5/11/07

ആമ്പ്ലേറ്റ്

തോട് പൊട്ടിച്ചപ്പോള്‍
ഒരു വഴുവഴുപ്പ്
ശപിച്ചുകൊണ്ടിടിഞ്ഞു ചാടി
തിന്നെടാ വയറാ നീ തിന്ന്...

ചട്ടി ചൂടായപ്പോഴും
കേട്ടു ആവിയായി
തീര്‍ന്നൊരു ജീവന്റെ
അകന്നു പോകുന്ന വിലാപം
തിന്നെടാ വയറാ നീ തിന്ന്
അധികം വേവിക്കാതെ തിന്ന്...

തീയിലിരിക്കുമ്പോഴേ
വായിലൂടെ എത്തിനോക്കി
വയര്‍ പറഞ്ഞു
മതിയെടാ വേവിച്ചത്
വിളമ്പു വേഗം....

വയറിനെ
കുടിച്ചിറക്കിക്കൊണ്ടു
വായ പറഞ്ഞു
പൊരിയെട്ടെടാ ഒന്നുകൂടി
അടങ്ങൊരല്‍പ്പം....

വിളമ്പിവച്ചപ്പോള്‍
ഉരുണ്ട ഭൂമിയുടെ
ബഹിരാകാശ ചിത്രം പൊലെ
പരന്ന വേദന ചോദിച്ചു
തിന്നുന്നതിനു മുന്‍പിങ്ങനെ
വേവിക്കുന്നതെന്തിനെടാ
പെരുവയറാ വേവിക്കുന്നതെന്തിന്...

14 അഭിപ്രായങ്ങൾ:

 1. സനാതനന്‍,
  നല്ല പ്രമേയം.

  കാലകത്തി,കണ്ണുതുറുപ്പിച്ച്
  വലിഞുമുറുകിയ മുഖത്തോടെ
  തള്ളക്കോഴി പിറുപിറുത്തു
  ഇങനെ വേദനിപ്പിയ്ക്കാതെ
  ചാടെടാ മൊട്ടെ, ചാട്
  ഉരുണ്ട ഭൂമിയിലേയ്ക്കെടുത്തു ചാട്..

  ഒരാദ്യപാര.. :)
  (തല്ലരുത്)

  മറുപടിഇല്ലാതാക്കൂ
 2. സുമേഷേ,
  ഇതു നിങ്ങളെഴുതിയതാണൊ
  വേറെ വല്ലോരുടെം കവിതയോ !

  മറുപടിഇല്ലാതാക്കൂ
 3. അപ്പൊ തല്ലുറപ്പ്..
  എന്റെ തന്നാ..
  ചുമ്മാ, ആ വരികളുടെ രീതി കണ്ടപ്പോള്‍...
  :)

  മറുപടിഇല്ലാതാക്കൂ
 4. തല്ലെന്തിനാ,
  ഞാന്‍ ഭയന്നു ഈ രീതിയില്‍ വേറെ വല്ല കവിതയും ഇതിനു മുന്‍പുണ്ടോ എന്ന്.
  നന്നായിട്ടുണ്ട് നിങളുടെ ഭാവന

  മറുപടിഇല്ലാതാക്കൂ
 5. ഹാവൂ.. ഇപ്പോഴാ ശ്വാസം നേരെ വീണത്! :) താങ്ക്സ്!

  മറുപടിഇല്ലാതാക്കൂ
 6. വേകിക്കാതെ - എന്നുള്ളത് ശരിയാണോ? വേവിക്കാതെ എന്നല്ലേ വരേണ്ടത്?

  മറുപടിഇല്ലാതാക്കൂ
 7. സനാതനാ,
  ജീവനെ ജീവന്‍ തന്നെ വേവിച്ചു തിന്നുന്നതിന്റെ വേദന. ഇനിയിപ്പോ ഓമ്ലേറ്റു കഴിയ്ക്കാനിരുന്നാല്‍ ഒരു കരച്ചില്‍ കേ‌ള്‍ക്കും ഞാന്‍. ഈ കവിതയുമോര്‍ക്കും. ഓര്‍ക്കാനാഗ്രഹിയ്ക്കാത്ത കാര്യങ്ങ‌ള്‍ വിളിച്ചുപറഞ്ഞ് സ്വസ്ഥതകെടുത്തും കവീ..
  താങ്ക‌ള്‍ ‍ഓമ്ലേറ്റു കഴിയ്ക്കാറുണ്ടോ ഇപ്പോ‌ള്‍?

  മറുപടിഇല്ലാതാക്കൂ
 8. വാത്മികീ,
  വായനയില്‍ സന്തോഷം,വേവിച്ചു എന്നും വേകിച്ചു എന്നും പറയാറുണ്ട്.എന്തായാലും തിരുത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 9. താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
  എം.കെ. ഹരികുമാര്‍

  മറുപടിഇല്ലാതാക്കൂ
 10. പ്രിയപ്പെട്ട ഹരികുമാര്‍,
  ചിലപ്പോഴെങ്കിലും ഞാന്‍ ഇങ്ങനെ ഒരു ധര്‍മ്മസങ്കടത്തില്‍ വീഴാറുണ്ട്.എന്തു പറയണം മറുപടി എന്നറിയാത്ത അവസ്ഥയില്‍.. അത്തരത്തില്‍ ഒന്നാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.

  ഇപ്പോഴേ താങ്കള്‍ എന്റെ ബ്ലോഗ് കണ്ടുള്ളുവോ എന്നു ചോദിച്ചാല്‍ അതില്‍ ഒരു മുനയുണ്ടെന്ന് ആള്‍ക്കാര്‍ കരുതും.സ്ഥിരമായി വായിക്കണ്ട എന്നു പറഞ്ഞാല്‍ അഹങ്കാരി എന്നും പറയും.
  നന്ദി പറഞ്ഞാല്‍ ഉപകാരസ്മരണയുടെ പഴയ പാരമ്പര്യം വിട്ടുപോയിട്ടില്ലെന്ന് ചിലര്‍ പറയും.
  അതുകൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല.

  എന്തായാലും ആ വിഷയമല്ലാതെ ചിലതു പറയണമെന്നുണ്ട്.

  1.ബ്ലോഗില്‍ അവനവന്‍ ആണ് എഡിറ്ററും പബ്ലിഷറും.അതുകൊണ്ട് ഒരാള്‍ എഴുതുന്ന നല്ലതും ചീത്തയുമായ ഒരുപാടു രചനകള്‍ അയാളുടെ ബ്ലോഗില്‍ കാണും.ഏതെങ്കിലും ഒരു രചന മുഖവിലക്കെടുത്ത് ആരെയും വര്‍ഗ്ഗീകരിക്കാന്‍ കഴിയുകയില്ല.ചെയ്യാവുന്നത് ഏത് രചനയെ ആണോ വിമര്‍ശിക്കുന്നത് ആ രചനയിലെ നല്ലതും ചീത്തയും ആയ വശങ്ങളെ വിമര്‍ശിക്കുകയാണ്.ഇനി ഒരാളെ വിലയിരുത്താന്‍ ശ്രമിക്കുന്നു എങ്കില്‍ അയാള്‍ എഴുതിയിട്ടുള്ളതില്‍ കുറേയെങ്കിലും വായിച്ചിട്ടും ചിന്തിച്ചിട്ടും ആവുന്നതാണ് നല്ലത്.

  2.ബ്ലോഗില്‍ ശ്രദ്ധിക്കപ്പെടേണ്ടതായ നിരവധി രചനകള്‍ വരുന്നുണ്ട്.കഥകളായാലും കവിതകളായാലും ലേഖനങ്ങളായാലും വിമര്‍ശനങ്ങളായാലും പ്രിന്റ് മീഡിയത്തോട് കിടപിടിക്കാവുന്നതോ ഒരു പടി മുന്നില്‍ നില്‍ക്കാവുന്നതോ ആയ ധാരാളം രചനകള്‍ മുന്‍‌വിധികളില്ലാതെ സമീപിച്ചാല്‍ താങ്കള്‍ക്ക് കണ്ടെത്താന്‍ കഴിയും.ഈ ബോധ്യമുള്ളതു കൊണ്ട് ചില രചയിതാക്കളും പ്രിന്റ് മീഡിയത്തെ ധിക്കാരപൂര്‍വ്വം സമീപിക്കുന്നതും കാണാം.(കൂഴൂര്‍ വിത്സന്റെ ഒരു കുറിപ്പ് താങ്കള്‍ വായിച്ചുനോക്കുക)
  അതുകൊണ്ട് ബ്ലോഗ് വിമര്‍ശനം ഗൌരവപൂര്‍ണ്ണമാക്കേണ്ടതുണ്ട്.

  3.ബ്ലോഗ് തികച്ചും ലൈവ് ആയ ഒരു മാധ്യമം ആണ്.ഇഷ്ടമുള്ള പ്രതികരണങ്ങള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാന്‍ അവിടെ പത്രാധിപരില്ല.ചിലപ്പോള്‍ ചൂടപ്പം പോലെ പ്രശംസകളും ആശ്ലേഷങ്ങളും കിട്ടുന്നതിനൊപ്പം
  നല്ല പച്ചത്തെറിയും കിട്ടിയെന്നിരിക്കും.ഇതെല്ലാം ഒരുപോലെ എടുത്തുകൊണ്ട് മാത്രമേ മുന്നോട്ടു പോകാനാകൂ.താങ്കള്‍ പ്രിന്റ് മീഡിയയില്‍ നിന്നു വരുന്നു എന്നുള്ള പരിഗണനയോടെ എല്ലാവരും വായിച്ചുകൊള്ളണമെന്നില്ല.ഇവിടെ വായനക്കാര്‍ ഒരല്‍പ്പം പോസിറ്റീവ് ആയ അഹങ്കാരത്തിലാണ് വര്‍ത്തിക്കുന്നത്.എഴുത്തുകാരന്‍ മാത്രമല്ല ഇവിടെ എഴുതുന്നത് എഴുത്തുകാരന്റെ ചുമരില്‍ സ്വന്തം പാടവം വായനക്കാരനും കാട്ടിക്കൂട്ടുന്നുണ്ട്.ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ക്രിയാത്മകമായി മുന്നോട്ടു പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  ഇതൊക്കെ പറയാന്‍ ഞാന്‍ ഈ മീഡിയത്തില്‍ ലബ്ധപ്രതിഷ്ടനായ ഒരാളല്ല,വെറും നാലോ അഞ്ചോ മാസമേ ആയിട്ടുള്ളു ഞാന്‍ ഇവിടെ വന്നിട്ട്.ഈ കാലത്തിനുള്ളില്‍ കണ്ടതും കേണ്ടതും കൊണ്ടതും കൊടുത്തതുമായ അറിവുകള്‍ വച്ചുകൊണ്ട് പറഞ്ഞതാണ്.

  താങ്കളുടെ സാന്നിദ്ധ്യത്തില്‍ സന്തോഷത്തോടെ
  സസ്നേഹം
  സനാതനന്‍

  മറുപടിഇല്ലാതാക്കൂ
 11. ഹരികുമാര്‍ ഒരുപാടു ബ്ലോഗുക‌ളില്‍ കോപ്പി പേസ്റ്റ് ചെയ്ത വിരസമായ ഒരു സന്ദേശമാണ് സനാതനാ താങ്ക‌ള്‍ വിശദമായി മുന്നറിയിപ്പു നല്‍കിയ ആ കമ‌ന്റ്. അതദ്ദേഹം വായിച്ചെങ്കില്‍... :)

  മറുപടിഇല്ലാതാക്കൂ