വിത്ത് നന്നായി:)

  മറുപടിഇല്ലാതാക്കൂ
 7. സനാതനാ,

  നല്ല കവിത.
  ഒന്നുകൂടി വായിച്ച് കുറുക്കാനുണ്ട്.
  പുതിയ കവിതകളുടെ തീക്ഷ്ണതയും പഴയ കവിതകളുടെ താളബോധവും എങ്ങനെ ഒരുമിപ്പിക്കും എന്നതാണ് സമസ്യ.

  മറുപടിഇല്ലാതാക്കൂ
 8. ഈണത്തിലാക്കാനുള്ള ശ്രമം മോശമില്ലാത്ത രീതിയില്‍ വിജയമായി. അഭിനന്ദനങ്ങള്‍!

  എനിക്കുമുണ്ടുള്ളില്‍
  ‍നനഞ്ഞൊരു സൂര്യന്‍
  ‍ചിരിക്കുമ്പോള്‍ മുഖം
  തുടുക്കുന്ന ചന്ദ്രന്‍
  നടക്കുമ്പോള്‍ പാദം
  പുതയുന്ന വഴി
  എനിക്കു സ്വന്തമാ-
  യൊരു വയല്‍ പക്ഷി,
  പാടും മരത്തണല്‍.....

  ഈ വരികള്‍ കൂടുതലിഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 9. നല്ല പരീക്ഷണം. നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ