ഒറ്റയ്ക്ക്

ഒറ്റയ്ക്കെന്നാല്‍
ആരും കൂടെയില്ല എന്നല്ല
കൂടെയുള്ളവര്‍ക്കൊപ്പം
ഞാനില്ല എന്നാണ്.

കൂടെയുള്ളവരുടെയൊരു
നിഴല്‍ക്കാടാണ് ചുറ്റിലും.
മരിച്ചുപോയിട്ടും
ജീവിച്ചിരിക്കുന്നവര്‍,
ജീവിച്ചിരിക്കുമ്പൊഴും
മരിച്ചുപോയവര്‍,
ജനിക്കാത്തവര്‍,
ജനിക്കും മുന്‍പു
ഞാന്‍ മരിപ്പിച്ചവര്‍‍,
മരക്കൊമ്പില്‍
കഴുത്തിനെ കണക്റ്റ് ചെയ്ത്
വൈദ്യുതി കണ്ടെത്തിയവര്‍,
നെഞ്ചില്‍
കത്തികൊണ്ട് ചും‌ബിച്ച്
പട്ടുറോസാപ്പൂക്കളുടെ
ഉദ്യാനം നനച്ചവര്‍,
പാളത്തില്‍
കാതു ചേര്‍ത്തു വച്ച്
കുതിച്ചോടുന്ന ജീവിതത്തിന്റെ
ചടുല ഭൂപാളം കേട്ടവര്‍......

ചിലര്‍ക്കെല്ലാം വിരലുകളുണ്ട്
ആരെയും തൊടാനല്ല
അവര്‍ സിഗരറ്റ് വലിക്കുകയോ
താളം പിടിക്കുകയോ ആവും.

എനിക്കുമുണ്ട് വിരലുകള്‍
‍ഞാനും ആരെയും തൊടുന്നില്ല
സിഗരറ്റു വലിക്കുന്നില്ല
താളം പിടിക്കുന്നില്ല
വിരലുകള്‍ കൊണ്ട്
എനിക്കൊന്നും നേടാനില്ല.

ചിലര്‍ക്കെല്ലാം ചുണ്ടുകളുണ്ട്
ആരേയും ചും‌ബിക്കാനല്ല
അവര്‍ മുലകുടിക്കുകയോ
പഴയപാട്ടുകള്‍
ചൂളംകുത്തുകയോ ആവും.

എനിക്കുമുണ്ട് ചുണ്ടുകള്‍
‍ഞാനുമാരേയും ചും‌ബിക്കുന്നില്ല
പഴയ പാട്ടുകള്‍
ചൂളംകുത്താറില്ല
മുലകുടിക്കുന്നില്ല
ചുണ്ടുകള്‍ കൊണ്ട്
എനിക്കൊന്നും നേടാനില്ല.

ചിലര്‍ക്കെല്ലാം കാലുകളുണ്ട്
നാട്ടുവെളിച്ചത്തില്‍
വീട്ടിലേക്ക് നടക്കാനല്ല
അവര്‍ നൃത്തം ചെയ്യുകയോ
കാലുകള്‍ക്കു മുകളില്‍
‍ചില്ലകളും ഇലകളും വിടര്‍ത്തി
കാറ്റിനൊപ്പമാടുകയോ ആവും.

എനിക്കുമുണ്ട് കാലുകള്‍
‍ഞാനും നാട്ടുവെളിച്ചത്തില്‍
വീട്ടിലേക്ക് നടക്കുന്നില്ല
നൃത്തം ചെയ്യാറില്ല
കാലുകള്‍ക്കു മുകളില്‍
ചില്ലകളും ഇലകളും വിടര്‍ത്തി
കാറ്റിനൊപ്പമാടാനുമാവുന്നില്ല
കാലുകള്‍ കൊണ്ടും
എനിക്കൊന്നും നേടാനില്ല.

ഒറ്റയ്ക്കെന്നാല്‍
ആരും കൂടെയില്ല എന്നല്ല
കൂടെയുള്ളവര്‍ക്കൊപ്പം
ഞാനില്ല എന്നാണ്.