8/11/07

ആരുടേതും അല്ലാത്തത്

ആരുടേതും അല്ലാത്ത എന്തെങ്കിലുമുണ്ടോയെന്ന്
നോക്കി നടക്കുകയായിരുന്നു ഏറെക്കാലം.
സ്കൂള്‍ വളപ്പില്‍ ഒരു നെല്ലി കായ്ക്കുമായിരുന്നു
ശിഖരങ്ങള്‍ പുറത്തു കാണാന്‍ കഴിയാത്തവണ്ണം.....
എങ്കിലും ആരുടെതുമല്ലാത്ത ഒരു നെല്ലിക്ക
അതിലൊരിക്കലുംഉണ്ടായിരുന്നില്ല

ക്ലാസ് റൂമില്‍ നിറയെ ബഞ്ചുകളായിരുന്നു
ഒഴിവുസമയവും ഓടിക്കളിക്കാന്‍ കഴിയാത്തവണ്ണം....
എങ്കിലും ആരുടേതുമല്ലാത്ത ഒരു സ്ഥലം
അതിലൊന്നിലും ഉണ്ടായിരുന്നില്ല.

വീട്ടില്‍ മനുഷ്യരേക്കാള്‍ മൃഗങ്ങളുണ്ടായിരുന്നു
എങ്കിലും ആരുടേതുമല്ലാത്ത ഒന്നുമുണ്ടായിരുന്നില്ല
പൂച്ച അമ്മൂമ്മയുടേത്,ആട് അമ്മയുടേത്
പശു അച്ഛന്റേത്,പട്ടി അനുജത്തിയുടേത്.....

ഓരോ മുറിയും ആരുടേയെങ്കിലും....
ഓരോ സമയവും ആരുടേയെങ്കിലും...

അഞ്ചര അനുജത്തിക്കായിരുന്നു,പൂമൊട്ടുകള്‍* കാണാന്‍.
ആറുമണി അമ്മക്ക്,ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍.
ഏഴര അച്ഛനായിരുന്നു,വാര്‍ത്തകള്‍ കാണാന്‍.
പിന്നെയുള്ളതൊക്കെ ട്യൂഷന്‍ സാറിനും,
എന്റെ കക്ഷക്കുഴിയിലെ തൊലി പൊളിക്കാന്‍....

കോളേജില്‍ നിറയെ പെണ്‍കുട്ടികളായിരുന്നു.
എങ്കിലും ആരുടേതുമല്ലാത്ത ഒരുത്തിയുമുണ്ടായിരുന്നില്ല...
എല്ലാവളും ആരുടേതെങ്കിലും ആയിരുന്നു
ഓരോ മരച്ചുവടുകളും ഓരോരുത്തരുടേത്
ഓരോ കോവണിപ്പടവുകളും ഓരോരുത്തരുടേത്
‍ഓരോ ഊടുവഴികളും ഓരോരുത്തരുടേത്.....

കോടതിയില്‍ എണ്ണമറ്റ കേസുകളായിരുന്നു
എങ്കിലും ആരുടെതുമല്ലാത്ത ഒരു വഴക്ക്....
ആരുടെതുമല്ലാത്ത ഒരു വക്കാലത്ത്....
ആരുടേതുമല്ലാത്ത ഒരു കൊലപ്പുള്ളി....
ഇല്ല, ഈ ലോകത്ത് ആരുടേതുമല്ലാത്ത ഒന്നും!
ഉണ്ടാകും മുന്‍പേ ആരുടേതെങ്കിലും ആയിത്തീരുകയാണ് എല്ലാം....

ഇപ്പോള്‍ ചിലതെല്ലാം എനിക്കുസ്വന്തമായുണ്ട്...
എന്റെ ഭാര്യയുടെകയ്യില്‍ നിന്നും തട്ടിയെടുത്ത എന്റെ ഭാര്യ
എന്റെ മകന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത എന്റെ മകന്‍
എന്റെ കൂടെയുള്ളവരില്‍ നിന്നും തട്ടിയെടുത്ത എന്റെ കൂടെയുള്ളവര്‍...
എന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത ഞാന്‍...

ഇപ്പോള്‍ പലതും എനിക്കു സ്വന്തമായുണ്ട്....
എല്ലാം ആരുടേയോ ആയിരുന്നു.....
ഇപ്പോള്‍,ആരുടേയും അല്ലാത്ത ഒന്നുകൂടി
എന്റേതായുണ്ട്....
ഭയം.....
ആരോ തക്കം പാര്‍ത്തിരിപ്പാണ്.....
എന്റെ കയ്യില്‍ നിന്നും എല്ലാം തട്ടിയെടുക്കാന്‍.*പൂമൊട്ടുകള്‍:ദൂരദര്‍ശനില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്ള പരിപാടിയായിരുന്നു.

10 അഭിപ്രായങ്ങൾ:

 1. wow great thought mashey..

  template onnu matumo...clear avunnilla..

  മറുപടിഇല്ലാതാക്കൂ
 2. ആരും ആരുടെയും ആരുമല്ല!
  എല്ലാം ഒരിക്കല്‍ ഇട്ടെറിഞ്ഞു പോവണ്ടെ!
  ഒന്നും സംഭവിക്കില്ല..
  പേടിക്കാതിരിക്കൂ...:)

  മറുപടിഇല്ലാതാക്കൂ
 3. എന്റേതായെന്തുണ്ട് എന്നത് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.:)കല്യാണശേഷമെങ്കിലും എന്തെങ്കിലും ഉണ്ടെന്ന് മനസ്സിലായല്ലോ!
  98-ല്‍ പ്ലസ് ടു വില്‍ പഠിക്കുമ്പോളാണ് ഞാന്‍ ഇതിനെ പറ്റി ആദ്യമായി ഇങ്ങനെ ചിന്തിച്ചത്.
  “ആള്‍ക്കാരു ചൊല്ലുന്നെന്‍ നോട്ടം കള്ളന്റേതെന്‍
  കണ്ണുകള്‍ കള്ളക്കുറുക്കന്റേത്.
  പാവമാമെന്നോടെന്‍ കാമുകി ചൊല്ലുന്നു
  എന്മനം കാട്ടാളന്റേതാണെന്ന്.
  ആഹാരം ഭീമന്റേതാകാരം ഭ്രാന്തന്റേ-
  തെന്റേതായൊന്നുമെനിക്കില്ലെന്നോ!”

  മറുപടിഇല്ലാതാക്കൂ
 4. ആരോ തക്കം പാര്‍ത്തിരിപ്പാണ്.....
  എന്റെ കയ്യില്‍ നിന്നും എല്ലാം തട്ടിയെടുക്കാന്‍.

  ഇതാണ് അതിന്റെ കാമ്പ്. നല്ല വരികള്‍.

  മറുപടിഇല്ലാതാക്കൂ
 5. പ്രമോദ്,
  വരികള്‍ ഇഷ്ടമായി എന്നു പറയേണ്ട കാര്യമില്ല.എങ്കിലും അങ്ങനെ പറയിക്കാതെ വിടില്ല ആ വരികള്‍.
  എന്റേതായെന്തുണ്ട് എന്ന ചോദ്യത്തെക്കാള്‍ എന്നെ അതിശയപ്പെടുത്തിയത് എല്ലാം ആരുടേതെങ്കിലും ആണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.ആരുടേതുമല്ലാത്ത ഒരു നുള്ളുമണ്ണെങ്കിലും ഉണ്ടൊ ഈ വിശാലമായ ഭൂമിയില്‍.ഓരോ മരവും ഓരോ ജീവിയും എല്ലാം എല്ലാം ആരുടേതെങ്കിലും ആണ്.ആരുടേതുമല്ലാത്ത ഒന്നും നേടി സ്വസ്ഥമാകാന്‍ കഴിയില്ല ഒരു മനുഷ്യജന്മത്തിലും, അതാണ് കാതല്‍

  മനൂ,ടെമ്പ്ലേറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
  വാത്മീകി, ശരിയാണ് ഭയമാണ് കാമ്പ്.

  മറുപടിഇല്ലാതാക്കൂ
 6. " എല്ലാവരും ആരുടെയെങ്കിലുമായിരിക്കും.. അതു പോലെ തന്നെ ഒരാളുടെ മേല്‍ മുഴുവന്‍ അവകാശവും കല്‍പിക്കാന്‍ ആര്‍ക്കും അധികാരവുമില്ല.. ഈ ലോകത്ത്‌ നമുക്ക്‌ മാത്രം സ്വന്തമായുണ്ടെന്ന്‌ പറയാന്‍ മനസ്സ്‌ മാത്രമേയുള്ളൂ. എന്നാല്‍ നാം മറ്റാരെയെങ്കിലും ആഗ്രഹിക്കുമ്പോള്‍ സ്വന്തമായുള്ള മനസ്സും കൈമോശം വരുന്നു... അല്ലേ... ?"

  മറുപടിഇല്ലാതാക്കൂ
 7. നന്നായിട്ടുണ്ട്‌
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 8. ഒരു പഴയ സിനിമാ ഗാനം ഓര്‍ത്തു പോയി...
  "സ്വന്തമെന്ന പദത്തിനെന്തര്‍തം?""

  ചിലര്‍ പറയുന്നു നമുക്കു നമ്മുടെ മനസ്സു എങ്കിലും സ്വന്തമായി ഉണ്ടാകും എന്നു... ഉണ്ടോ?
  അതിലും നമുക്കു എന്തു അതികാരം? ഉണ്ടയിരുന്നെങ്കില്‍ നാം വിചാരിച്ചിടത്തു, വേണ്ടുംബൊലെ അതു നില്‍ക്കുകയും പെരുമാരുകയും ചെയ്യുമായിരുനു...
  അതിലും നമുക്കു ഒരു അതികാരവും ഇല്ല..ഒന്നും സ്വന്തമയി ഇല്ലാത്ത ഈ ലോകത്തേ ക്ഷണികമീ ജീവിതം..!!അതിനെ ഓര്‍മിപ്പിക്കാന്‍ പര്യപ്തമാവുന്ന വരികള്‍..

  മറുപടിഇല്ലാതാക്കൂ